ജന പ്രാതിനിധ്യ പ്രവർത്തനങ്ങളിൽ താത്പര്യം കുറഞ്ഞ് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നൂറ് ദിവസമെങ്കിലും പാർലമെന്റ് സമ്മേളിക്കുന്ന വിധത്തിൽ നിയമ ഭേദഗതി വേണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് വർഷങ്ങളിലും പാർലമെന്റിന്റെ ഇരുസഭകളും 60-70 ദിവസം മാത്രമാണ് യോഗം ചേർന്നതെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

“നൂറ് ദിവസം പാർലമെന്റ് സമ്മേളിക്കണമെന്ന് നിയമം ഭേദഗതി ചെയ്താൽ മാത്രമേ ഇരുസഭകളും നല്ല രീതിയിൽ പ്രവർത്തിക്കൂ. സഭാപ്രവർത്തനങ്ങളോട് വർദ്ധിച്ച് വരുന്ന താത്പര്യക്കുറവും അവഗണനയും കുറയ്ക്കാൻ ഇതിലൂടെ മാത്രമേ സാധിക്കൂ”, യെച്ചൂരി വ്യക്തമാക്കി.

സഖാവ് ശെലേന്ദ്ര ഷെല്ലി സ്മാരക പ്രഭാഷണം നടത്തുമ്പോഴാണ് യെച്ചൂരി ഇക്കാര്യങ്ങൾ പറഞ്ഞത്. ബ്രിട്ടീഷ് പാർലമെന്റ് 200 ദിവസമാണ് സഭ സമ്മേളിക്കുന്നതെന്നും അദ്ദേഹം ഉദാഹരിച്ചു.

സർക്കാർ സ്വീകരിക്കുന്ന നയങ്ങളോടും ചട്ടങ്ങളോടും പദ്ധതികളോടും കൂടുതൽ അംഗങ്ങൾക്ക് ചർച്ച ചെയ്യാനും വിശകലനം ചെയ്യാനുമുള്ള സാഹചര്യം ഇതിലൂടെ ഉരുത്തിരിയുമെന്ന് യെച്ചൂരി വിശദീകരിച്ചു.

മോദി സർക്കാരിന്റെ സാമ്പത്തിക പരിഷ്കാരങ്ങളാണ് രാജ്യത്ത് പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം വർദ്ധിപ്പിച്ചതെന്ന് യെച്ചൂരി കുറ്റപ്പെടുത്തി. മോദി സർക്കാർ തങ്ങളുടെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആറ് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ട സമയത്ത് കണക്കുകൾ സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകളാണ് ചൂണ്ടിക്കാട്ടുന്നതെന്ന് യെച്ചൂരി വിമർശിച്ചു.

കർഷകർ ദുിത ജീവിതം നയിക്കുകയും ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ മുതലാളി വർഗ്ഗത്തിന്റെ കടങ്ങൾ എഴുതി തള്ളുകയാണെന്നും യെച്ചൂരി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook