ന്യൂഡല്‍ഹി: ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ബാക്കിയാക്കിയ രോഗമാണ് ഇംഗ്ലീഷ് ഭാഷയെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഈ രോഗത്തില്‍ നിന്നും നാമോരുരുത്തരും സ്വയം മോചിതരാകണമെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ-ഭാഷാപരമായ ഒരുമയുടെ പ്രതീകം ഹിന്ദിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു
ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ഹിന്ദി ദിവസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി. 1949 സെപ്റ്റംബര്‍ 14 ന് ഇന്ത്യയുടെ ഭരണഘടനാ സമിതി ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിരുന്നു. അത് പൂര്‍ണമാക്കാന്‍ നമുക്ക് കഴിഞ്ഞോ എന്ന് പരിശോധിക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
സാധാരണയായി ഓരോ സംസ്ഥാനങ്ങിലും വെങ്കയ്യ നായിഡു ഇംഗ്ലീഷിലോ ഹിന്ദിയിലോ സംസാരിക്കുന്നതിന് മുമ്പ് അതാത് സംസ്ഥാനങ്ങളുടെ പ്രാദേശിക ഭാഷയിലാണ് പ്രസംഗം തുടങ്ങാറുള്ളത്. നമ്മുടെ മാതൃഭാഷയെ പ്രോത്സാഹിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും നമ്മുടെ വികാരങ്ങള്‍ മറ്റുള്ളവരിലേക്കെത്തിക്കാന്‍ ഏറ്റവും അനുയോജ്യം മാതൃഭാഷയാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
വിദേശികള്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ അവര്‍ അവരുടെ ഭാഷയിലാണ് സംസാരിച്ചത്. ഈ വികാരം നമുക്ക് തിരിച്ചറിയാന്‍ കഴിയണം. എല്ലാ ഇന്ത്യന്‍ ഭാഷകളും മികച്ചതാണ്. എല്ലാത്തിനും സമ്പന്നമായ സാഹിത്യവും, പദസമ്പത്തും, ഭാഷാ ശൈലിയുമുണ്ട്. എല്ലാ ഭാഷകളുടെയും മാതാവ് സംസ്‌കൃതമാണെന്നും വെങ്കയ്യ നായിഡു ഓര്‍മ്മിപ്പിച്ചു.