ന്യൂഡൽഹി: വളരെ നാളുകൾക്കുശേഷം ഇമാനെ സന്തോഷവതിയായി കണ്ടെന്ന് സഹോദരി ഷെയ്മ സെലിം. 20 വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘമാണ് അബുദാബിയിലെ വിപിഎസ് ബുർജീൽ ആശുപത്രിയിൽ ഈജിപ്ത്യൻ യുവതി ഇമാനെ ഇപ്പോൾ ചികിൽസിക്കുന്നത്. കഴിഞ്ഞ വ്യഴാഴ്ചയാണ് 39 കാരിയായ ഇമാനെ മുംബൈയിൽനിന്നും അബുദാബിയിൽ എത്തിച്ചത്. ഇമാന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് റിപ്പോർട്ടുകൾ.
”വളരെ നാളുകൾക്കുശേഷം ഇമാനെ സന്തോഷവതിയായി കണ്ടു. സെയ്ഫി ആശുപത്രിയിൽനിന്നും വിമാനത്താവളത്തിലേക്കുളള യാത്രയ്ക്കിടെ ഞങ്ങൾ രണ്ടുപേരും കരഞ്ഞു. വിമാനത്തിനുളളിലെ ശബ്ദങ്ങൾക്കിടയിലും ഇമാൻ സുഖമായി ഉറങ്ങി”- സഹോദരി ഷൈമ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ഫെബ്രുവരിയിലാണ് മുംബൈയിലെ സൈഫി ആശുപത്രിയിൽ ഇമാനെ എത്തിച്ചത്. 500 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഇമാനെ പ്രത്യേക വിമാനത്തിലാണ് മുംബൈയില്‍ എത്തിച്ചത്. സൈഫി ആശുപതിയിൽ ഡോ. മുഫസ്സൽ ലഖഡാവാലയുടെ നേതൃത്വത്തിൽ 15 അംഗ ഡോക്ടർമാരുടെ സംഘമാണ് ഇമാന്റെ ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. ഭക്ഷണക്രമീകരണവും ശസ്ത്രക്രിയയും ഉൾപ്പെട്ട ചികിത്സ വഴി ഇമാന്റെ ശരീരഭാരം പകുതിയോളം കുറഞ്ഞെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. എന്നാൽ വണ്ണം കുറഞ്ഞെന്ന ആശുപത്രി അധികൃതരുടെ അവകാശവാദം തട്ടിപ്പാണെന്ന് ആരോപിച്ച് ഇമാന്റെ സഹോദരി ഷൈമ രംഗത്തെത്തി. തുടർന്നാണു മറ്റൊരു ആശുപത്രിയിലേക്കു മാറ്റാനുള്ള നീക്കങ്ങൾ തുടങ്ങിയത്.