ന്യൂഡല്‍ഹി: ജമ്മു കശ്മിരില്‍ പുരോഗമിക്കുന്ന ഭാരത് ജോഡൊ യാത്രിയില്‍ രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ദേശിയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി. സുരക്ഷാ വീഴ്ച ആരോപിച്ച് ഇന്നലെ യാത്ര താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കേണ്ടി വന്നതിന് പിന്നാലെയാണ് ഖാര്‍ഗെയുടെ കത്ത്.
സുരക്ഷ വീഴ്ച മൂലമാണ് ഇന്നലെ ഭാരത് ജോഡൊ യാത്ര നിര്‍ത്തി വയ്ക്കേണ്ടി വന്നതെന്നാണ് രാഹുല്‍ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. പ്രധാന രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടുന്ന വലിയ ജനക്കൂട്ടത്തെയാണ് യാത്രയുടെ അവസാനം വരെ ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്, ഷായ്ക്ക് അയച്ച കത്തില്‍ ഖാര്‍ഗെ പറയുന്നു. കത്തിന്റെ പകര്‍പ്പ് ഖാര്‍ഗെ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.
ജമ്മു കശ്മീർ പോലീസിനെ പാർട്ടി അഭിനന്ദിക്കുന്നുവെന്നും യാത്ര അവസാനിക്കുന്നത് വരെ സമ്പൂർണ സുരക്ഷ ഉറപ്പാക്കുമെന്ന് പറഞ്ഞ അവരുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നുവെന്നും ഖാർഗെ പറഞ്ഞു.
ദിവസവും ഭാരത് ജോഡൊ യാത്രയില്‍ സാധരണക്കാരുടെ വലിയ ജനക്കൂട്ടമാണ് ഉണ്ടാകുന്നെതെന്നും കൃത്യമായൊരു സംഖ്യ പറയാന്‍ സാധിക്കില്ലെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. “അടുത്ത രണ്ട് ദിവസത്തെ യാത്രയിലും ജനുവരി 30-ന് ശ്രീനഗറിൽ നടക്കുന്ന ചടങ്ങിലും വലിയ ആള്‍ക്കൂട്ടത്തെയാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച നടക്കുന്ന സമാപന ചടങ്ങിൽ നിരവധി മുതിർന്ന കോൺഗ്രസ് നേതാക്കളും മറ്റ് പ്രധാന രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും പങ്കെടുക്കുന്നുണ്ട്,” ഖാര്‍ഗെ ചൂണ്ടിക്കാണിച്ചു.
“സുരക്ഷാ വിഷയത്തില്‍ വ്യക്തിപരമായി ഇടപെടാനും ജനുവരി 30-ന് ശ്രീനഗറില്‍ നടക്കുന്ന സമാപന ചടങ്ങില്‍ മതിയായ സുരക്ഷ ഒരുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദേശിക്കാനും നിങ്ങള്‍ക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” ഖാര്‍ഗെ കത്തില്‍ പറയുന്നു.
അവന്തിപോരയില്‍ നിന്ന് ഇന്ന് രാവിലെയാണ് രാഹുല്‍ ഗാന്ധി യാത്ര തുടര്‍ന്നത്. സുരക്ഷാവീഴ്ച ആരോപണത്തെ തുടര്‍ന്ന് ഇന്നലെ കേവലം ഒരു കിലോ മീറ്റര്‍ മാത്രമാണ് രാഹുലിന് നടക്കാനായത്.