ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി കാരണം തൊഴില്‍ നഷ്ടം പെരുകുകയാണെന്ന റിപ്പോര്‍ട്ടുകളെ തള്ളി കേന്ദ്ര തൊഴില്‍ സഹമന്ത്രി സന്തോഷ്.കെ.ഗംഗ്വാര്‍. രാജ്യത്ത് ഒരു മേഖലയിലും തൊഴില്‍ നഷ്ടമില്ലെന്ന് അദ്ദേഹം പറഞ്ഞു.

തൊഴില്‍ വെട്ടിക്കുറക്കുന്നത് ഉത്തരേന്ത്യയില്‍ നിന്ന് വരുന്നവര്‍ക്ക് ഗുണമേന്മ ഇല്ലാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ബറേലിയില്‍ നടന്ന ഒരു ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്ത്യയില്‍ തൊഴില്‍ അവസരങ്ങളുടെ കുറവില്ല. റിക്രൂട്ട്മെന്റിന് വരുന്ന ഉത്തരേന്ത്യക്കാര്‍ കുറഞ്ഞ ഗുണമേന്മയുമായി ഉയര്‍ന്ന ജോലികള്‍ ചോദിക്കുകയാണെന്നാണ് മന്ത്രിയുടെ പ്രതികരണം.


മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. തൊഴിലില്ലായ്മയെ കുറിച്ചുള്ള ചോദ്യങ്ങളെ വഴി തിരിച്ചു വിടുകയാണെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

”ബഹുമാനപ്പെട്ട മിനിസ്റ്റര്‍, നിങ്ങളുടെ സര്‍ക്കാരാണ് അഞ്ച് വര്‍ഷം അധികാരത്തിലുണ്ടായിരുന്നത്. തൊഴിലവസരങ്ങളുണ്ടാക്കാനായില്ല. ജോലിയുള്ളവര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക മാന്ദ്യം കാരണം കൊള്ളയടിക്കപ്പെടുന്നു. തങ്ങള്‍ക്കായി സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുമെന്ന് യുവാക്കള്‍ പ്രതീക്ഷിക്കുന്നു. പക്ഷെ നിങ്ങള്‍ ഉത്തരേന്ത്യക്കാരെ അപമാനിച്ചു കൊണ്ട് ചോദ്യം വഴി തിരിച്ചു വിടുകയാണ്” എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.


പരാമര്‍ശം വിവാദമായതോടെ മന്ത്രി കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തി. പ്രത്യേക സാഹചര്യത്തിലാണ് അങ്ങനെ പറഞ്ഞത്. പ്രാവീണ്യമുള്ളവരുടെ കുറവുണ്ടെന്നാണ് ഉദ്ദേശിച്ചത്. അത് നികത്താനായാണ് യുവാക്കള്‍ക്ക് തൊഴില്‍ പ്രാവീണ്യം നല്‍കാനായി പ്രത്യേക മന്ത്രാലയം തുടങ്ങിയതെന്നും മന്ത്രി വിശദീകരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook