ന്യൂഡൽഹി: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ തീരുമാനം തെറ്റായിരുന്നെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അമേരിക്കയിലെ കോർൺവെൽ സർവകലാശാല സംഘടിപ്പിച്ച വെബിനാറിൽ സംസരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
രാജ്യത്തിന്റെ സ്ഥാപന ചട്ടക്കൂട് പിടിച്ചെടുക്കാൻ കോൺഗ്രസ് ഒരു ഘട്ടത്തിലും ശ്രമിച്ചില്ല എന്നതുകൊണ്ട് തന്നെ ഇത് നിലവിലെ സാഹചര്യങ്ങളിൽ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമായിരുന്നുവെന്നും രാഹുൽ പറഞ്ഞു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായിരുന്നെന്ന് ഇന്ദിരാ ഗാന്ധി മനസിലാക്കിയിരുന്നെന്നും അത് തുറന്ന് സമ്മതിച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.
അടിയന്തരാവസ്ഥയുടെ പേരിൽ കോൺഗ്രസിനെ ബിജെപി തുടർച്ചയായി ആക്രമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ തുറന്നുപറച്ചിൽ. ഇന്ത്യയുടെ സ്ഥാപന ചട്ടക്കൂടിനെ തന്റെ പാർട്ടി ഒരിക്കലും ദുരുപയോഗം ചെയ്തിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Read More: ബംഗാളിൽ ‘ജയ് ശ്രീറാം’ വിളിക്കാൻ പോലും അനുവാദമില്ല: യോഗി ആദിത്യനാഥ്
ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ് 1975 ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 1977 വരെ 21 മാസക്കാലം നീണ്ടുനിന്ന അടിയന്തരാവസ്ഥ രൂക്ഷ വിമർശനത്തിന് കാരണമായിരുന്നു.
അടിയന്തരാവസ്ഥയുമായി താരതമ്യം ചെയ്യാൻ പോലും സാധിക്കാത്തത്ര മോശമാണ് ആർഎസ്എസിന്റെ ലക്ഷ്യവും പ്രവൃത്തിയുമെന്ന് രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. ബിജെപി എല്ലാ ഭരണഘടനാ സ്ഥാപനങ്ങളിലും അവരുടെ ആളുകളെ നിറയ്ക്കുകയാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തിയാൽ പോലും ഈ സ്ഥാപനങ്ങളിൽ നിന്ന് അവരുടെ ആളുകളെ പുറത്താക്കുകയെന്നത് തീർത്തും ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
LIVE: My interaction with Prof Kaushik Basu @Cornell University https://t.co/GfErZtSpW2
— Rahul Gandhi (@RahulGandhi) March 2, 2021
യൂത്ത് കോൺഗ്രസ്, എൻഎസ്‌യുഐ തലങ്ങളിൽ പാർട്ടിയിൽ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ തന്നെ വിമർശിക്കുകയും ആക്രമിക്കുകയും ചെയ്തുവെന്ന് രാഹുൽ ഗാന്ധി വെളിപ്പെടുത്തി. പാർട്ടിക്കുള്ളിലെ ജനാധിപത്യ തിരഞ്ഞെടുപ്പ് തീർത്തും നിർണായകമാണെന്ന് പറയുന്ന ആദ്യ വ്യക്തിയാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഭ്യന്തര ജനാധിപത്യത്തിന്റെ അഭാവത്തെക്കുറിച്ച് ബിജെപി, ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി), സമാജ്‌വാദി പാർട്ടി (എസ്‌പി) എന്നിവയിൽ ആരും ചോദ്യങ്ങൾ ഉന്നയിക്കാത്തത് എന്തുകൊണ്ടാണെന്ന് രാഹുൽ ചോദിച്ചു. “ആഭ്യന്തര ജനാധിപത്യത്തെക്കുറിച്ചുള്ള ചോദ്യം കോൺഗ്രസിൽ മാത്രം ഉന്നയിക്കപ്പെടുന്നു, കാരണം “ഞങ്ങൾ ഒരു പ്രത്യയശാസ്ത്ര പാർട്ടിയാണ്, ഞങ്ങളുടെ പ്രത്യയശാസ്ത്രം ഭരണഘടനയുടെയും സമത്വത്തിന്റെയുമാണ്,” രാഹുൽ പറഞ്ഞു.