വാഷിംഗ്ടണ്‍ ഡിസി: ആഗോള ജനതയുടെ നിലനിൽപ്പിനു തന്നെ വെല്ലുവിളിയായി മാറിയ കോവിഡ്-19 വൈറസിന്റെ ഉത്ഭവത്തിൽ ചൈനയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് വീണ്ടും അമേരിക്ക. ഈ മഹാമാരി വുഹാനിലെ ലാബില്‍ നിന്നാണ് പൊട്ടിപ്പുറപ്പെട്ടതെന്നതിന് നിരവധി തെളിവുകളുണ്ടെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു. എബിസി ചാനലിനു നല്‍കി അഭിമുഖത്തിലാണ് പോംപെയോ വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ചത്.

ആരോപണങ്ങൾ തെറ്റാണ് എന്ന് തെളിയിക്കാന്‍ ചൈന ഇതുവരെ ഒരു വസ്തുതയും മുന്നോട്ട് വച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തിനെതിരെ കൃത്യമായ അന്വേഷണം വേണം. ചൈനയുടെ ഭാഗത്ത് പിഴവുകളില്ലെങ്കില്‍ പിന്നെ എന്തിനാണ് അന്വേഷണങ്ങള്‍ക്ക് മുന്നില്‍ പ്രതിരോധക്കോട്ട തീര്‍ക്കുന്നതെന്നും പോംപെയോ ചോദിച്ചു.

വിഷയം ചൈന കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ച പോംപിയോ പക്ഷേ വൈറസ് മനപ്പൂര്‍വം പുറത്തുവിട്ടതാണോ എന്ന കാര്യത്തെക്കുറിച്ച് പറയാന്‍ വിസമ്മതിച്ചു.

Read More: കൊറോണയെ കുറിച്ച് പറയാമായിരുന്നു; ചൈന നിരാശപ്പെടുത്തിയെന്ന് ട്രംപ്

നേരത്തെ കോവിഡിന്റെ ഉറവിടം വുഹാനിലെ വൈറസ് പരീക്ഷണ ശാലയാണെന്ന ആരോപണം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉയര്‍ത്തിയിരുന്നു. കോവിഡ്-19 വ്യാപനത്തിൽ ചൈന ബോധപൂർവ്വം ഉത്തരവാദികളാണെങ്കിൽ അതിന്റെ പരിണിത ഫലങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

വൈറസ് വ്യാപനം ചൈനയില്‍ വച്ചുതന്നെ നിയന്ത്രിക്കാനാകുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇപ്പോള്‍ ലോകം മുഴുവന്‍ കോവിഡ് ദുരന്തം നേരിടേണ്ടി വരുന്നു. ചൈന വസ്തുതാപരമായ കണക്കുകള്‍ പങ്കുവച്ചിരുന്നുവെങ്കില്‍ നിരവധി രാജ്യങ്ങളിലെ മരണ നിരക്ക് കുറഞ്ഞേനെയെന്നും യുഎസ് പ്രസിഡന്റ് ആരോപിച്ചിരുന്നു.

വുഹാനിലെ വൈറസ് ലാബിന്റെ അന്വേഷണ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് അമേരിക്ക. അത് ലഭിച്ചതിനു ശേഷം കൂടുതല്‍ പ്രതികണങ്ങൾ ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു അബദ്ധം സംഭവിക്കുന്നതും മനഃപൂര്‍വം ഉണ്ടാക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. രണ്ടായാലും ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ചൈന അനുമതി നല്‍കണം. മോശമായത് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അവര്‍ക്കറിയാം. അതില്‍ അവര്‍ക്ക് ലജ്ജയുണ്ട്.

കോവിഡ് വ്യാപനത്തിന്റെ കാരണം അന്വേഷിക്കുകയാണെന്ന് ചൈന പറയുന്നു. അവരുടെ അന്വേഷണത്തില്‍ എന്ത് നടക്കുന്നുവെന്ന് നോക്കാം. തങ്ങള്‍ സ്വന്തം നിലയ്ക്കും അന്വേഷണം നടത്തുന്നുവെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

Read in English: ‘Significant’ evidence that coronavirus emerged from Wuhan lab: Mike Pompeo

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook