നാഗ്പൂര്‍: മഹാരാഷ്ട്രയില്‍ 19കാരനായ എൻജിനീയറിങ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു,. ഞായറാഴ്ചയാണ് ഫാനിന്റെ സീലിങ്ങില്‍ തൂങ്ങിമരിച്ച നിലയില്‍ സൗരഭ് മഗ്പൂര്‍ക്കര്‍ എന്ന വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. സഹോദരിയുടെ ഷാളിലാണ് സൗരഭ് തൂങ്ങി മരിച്ചത്.

വീട്ടില്‍ നിന്നും സൗരഭിന്റെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന ഒരു വാഹനാപകടത്തിന്റെ ദൃക്സാക്ഷിയായിരുന്നു സൗരഭ്. ഈ സംഭവം വേട്ടയാടുന്നതില്‍ മനംമടുത്താണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തില്‍ മരിച്ച ‘ആണ്‍കുട്ടിയുടെ ആത്മാവ് എന്നെ മാടി വിളിക്കുന്നു’ എന്നാണ് സൗരഭ് ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരിക്കുന്നത്.

തന്നോട് ക്ഷമിക്കണമെന്ന് മാതാപിതാക്കളോട് സൗരഭ് ആത്മഹത്യാ കുറിപ്പില്‍ അപേക്ഷിക്കുന്നുണ്ട്. കൂടാതെ രക്ഷിതാക്കളെ നന്നായി നോക്കണമെന്ന് സഹോദരിയോടും സൗരഭ് ആവശ്യപ്പെടുന്നു. സൗരഭിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം അടക്കം ചെയ്തു. വാഹനാപകടത്തിന് ദൃക്സാക്ഷിയായ ശേഷം തന്റെ ജീവിതം തകിടം മറിഞ്ഞതായി കൗമാരക്കാരന്‍ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

താന്‍ കാണുന്ന വിചിത്രമായ കാഴ്ചകളെ കുറിച്ചും മറ്റുളളവര്‍ക്ക് കേള്‍ക്കാനാവാത്ത ശബ്ദങ്ങള്‍ കേള്‍ക്കുന്നതിനെ കുറിച്ചും 19കാരന്‍ പറയുന്നുണ്ട്. ഒരു ആണ്‍കുട്ടി അപകടത്തില്‍ പെട്ട് മരിക്കുന്നത് സൗരഭ് കഴിഞ്ഞ മാസം നേരില്‍ കണ്ടിരുന്നു. ഇതിന് ശേഷം സൗരഭിന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും കാര്യമായ മാറ്റമുണ്ടായതായി കുടുംബം വ്യക്തമാക്കി. ഇതിന് ശേഷം മറ്റൊരു അപകടത്തിനും സൗരഭ് സാക്ഷ്യം വഹിച്ചു. ഒരു സ്ത്രീയായിരുന്നു ഈ അപകടത്തില്‍ മരിച്ചത്.

ആദ്യത്തെ അപകടത്തിനും ഈ അപകടത്തിനും താന്‍ സാക്ഷ്യം വഹിച്ചതും വിദ്യാര്‍ത്ഥിയെ അലട്ടി. പെരുമാറ്റത്തിലുണ്ടായ സൗരഭിന്റെ മാറ്റത്തെ കുറിച്ച് വീട്ടുകാര്‍ ചോദിച്ചിരുന്നു, അന്ന് തനിക്ക് അപകടത്തില്‍ മരിച്ച ആണ്‍കുട്ടിയെ കാണാന്‍ കഴിയുന്നുണ്ടെന്നാണ് സൗരഭ് മറ്റുളളവരോട് പറഞ്ഞത്. ഒരു മാസം മുമ്പ് ഉമ്രര്‍ റോഡില്‍ തന്റെ മുമ്പില്‍ മരിച്ച ‘ആണ്‍കുട്ടിയുടെ ആത്മാവ് എന്നെ മാടിവിളിക്കുന്നു’ എന്നാണ് ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരിക്കുന്നത്.

ആണ്‍കുട്ടിയുടെ അപകടമരണത്തിന് ശേഷമാണ് യുവതി മരിക്കുന്നതിനും സൗരഭ് ദൃക്സാക്ഷിയായത്. ഇതിന് ശേഷം പെരുമാറ്റത്തില്‍ മാറ്റം വന്ന സൗരഭ് സെപ്റ്റംബറില്‍ തന്റെ ജന്മദിനം ഒരു അനാഥാലയത്തിലാണ് ആഘോഷിച്ചത്. സുഹൃത്തുക്കളെ കൂട്ടി അനാഥാലയത്തിലെത്തിയ സൗരഭ് ഇനി എല്ലാവരും ഇത്തരത്തില്‍ ജന്മദിനം ആഘോഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ‘എന്നേക്കാള്‍ സന്തോഷം ആവശ്യമുളളവരുണ്ട്. അവരോടൊത്താണ് ജന്മദിനം ആഘോഷിക്കേണ്ടത്,’ എന്നായിരുന്നു സൗരഭ് സുഹൃത്തുക്കളോട് പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook