scorecardresearch

Latest News

ഇമ്മാനുവൽ മാക്രോൺ വീണ്ടും ഫ്രഞ്ച് പ്രസിഡന്റ്

തീവ്ര വലതുപക്ഷ സ്ഥാനാർത്ഥി മറൈൻ ലെ പെന്നിനെ പരാജയപ്പെടുത്തിയാണ് മാക്രോൺ വീണ്ടും അധികാരത്തിലെത്തിയത്

Emmanuel Macron
Photo: Twitter/ Emmanuel Macron

പാരീസ്: ഇമ്മാനുവൽ മാക്രോൺ വീണ്ടും ഫ്രഞ്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. തീവ്ര വലതുപക്ഷ സ്ഥാനാർത്ഥി മറൈൻ ലെ പെന്നിനെ പരാജയപ്പെടുത്തിയാണ് മാക്രോൺ വീണ്ടും അധികാരത്തിലെത്തിയത്. 58.2 ശതമാനം വോട്ടുകൾ നേടിയാണ് ജയം.

ലെ പെന്നിനെ മാറ്റിനിർത്താൻ വേണ്ടി മാത്രമാണ് പലരും തനിക്ക് വോട്ട് ചെയ്തതെന്നും ഫ്രാൻസിലെ ജീവിതനിലവാരം ഇടിയുകയാണെന്ന ഫ്രഞ്ചുകാരുടെയും ആശങ്കകളെ അഭിസംബോധന ചെയ്യുമെന്നും വിജയത്തിന് പിന്നാലെ മാക്രോൺ പറഞ്ഞു.

ഫ്രാൻസിലെ ആരെയും വഴിയിൽ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങൾക്ക് നൽകിയ സന്ദേശത്തിൽ പറഞ്ഞു.

കോവിഡ് മഹാമാരിയും യുക്രൈൻ യുദ്ധം മൂലം വർദ്ധിച്ചുവരുന്ന ഊർജ്ജ വിലയും രാജ്യത്തിനെ വലിയ സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക് നയിച്ചിരുന്നു. ഇത് തന്നെയാണ് പ്രചാരണത്തിൽ മുഴച്ചു നിന്നത്. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് രാജ്യത്തെ ഏറ്റവും ദരിദ്രരായവരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ മക്രോണിന് മുന്നിൽ വലിയ വെല്ലുവിളികളാണ് ഉള്ളതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

അതേസമയം, പ്രചാരണത്തിന്റെ ഒരു ഘട്ടത്തിൽ, അഭിപ്രായ വോട്ടെടുപ്പുകളിൽ ഏതാനും പോയിന്റുകൾക്ക് മാക്രോണിനെ പിന്നിലാക്കിയിരുന്ന ലെ പെൻ, തിരഞ്ഞെടുപ്പിൽ വേഗം തോൽവി സമ്മതിക്കുകയായിരുന്നു.

എന്നാൽ ജൂണിൽ നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ പോരാട്ടം തുടരുമെന്ന് അവർ പ്രതികരിച്ചു. താൻ ഒരിക്കലും ഫ്രാൻസുകാരെ ഉപേക്ഷിക്കില്ലെന്ന് തോൽവിക്ക് പിന്നാലെ അവർ പറഞ്ഞു. 41.8 ശതമാനം വോട്ടുകളാണ് ലെ പെൻ നേടിയത്.

വിജയത്തിന് പിന്നാലെ നിരവധി ലോകനേതാക്കൾ മക്രോണിന് അഭിനന്ദനവുമായി രംഗത്തെത്തി. ബെർലിൻ, ബ്രസൽസ്, ലണ്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കൾ തീവ്ര വലതുപക്ഷക്കാരിയായ മറൈൻ ലെ പെന്നിന്റെ പരാജയത്തെ സ്വാഗതം ചെയ്തു.

Also Read: Russia-Ukraine War News: ഒ‍ഡേസയില്‍ മിസൈല്‍ ആക്രമണം; അഞ്ചു സാധാരണക്കാര്‍ കൊല്ലപ്പെട്ടു

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Emmanuel macron wins france election