ബംഗളൂരു: സംസ്​ഥാന തെരഞ്ഞെടുപ്പിന്​ മുന്നോടിയായി കർണാടകയിൽ ബി.ജെ.പി നടത്തുന്ന നവ കർണാടക നിർമാൺ പരിവർത്തന യാത്രയുടെ ഉദ്ഘാടന ചടങ്ങ് പ്രവര്‍ത്തകരുടെ ദൗര്‍ലഭ്യം കൊണ്ട് ശ്രദ്ധേയമായി. അമിത് ഷാ അടക്കമുളള ദേശീയ നേതാക്കള്‍ക്കും ദേശീയ മാധ്യമങ്ങള്‍ക്കും മുമ്പില്‍ പ്രവര്‍ത്തകരെ എത്തിക്കാന്‍ ഇടവിട്ട് ഇടവിട്ട് ബിജെപി നേതാക്കള്‍ മൈക്കിലൂടെ അനൗന്‍സ് ചെയ്തെങ്കിലും കസേരകള്‍ ഒഴിഞ്ഞു കിടന്നു.

ബംഗളൂരു അന്താരാഷ്ട്ര പ്രദര്‍ശന കേന്ദ്രത്തില്‍ ഒരു ലക്ഷം പേര്‍ക്ക് ഇരിക്കാനുളള സൗകര്യമാണ് ഒരുക്കിയിരുന്നത്. എന്നാല്‍ വെറും ഇരുപതിനായിരത്തോളം പേര്‍ മാത്രമാണ് പങ്കെടുത്തത്. എന്നാല്‍ സിദ്ദരാമയ്യ സര്‍ക്കാര്‍ ബൈക്ക് റാലിക്ക് വിലക്ക് ഏര്‍പ്പെടുത്തിയതാണ് പ്രവര്‍ത്തകരുടെ പങ്കാളിത്തം കുറയാന്‍ കാരണമെന്ന് പറഞ്ഞ് മുഖം രക്ഷിക്കാനാണ് കര്‍ണാടകാ ബിജെപി നേതൃത്വം ശ്രമിച്ചത്. മറ്റ് ജില്ലകളില്‍ നിന്നും നിരവധി പ്രവര്‍ത്തകര്‍  ബൈക്കില്‍ വന്നുവെന്നും എന്നാല്‍ പൊലീസ് തടയുകയായിരുന്നുവെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ യെദ്യൂരപ്പ അമിത് ഷായെ ധരിപ്പിച്ചു. എന്നാല്‍ അമിത് ഷാ അതൃപ്തി മറച്ചുവെച്ചില്ല. ‘സഹോദരങ്ങളെ, കര്‍ണാടകയ്ക്ക് ഇത്ര ചെറിയ ശബ്ദം മാത്രമാണോ ഉളളത്. യെദ്യൂരപ്പ ഇവിടെ പരിവര്‍ത്തന്‍ യാത്രയാണ് തുടങ്ങുന്നത്’, അമിത് ഷാ മൈക്കിലൂടെ ഉറക്കെ പറഞ്ഞു.

എന്നാല്‍ അമിത് ഷാ വരാന്‍ താമസിച്ചതാണ് പ്രശ്നം സൃഷ്ടിച്ചതെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ പക്ഷം. രാവിലെ 9 മണിക്ക് വരാമെന്നാണ് തങ്ങളെ അറിയിച്ചതെന്നും ഉച്ചയ്ക്ക് 1 മണിക്ക് മാത്രമാണ് അദ്ദേഹം എത്തിയതെന്നും പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് പാര്‍ട്ടി നേതൃത്വം അറിയിപ്പ് ഒന്നും തന്നില്ലെന്നും ഇവര്‍ പരാതിപ്പെട്ടു. ആദ്യ ദിവസത്തെ തിരിച്ചടിക്ക് പിന്നാലെ യാത്രയുടെ ഉത്തരവാദിത്വം ബിജെപി എംഎല്‍എ ആര്‍ അശോകയ്ക്ക് കൈമാറിയെന്നാണ് വിവരം.

​ യെദിയൂരപ്പയുടെ നേതൃത്വത്തിൽ നടക്കുന്ന യാത്ര ​75 ദിവസംകൊണ്ട്​ 7500 കി.മീറ്റർ സഞ്ചരിച്ച്​ സംസ്​ഥാനത്തെ 224 നിയമസഭ മണ്ഡലങ്ങളിലും പര്യടനം നടത്തും. അതേസമയം, നവംബർ 10ന്​ ടിപ്പു ജയന്തി ആഘോഷങ്ങൾ നടക്കുന്നതിനാൽ ബി.ജെ.പി യാത്രക്ക്​ കുടക്​ ജില്ലയിൽ പ്രവേശനാനുമതി നൽകിയിട്ടില്ല. ബി.ജെ.പിയുടെ സിറ്റിങ്​ സീറ്റുകളായ മടിക്കേരിയും വീരാജ്​പേട്ടയും കുടകിലാണുള്ളത്​. കുടക്​^ മൈസൂരു ലോക്​സഭ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നതും ബി.ജെ.പിയാണ്​. കഴിഞ്ഞവർഷം ടിപ്പു ജയന്തി ആഘോഷസമയത്ത്​ ഇവിടെ അനിഷ്​ടസംഭവങ്ങൾ അരങ്ങേറിയിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്താണ്​ പരിവർത്തന യാത്രക്ക്​ ജില്ല കലക്​ടർ ഇത്തവണ അനുമതി നിഷേധിച്ചത്​.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ