ലക്സംബർഗ് : യൂറോപ്യൻ യൂണിയനിലെ അംഗ രാജ്യങ്ങളിലെ തൊഴിൽ ദാതാക്കൾക്ക് ജീവനക്കാരികളായ മുസ്ലിം സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് വിലക്കാൻ അനുമതി. പ്രത്യക്ഷ മത അടയാളങ്ങൾ ധരിക്കുന്നതിനെയാണ് യൂറോപ്യൻ യൂണിയനിലെ ഉന്നത കോടതി മാറ്റം വരുത്തിയിരിക്കുന്നത്. ഹോളണ്ടിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കുടിയേറ്റം പ്രധാന വിഷയമായി ഉയർത്തിക്കാട്ടുന്ന സാഹചര്യത്തിലാണ് ഫ്രാൻസിലെയും ബെൽജിയത്തിലെയും രണ്ട് സ്ത്രീകൾ നൽകിയ പരാതിയിൽ കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
ഹിജാബ് ധരിക്കരുതെന്ന നിർദ്ദേശം അംഗീകരിക്കാൻ വിസമ്മതിച്ചതിന് തൊഴിലിൽ നിന്നും പുറത്താക്കപ്പെട്ടവരാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ഈ രണ്ട് പരാതികളും ഒരുമിച്ച് പരിഗണിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
“രാഷ്ട്രീയപരമോ, മതപരമോ, തത്വചിന്താ പരമോ ആയ അടയാളങ്ങൾ സ്ഥാപനത്തിനകത്ത് വിലക്കുന്ന ആഭ്യന്തര നിയമങ്ങളെ നേരിട്ടുള്ള വിഭാഗീയതയായി കാണാനാവില്ലെന്നാണ്” കോടതി നിരീക്ഷിച്ചിരിക്കുന്നത്.
അതേസമയം ഇത്തരത്തിൽ ആഭ്യന്തര നിയമങ്ങൾ ഇല്ലാത്ത സ്ഥാപനത്തിലും, ഉപഭോക്താവിന്റെ ആവശ്യം പരിഗണിച്ച്, തൊഴിലാളിയോട് തൊഴിൽ ദാതാവ് ഹിജാബ് ധരിക്കരുതെന്ന് ആവശ്യപ്പെടുന്ന സാഹചര്യം വിവേചനമായി കാണാനാവില്ലെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്. ഹിജാബ് ധരിക്കുന്നത് തൊഴിൽപരമായ ആവശ്യമായി കാണാനാകില്ലെന്നാണ് കോടതിയുടെ വാദം.