അഹമ്മദാബാദ്: നാളെ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, 4000 ത്തിലധികം വോട്ടിംഗ് മെഷീനുകളിലെ വിവരങ്ങൾ ബിജെപി ചോർത്തിയതായി ഹർദ്ദിക് പട്ടേൽ. സോഫ്റ്റുവെയർ എഞ്ചിനീയർമാരെ വാടകയ്ക്ക് എടുത്താണ് ബിജെപി ഇത് ചെയ്തതെന്നും ഹർദ്ദിക് പട്ടേൽ ട്വിറ്ററിൽ ആരോപിച്ചു.
അഹമ്മദാബാദിലെ ഐടി കമ്പനിയിൽ നിന്ന് 140 എഞ്ചിനീയർമാരെ ഇതിന് വേണ്ടി മാത്രമായി നിയോഗിച്ചു. 4000 വോട്ടിംഗ് മെഷീനുകൾ ചോർത്തി. വൈസ് നഗർ, രത്നാപൂർ, വാവ് എന്നിവിടങ്ങളിലടക്കം പട്ടേൽ സമുദായത്തിന് ഭൂരിപക്ഷമുള്ള പല മണ്ഡലങ്ങളിലുടെ ബിജെപി തിരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചതായി പട്ടിദാർ സമുദായ നേതാവ് ആരോപിച്ചു.
എടിഎം മെഷീനുകൾ ഹാക്ക് ചെയ്യാൻ സാധിക്കുന്ന കാലത്ത് വോട്ടിംഗ് മെഷീനുകൾ ചോർത്താൻ പറ്റിലെന്ന് പറയുന്നത് തെറ്റാണെന്ന് ഹർദ്ദിക് പട്ടേൽ പറഞ്ഞു. ഈ വിഷയത്തിൽ ജില്ല കളക്ടർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ഇദ്ദേഹത്തിന്റെ ആരോപണങ്ങൾ തള്ളി അഹമ്മദാബാദ് ജില്ല കളക്ടർ രംഗത്തെത്തിയിട്ടുണ്ട്.ആരോപണത്തിന് അടിസ്ഥാനമില്ലെന്നും വിശദീകരണം നൽകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.