ന്യൂഡൽഹി: ഭീകരവാദത്തെ ഇനിയും സഹിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ ലക്ഷ്യംവച്ചുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്നും ഇനിയും അത് സഹിക്കാനാകില്ലെന്നും പ്രധാനമന്ത്രി ഗാസിയാബാദില്‍ പറഞ്ഞു. പുല്‍വാമ, ഉറി ഭീകരാക്രമണങ്ങള്‍ പോലെ ഇനിയും സഹിക്കാന്‍ രാജ്യത്തിന് സാധിക്കില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി ഭീകരവാദപ്രവര്‍ത്തനങ്ങളെ നിശിതമായി വിമര്‍ശിച്ചു. സിഐഎസ്എഫിന്റെ അമ്പതാമത് റൈസിംഗ് ഡേയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിഐഎസ്എഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. അയല്‍രാജ്യങ്ങളില്‍ നിന്ന് ശത്രുത നേരിടുമ്പോള്‍ സിഐഎസ്എഫ് പോലുള്ളവരുടെ സാന്നിധ്യം രാജ്യത്തിന് ആവശ്യമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി വിവിധ സന്ദര്‍ഭങ്ങളില്‍ സേന ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി അറിയിച്ചു.

അയല്‍രാജ്യം ശത്രുതാപരമായി പെരുമാറുന്നു. എന്നാല്‍, അവര്‍ക്ക് യുദ്ധം ചെയ്യാനുള്ള കഴിവില്ല. അവര്‍ ഭീകരരെ കൂട്ടുപിടിക്കുകയാണ് ചെയ്യുന്നത്. ഇത്തരം സന്ദര്‍ഭത്തില്‍ രാജ്യത്തിനും ജനങ്ങള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തുന്നത് വെല്ലുവിളിയാണെന്നും ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ