ജമ്മു/മുംബൈ: ജമ്മുകശ്മീരിൽ തീവ്രവാദികള്‍ക്കെതിരായ സുരക്ഷാ സേനയുടെ ഓപ്പറേഷന് ഏഴാം ദിവസത്തിലേക്കു കടന്നു. അതിര്‍ത്തി ജില്ലകളായ പൂഞ്ചിലെയും രജൗരിയിലെയും മെന്ധര്-ദെഹ്റ കി ഗാലി-തനാമണ്ടി, ഭീംബര്‍ ഗാലി എന്നിവയ്ക്കിടയിലുള്ള ഇടതൂര്‍ന്ന വനങ്ങളിലാണ് ഏറ്റുമുട്ടല്‍. അതിനിടെ ഭട്ട ദുരിയനില്നിന്ന് നാല്‍പ്പത്തിയഞ്ചുകാരിയും മകനും ഉള്‍പ്പെടെ മൂന്നു പേരെ ജമ്മു കശ്മീര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
രണ്ടര മാസം മുമ്പ് പാക് അധീന കശ്മീരില്‍നിന്ന് വന്നതായി കരുതപ്പെടുന്ന തീവ്രവാദികള്‍ക്കു സഹായം നല്‍കിയെന്ന സംശയത്തെത്തുടര്‍ന്ന് ചോദ്യം ചെയ്യലിനുവേണ്ടിയാണു മൂന്നു പേരെ കസ്റ്റഡിയിലെടുത്തത്.
ഭൂരിഭാഗം വരുന്ന മുസ്ലിം ജനതയ്ക്കൊപ്പം ഗജ്ജര്‍, ബക്കര്‍വാള്‍ വിഭാഗങ്ങളും ഗണ്യമായുള്ള ഈ ജില്ലകളില്‍ പ്രാദേശിക ജനവിഭാഗങ്ങളില്‍നിന്ന് തീവ്രവാദികള്‍ക്കു സാധാരണ പിന്തുണ ലഭിക്കില്ല. ഹിന്ദു വിഭാഗത്തില്‍പ്പെട്ട ധാരാളം പേരും ഈ പ്രദേശത്ത് താമസിക്കുന്നു. പ്രത്യേകിച്ച് 1947 ല്‍ പാക് അധീന കശ്മീരില്‍നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവര്‍.
അതേസമയം, വ്യക്തികളോ കുടുംബമോ തീവ്രവാദികളെ സഹായിക്കുന്ന അപൂര്‍വ സംഭവങ്ങള്‍ തള്ളിക്കളയാനാവില്ലെന്നു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. ഞായറാഴ്ച കസ്റ്റഡിയിലെടുത്തവര്‍ തീവ്രവാദികള്‍ക്ക് സ്വമേധയാ അല്ലെങ്കില്‍ നിര്‍ബന്ധിതമായി ഭക്ഷ്യവസ്തുക്കളും ലോജിസ്റ്റിക് പിന്തുണയും നല്‍കിയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് വൃത്തങ്ങള്‍ പറഞ്ഞു.
വന്‍തോതില്‍ ആയുധങ്ങള്‍ കൈവശമുള്ള ആറ് മുതല്‍ എട്ടു വരെ തീവ്രവാദികളുണ്ടെന്നാണ് കരുതപ്പെടുന്നത്. സുരക്ഷാസേന ശനിയാഴ്ച രാത്രി മുഴുവന്‍ ശക്തമായ ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ടു. ഞായറാഴ്ചയും ഏകദേശം ഒരു മണിക്കൂറോളം വെടിവയ്പ് തുടര്‍ന്നു.
Also Read: രാജ്യത്ത് 13,596 പേര്‍ക്ക് കോവിഡ്; രോഗമുക്തി നിരക്ക് ഉയരുന്നു
ഇടതൂര്‍ന്ന വനവും ദുര്‍ഘടമായ ഭൂപ്രദേശവും സൈന്യത്തിന്റെ മുന്നേറ്റത്തിനു തടസമാകുന്നതായി വൃത്തങ്ങള്‍ പറഞ്ഞു. കരസേനയുടെ പാരാ കമാന്‍ഡോകള്‍ ഓപ്പറേഷന് പങ്കുചേര്‍ന്നിട്ടുണ്ടെന്നും നിരീക്ഷണത്തിനായി ഡ്രോണുകളും ഹെലികോപ്റ്ററും ഉപയോഗിക്കുന്നുണ്ടെന്നും വൃത്തങ്ങള്‍ പറഞ്ഞു.
ഭട്ട ദുരിയനിലെ നിലവിലെ ഓപറേഷന് മേഖല, നിയന്ത്രണരേഖയ്ക്ക് 10 കിലോ മീറ്ററില്‍ ഉള്ളില്‍ ഒരു ചതുരശ്ര കിലോമീറ്ററില്‍ താഴെവരുന്ന ഇടതൂര്‍ന്ന പൈന്‍ വനമേഖലയാണ്. പ്രദേശത്തിന്റെ ഒരു വശം അരുവിയിലേക്കു കുത്തനെയുള്ള ഇറക്കമാണ്. ഇവിടെ കരസേനയുടെ പതിവ് സാന്നിധ്യം കുറവാണ്. ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസര്‍ (ജെസിഒ) ഉള്‍പ്പെടെ നാല് സൈനികര്‍ വ്യാഴാഴ്ച ഏറ്റുമുട്ടലില്‍ മരിച്ചത് ഇവിടെയാണ്.
പ്രദേശത്തിന്റെ ഘടന കാരണം ഭീകരര്‍ മുന്‍തൂക്കം ലഭിച്ചതായി െൈസനിക വൃത്തങ്ങള്‍ പറഞ്ഞു. സൈനികര്‍ക്ക് കാട്ടില്‍ ഒളിച്ചിരിക്കുന്ന തീവ്രവാദികളെയോ അവര്‍ ഒളിച്ചിരിക്കുന്ന സ്ഥലങ്ങളെയോ കണ്ടെത്താനായിട്ടില്ലെന്നും വൃത്തങ്ങള്‍ പറഞ്ഞു.