ന്യൂഡല്‍ഹി: രാജ്യസഭയില്‍ പിന്നോക്കവിഭാഗ കമ്മിഷനുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി പരിഗണിക്കുന്നതിനിടയില്‍ അപ്രത്യക്ഷരായ ബിജെപി എംപിമാരോട് ഉറഞ്ഞുതുള്ളി അമിത് ഷാ. കോണ്‍ഗ്രസ് കൊണ്ടുവന്ന ഭേദഗതികളോടെയാണ് ബില്‍ പാസായത്. ഇത് ബിജെപിക്ക് തിരിച്ചടിയായ സാഹചര്യത്തിലാണ് അമിത് ഷാ എംപിമാര്‍ക്ക് താക്കീത് നല്‍കിയത്.

ജനങ്ങള്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്തത് അവരെ സഭയില്‍ പ്രതിനിധീകരിക്കാനാണ്. ഇത്തരം അപ്രത്യക്ഷമാകലുകള്‍ തെറ്റായ സന്ദേശം നല്‍കും. അമിത് ഷാ യോഗത്തില്‍ പറഞ്ഞു.

മന്ത്രിമാര്‍ ഉള്‍പ്പടെ 30 ഓളം എം.പിമാര്‍ കൂട്ടത്തോടെ സഭയില്‍ ഹാജരാകാതിരുന്നതാണ് ഭേദഗതി പാസാകുന്നതിന് ഇടവരുത്തിയത്. ബിജെപിയ്ക്ക് രാഷ്ട്രീയമായി തിരിച്ചടിയായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അമര്‍ഷം അറിയിച്ചിരുന്നു. ഒരാഴ്ച മുമ്പ് നടന്ന പാര്‍ട്ടി യോഗത്തില്‍ എംപിമാരോട് സഭയില്‍ ഹാജരാകുന്ന കാര്യത്തില്‍ വീഴ്ച വരുത്തരുതെന്ന് മോദി നിര്‍ദേശിച്ചതിന് പിന്നാലെയാണ് എംപിമാര്‍ വീണ്ടും കൂട്ടത്തോടെ അപ്രത്യക്ഷരായത്.

അംഗങ്ങള്‍ ഹാജരാകാതിരുന്നത് മൂലം തിങ്കളാഴ്ച അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്ല് പ്രതിപക്ഷം നിര്‍ദ്ദേശിച്ച ഭേദഗതികളോടെ പാസ്സാക്കേണ്ടിവന്നതില്‍ ബിജെപി അധ്യക്ഷന്‍ ഇതോടെ വിശദീകരണം തേടുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ