പാരീസ്​: എഞ്ചിൻ പൊട്ടിത്തെറിച്ചതിനെ തുടർന്ന്​ എയർ ഫ്രാൻസ്​ വിമാനം അടിയന്തിരമായി നിലത്തിറക്കി. 500 യാത്രക്കാരുമായി പാരീസിൽ നിന്ന്​ ലോസ്​ ആഞ്ചലസിലേക്ക്​ പറന്ന എയർ ഫ്രാൻസ്​ എ.380 വിമാനമാണ്​ കാനഡയിൽ അടിയന്തരമായി ഇറക്കിയത്​.

496 യാത്രക്കാരും 24 ജോലിക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. എഞ്ചിനുകളില്‍ ഒന്ന് പൊട്ടിത്തെറിച്ചതാണ് വിമാനം നിലത്തിറക്കാന്‍ കാരണമായത്.

“വലിയൊരു ശബ്ദം കേട്ടു. പിന്നീട് ക്യാബിന്‍ ശക്തമായി ഇളകാന്‍ തുടങ്ങി. ആരോ ഉറക്കെ കരയുന്നതും കേട്ടു. എന്തോ എവിടെയോ സംഭവിക്കുന്നുണ്ടെന്ന് അപ്പോള്‍ മനസ്സിലായി. പിന്നീട് ജീവനക്കാര്‍ വളരെ പെട്ടെന്ന് കടന്നുവരുന്നതാണ് കണ്ടത്. ഒപ്പം എഞ്ചിനുകളില്‍ ഒന്ന് പൊട്ടിത്തെറിച്ചതായി കാപ്റ്റനില്‍നിന്ന് അറിയിപ്പു ലഭിക്കുകയും ചെയ്തു’ യാത്രക്കാരിയായ സാറാ എമിഗ് സിബിസി ന്യൂസിനോട് പറഞ്ഞു.

കിഴക്കന്‍ കാനഡയിലെ സൈനിക വിമാനത്താവളമായ ഗൂസ് ബേയിലാണ് വിമാനം അടിയന്തരമായി ഇറക്കിയത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് എയര്‍ ഫ്രാന്‍സ് വക്താക്കള്‍ അറിയിച്ചു. എന്താണ് വിമാനത്തിന്റെ എഞ്ചിന് സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ