തിരുനെല്‍വേലി: തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലെ ജില്ലാ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ തൊഴില്‍ അന്വേഷകരുടെ നീണ്ടൊരു നിരയാണ്. ജില്ലയിലെ റേഷന്‍കടകളിലാകെ ഉള്ള 117 ഒഴിവുകളില്‍ ജോലി അന്വേഷിച്ച് ബുധനാഴ്ച അവിടെ എത്തിയത് 18,200 പേരാണ്. പ്ലസ് ടു യോഗ്യത മാത്രം വേണ്ട ജോലിക്കായുള്ള അപേക്ഷകരില്‍ ഭൂരിപക്ഷവും എൻജിനീയറിങ് ബിരുദധാരികള്‍, ബിരുദാനന്തര ബിരുദധാരികള്‍, എം ഫില്ലുകാര്‍.
പ്രതിമാസം 5,000 രൂപ ശമ്പളമുള്ള ജോലിക്കായി എത്തിയിരിക്കുന്ന അഭ്യസ്തവിദ്യരുടെ നീണ്ടനിര അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ് എന്നാണ് ദ് ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
807 മുഴുവന്‍ സമയ റേഷന്‍കടകളും 374 പാര്‍ട്ട് ടൈം റേഷന്‍കടകളുമാണ് കോ ഓപ്പറേറ്റീവ് സൊസൈറ്റികളുടെ ജോയിന്‍റ് റജിസ്ട്രാര്‍ക്ക് കീഴിലായുള്ളത്. ഇതില്‍ 117 ഒഴിവുകള്‍ മാത്രമാണ് ഇപ്പോള്‍ നികത്തേണ്ടത്.
ലഭിച്ച 18,200 ആപ്ലിക്കേഷനുകളില്‍ 15,000 പേരെയാണ് അഭിമുഖത്തിനായി വിളിച്ചിട്ടുള്ളത്. ” ദിവസേന 1,500 പേരെ പരിഗണിച്ചുകൊണ്ട് പത്ത് തൊഴില്‍ ദിവസത്തിനുള്ളില്‍ അഭിമുഖം പൂര്‍ത്തിയാക്കും.” കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ഒരു ജീവനക്കാരന്‍ ദ് ഹിന്ദുവിനോട് പറഞ്ഞു.
Read More:ജോലി പ്യൂണിന്രേത്, യോഗത്യ അഞ്ചാം ക്ലാസ്, ആരൊക്കെയാണ് അപേക്ഷകർ
പ്ലസ് ടു മാത്രം വിദ്യാഭ്യാസയോഗ്യതയുള്ളവരോടൊപ്പം വരി നില്‍ക്കുന്നതില്‍ യാതൊരു മടിയുമില്ല എന്നാണ് ഉയര്‍ന്ന വിദ്യാഭ്യാസമുള്ള ചിലര്‍ പറഞ്ഞത്. ” ഞങ്ങളില്‍ മിക്കവാറുംപേര്‍ ഗ്രാമീണ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലേക്കുള്ള പരീക്ഷ പരാജയപ്പെട്ടവരാണ്. ഇതിലും മികച്ചത് എന്തെങ്കിലും ലഭിക്കുകയാണ് എങ്കില്‍ ഞങ്ങള്‍ ഇതുപേക്ഷിച്ച് മുന്നോട്ട് പോകും” അവര്‍ പറഞ്ഞു.