ന്യൂഡൽഹി: രാജ്യത്തെവിടെയും കശ്മീരി ജനതയ്ക്ക് സുരക്ഷ ഉറപ്പു വരുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. രാജസ്ഥാനിലെ മേവാർ സർവകലാശാലയിൽ പഠിക്കുന്ന ആറു കശ്മീർ വിദ്യാർഥികൾക്കുനേരെ പ്രദേശവാസികളുടെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് കേന്ദ്ര മന്ത്രിയുടെ നിർദേശം. ”കശ്മീരി ജനങ്ങൾക്ക് എല്ലാ സംസ്ഥാനങ്ങളും സുരക്ഷ ഉറപ്പു വരുത്തണം. അവരും ഇന്ത്യൻ പൗരന്മാരാണ്. നമ്മുടെ കുടുംബത്തിലെ അംഗങ്ങളാണ് കശ്മീരികളും. ഇന്ത്യയുടെ വളർച്ചയ്ക്ക് കശ്മീരി യുവാക്കളും സംഭാവന നൽകുന്നുണ്ട്. അവരെ ലക്ഷ്യമിട്ട് ആക്രമിക്കുന്നവർക്കെതിരെ സംസ്ഥാനങ്ങൾ കർശന നടപടിയെടുക്കണം”- രാജ്നാഥ് സിങ് പറഞ്ഞു.

കശ്മീരിൽ ഇന്ത്യൻ സൈനികരെ യുവാക്കൾ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ രാജ്യത്തിന്റെ പലയിടത്തും കശ്മീരി ജനങ്ങൾക്കുനേരെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. സൈന്യത്തിനു നേരെ കല്ലെറിയുന്നവര്‍ എന്നാരോപിച്ച് രാജസ്ഥാനിലെ ചിത്തോര്‍ഗഡില്‍ കശ്‍മീരി വിദ്യാര്‍ഥികളെ പ്രദേശവാസികൾ മർദിച്ചു.

ഉത്തർപ്രദേശിലും കശ്മീരികൾക്കെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. കശ്മീരികൾക്ക് വിലക്ക് ഏർപ്പെടുത്തണമെന്നും അവർ ഉത്തർ പ്രദേശ് വിട്ടു പോകണമെന്നും ആവശ്യപ്പെട്ടുളള ബാനറുകൾ ഡൽഹി-ഡെറാഡൂൺ ഹൈവേകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മാത്രമല്ല ഏപ്രിൽ 30 നു മുൻപ് കശ്മീരികൾ യുപി വിട്ടുപോകണമെന്നാണ് നവ നിർമാൺ സേന ആവശ്യപ്പെട്ടിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ