ന്യൂഡല്‍ഹി: അയോധ്യ ഭൂമിതര്‍ക്ക കേസിലെ വാദം കേള്‍ക്കല്‍ ഇന്ന് അവസാനിപ്പിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. ജസ്റ്റിസുമാരായ എസ്.എ.ബോബ്‌ഡെ, ഡി.വൈ.ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, എസ്.അബ്ദുള്‍ നസീര്‍ എന്നിവരാണ് ബഞ്ചിലെ മറ്റ് അംഗങ്ങള്‍.

ഇന്ന് വൈകീട്ട് അഞ്ചിനു വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കുമെന്ന് ചീഫ് ജസ്റ്റിസ് രാവിലെ പറഞ്ഞു. രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേസാണ് അയോധ്യ ഭൂമിതര്‍ക്ക വിഷയം. കേസില്‍ നവംബര്‍ 17 ന് വിധി പുറപ്പെടുവിക്കാനാണ് സാധ്യത. ഒക്ടോബര്‍ 17 ന് മുന്‍പ് തന്നെ എല്ലാ വാദങ്ങളും തീർക്കണമെന്ന് ഭരണഘടനാ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്നതിനു മുന്‍പ് വിധി പറയാനാണ് സാധ്യത.

Read Also: ബാബറി മസ്ജിദിന് മുന്‍പ് അയോധ്യയില്‍ ഹൈന്ദവ ആരാധനാലയം ഉണ്ടായിരുന്നു; വാദവുമായി അഭിഭാഷകന്‍

യുപിയിലെ സുന്നി വഖഫ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സാഫര്‍ അഹമ്മദ് ഫറൂഖിക്ക് മതിയായ സുരക്ഷയൊരുക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അയോധ്യ വിഷയവുമായി ബന്ധപ്പെട്ട് ജീവന് ഭീഷണിയുണ്ടെന്ന് സാഫര്‍ അഹമ്മദ് അഞ്ചംഗ ഭരണഘടനാ ബഞ്ചിനെ അറിയിച്ചിരുന്നു. ഇതേ ത്തുടര്‍ന്നാണ് സുരക്ഷയൊരുക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയത്.

രാമക്ഷേത്രവും ബാബരി മസ്ജിദുമായി ബന്ധപ്പെട്ട വിവാദ തർക്ക ഭൂമിയുള്ള അയോധ്യയിലും സമീപ പ്രദേശങ്ങളിലും ഡിസംബർ പത്ത് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ചയ്ക്കകം വാദം പൂർത്തിയാകുകയും നവംബർ 17നകം വിധി വരാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജില്ലാ മജിസ്ട്രേറ്റ് മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

അയോധ്യയുടെയും അവിടം സന്ദർശിക്കുന്നവരുടെയും സുരക്ഷ കണക്കിലെടുത്താണ് ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് ജില്ലാ മജിസ്ട്രേറ്റ് അനുജ് ഝാ പറഞ്ഞു. ഓഗസ്റ്റ് 31നാണ് അയോധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഒക്ടോബർ 12ന് പുറത്തിറക്കിയ പുതിയ ഉത്തരവിൽ അത് കൂടുതൽ കർശനമാക്കിയിരിക്കുകയാണ്. അയോധ്യയിലോ പരിസരത്തോ അനാവശ്യമായി ആളുകൾ കൂട്ടംകൂടി നിൽക്കുകയോ നിയമവിരുദ്ധമായ പ്രവൃത്തികൾ ചെയ്യുകയോ അരുതെന്ന് ഉത്തരവിൽ പറയുന്നു.

Read Also: ‘ഒന്നര ലക്ഷം കര്‍സേവകര്‍, 2300 കോണ്‍സ്റ്റബിളുമാര്‍, ഒരൊറ്റ പളളി’: ബാബറി മസ്ജിദ് നിലംപൊത്തിയത് ഇങ്ങനെ

ഓഗസ്റ്റ് ആറു മുതൽ സുപ്രീം കോടതി തുടർച്ചയായി അയോധ്യകേസിൽ വാദം കേൾക്കുകയാണ്. ഒക്റ്റോബർ18ന് ശേഷം വാദത്തിനായി ഒരു ദിവസം പോലും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വിരമിക്കുന്ന നവംബർ 17-നോടകം വിധി പുറപ്പെടുവിക്കാനാണ് സുപ്രീം കോടതി നീക്കം.

അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ വിവിധ കക്ഷികൾ സമർപ്പിച്ച ഹർജികളിലാണ് വാദം കേൾക്കുന്നത്. 2.77 ഏക്കർ തർക്ക ഭൂമി രാംലല്ല, നിർമോഹി അഖാര, സുന്നി വഖഫ് ബോർഡ് എന്നിവർക്ക് തുല്യമായി വീതിച്ചു നൽകണമെന്നായിരുന്നു ഹൈക്കോടതി വിധി. 2017ൽ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തലവനായ മൂന്നംഗ ബെഞ്ചാണ് വാദം കേൾക്കൽ ആരംഭിച്ചത്. ദീപക് മിശ്ര വിരമിച്ചശേഷം 2018 ഒക്റ്റോബർ 29 മുതൽ പുതിയ ബഞ്ചിന്റെ പരിഗണനയിലാണ് കേസ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook