ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ഉയര്‍ന്ന പെന്‍ഷന്‍ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടി. അപേക്ഷകള്‍ക്കുള്ള അവസാന തീയതി ജൂണ്‍ 26 വരെയാണ് നീട്ടിയത്. അതേസമയം ഇതുവരെ 12 ലക്ഷത്തിലധികം അപേക്ഷകള്‍ ലഭിച്ചതായി തൊഴില്‍ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ഉയര്‍ന്ന പെന്‍ഷന്‍ തിരഞ്ഞെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ സൗകര്യം മെയ് 3 വരെയായിരുന്നു. ഇതിനിടയില്‍, സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി അപേക്ഷകള്‍ വിവിധ കോണുകളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഇത് പരിഗണിച്ച് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിനും യോഗ്യരായ എല്ലാ വ്യക്തികള്‍ക്കും അവരുടെ അപേക്ഷകള്‍ ഫയല്‍ ചെയ്യാന്‍ പ്രാപ്തരാക്കുന്നതിനുമായി, അപേക്ഷകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി ഇപ്പോള്‍ 2023 ജൂണ്‍ 26 വരെയാക്കിയതായും അധികൃതര്‍ പ്രസ്താവനയില്‍ പറയുന്നു.
പെന്‍ഷന്‍കാര്‍/അംഗങ്ങള്‍ എല്ലാവരും അഭിമുഖീകരിക്കുന്ന എല്ലാ ബുദ്ധിമുട്ടുകളും ലഘൂകരിക്കുന്നതിന്’ അവര്‍ക്ക് സുഗമമാക്കുന്നതിനും ധാരാളം അവസരങ്ങള്‍ നല്‍കുന്നതിനുമായി സമയപരിധി നീട്ടുന്നു. ജീവനക്കാരില്‍ നിന്നും തൊഴിലുടമകളില്‍ നിന്നും അവരുടെ അസോസിയേഷനുകളില്‍ നിന്നും ലഭിച്ച വിവിധ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിച്ചതിന് ശേഷമാണ് പുതിയ തീരുമാനം.
പോര്‍ട്ടലില്‍ ജോയിന്റ് ഓപ്ഷന്‍ സമര്‍പ്പിക്കുന്നതില്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പല ജീവനക്കാരും ആശങ്ക ഉന്നയിച്ചിരുന്നു. 2014 ലെ എംപ്ലോയീസ് പെന്‍ഷന്‍ (ഭേദഗതി) സ്‌കീമിലെ ഭേദഗതികള്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 4 ന് സുപ്രീം കോടതി ശരിവച്ചിരുന്നു, 2014 സെപ്റ്റംബര്‍ 1 വരെ നിലവിലുള്ള ഇപിഎസ് അംഗങ്ങളായ ജീവനക്കാര്‍ക്ക് 8.33 ശതമാനം വരെ സംഭാവന നല്‍കാനുള്ള മറ്റൊരു അവസരം കൂടി സൂചിപ്പിക്കുന്നു.