ശ്രീനഗർ: ജമ്മു കശ്മീരിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ നാല് സൈനികർ കൊല്ലപ്പെട്ടു. വടക്കൻ കശ്മീരിലെ കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയിലൂടെ തീവ്രവാദികൾ നുഴഞ്ഞുകയറാൻ ശ്രമിച്ചതിനെത്തുടർന്നാണ് ഞായറാഴ്ച രാവിലെ ഏറ്റുമുട്ടലുണ്ടായത്. മൂന്ന് സൈനികർക്കും ഒരു ബിഎസ്എഫ് ജവാനുമാണ് ഏറ്റുമുട്ടലിൽ ജീവൻ നഷ്ടമായത്. മൂന്ന് ഭീകരവാദികളെയും സുരക്ഷ സേന കൊലപ്പെടുത്തിയതായി പ്രതിരോധ വക്താവ് അറിയിച്ചു.
പുലർച്ചെ ഒരു മണിയോടെയാണ് നിയന്ത്രണ രേഖയുടെ മൂന്ന് കിലോമീറ്റർ അടുത്ത് ഭീകരവാദികളുടെ സാനിധ്യം ബിഎസ്എഫ് പട്രോളിങ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഏറ്റുമുട്ടലിലേക്ക് നീങ്ങുകയായിരുന്നെന്നും വക്താവ് വ്യക്തമാക്കി. ആര്‍മി ക്യാപ്റ്റനും രണ്ട് സൈനിക ഓഫീസര്‍മാരും ഒരു ബിഎസ്എഫ് ജവാനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
നാല് മണിയോടെ വെടിവയ്പ്പ് നിന്നെങ്കിലും 10.20 ഓടുകൂടി നിയന്ത്രണ രേഖയ്ക്ക് 1.5 കിലോമീറ്റർ അടുത്ത് വരെയെത്തിയ ഭീകരവാദികൾ വെടിവയ്പ്പ് തുടരുകയായിരുന്നു. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് പരുക്ക് പറ്റിയിട്ടുണ്ട്. ഇവരെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.