അബുദാബി: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത ഇമാൻ അഹമ്മദ് (36) അന്തരിച്ചു. അബുദാബിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാരം കുറയ്ക്കുന്നതിനുളള ചികിൽസകൾ നടക്കുന്നതിനിടെയാണ് ഇമാൻ മരണത്തിന് കീഴ്പ്പെട്ടത്. അടുത്തിടെ ഇമാന്റെ ഭാരം കുറഞ്ഞതായുളള വാർത്തകൾക്കൊപ്പം ആശുപത്രി അധികൃതരുമായി ഇമാൻ കളി തമാശകൾ പറയുന്നതിന്റെ ചിത്രവും പുറത്തുവന്നിരുന്നു. ഇപ്പോൾ പുറത്തുവന്ന ഇമാന്റെ മരണവാർത്ത ഏവർക്കും ഞെട്ടലുളവാക്കുന്നതാണ്.
ലോകത്തിലെ ഏറ്റവും ഭാരമേറിയ സ്ത്രീയെന്ന് കണക്കാക്കപ്പെടുന്ന ഈജിപ്ത്യൻ യുവതി ഇമാൻ അഹമ്മദ് ഇന്ത്യയിലും ചികിസയ്ക്ക് എത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് മുംബൈയിലെ സൈഫി ആശുപത്രിയിൽ ഇമാനെ എത്തിച്ചത്. 500 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഇമാനെ ഈജിപ്ത്യൻ കലാകാരന്മാർ രൂപകൽപന ചെയ്ത പ്രത്യേക കട്ടിലിൽ പ്രത്യേക വിമാനത്തിലാണ് മുംബൈയില്‍ എത്തിച്ചത്. 25 വർഷമായി കിടപ്പിൽ നിന്ന് എഴുന്നേറ്റിട്ടില്ലാത്ത ഇമാനെ വിമാനത്താവളത്തിൽ നിന്ന് ആശുപത്രിയിലേക്ക് പ്രത്യേകം സജ്ജമാക്കിയ കട്ടിലിലാണ് എത്തിച്ചത്.
സൈഫി ആശുപതിയിൽ ഡോ. മുഫസ്സൽ ലഖഡാവാലയുടെ നേതൃത്വത്തിൽ 15 അംഗ ഡോക്ടർമാരുടെ സംഘമാണ് ഇമാന്റെ ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. ഭക്ഷണക്രമീകരണവും ശസ്ത്രക്രിയയും ഉൾപ്പെട്ട ചികിത്സ വഴി ഇമാന്റെ ശരീരഭാരം പകുതിയോളം കുറഞ്ഞെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. എന്നാൽ വണ്ണം കുറഞ്ഞെന്ന ആശുപത്രി അധികൃതരുടെ അവകാശവാദം തട്ടിപ്പാണെന്ന് ആരോപിച്ച് ഇമാന്റെ സഹോദരി ഷൈമ രംഗത്തെത്തിയത് വിവാദമായിരുന്നു.
മൂന്ന് മാസത്തോളം നീണ്ട ചികിത്സക്കൊടുവിൽ തുടർ ചികിസ്തക്കായി ഇമാനെ മെയ് നാലിന് അബുദാബി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടുത്തെ ചികിൽസയ്ക്ക് ശേഷം ഇമാന് തനിയെ ഭക്ഷണം കഴിക്കാനായത് വാർത്തയായിരുന്നു. മാത്രമല്ല ആശുപത്രിയിൽ കഴിയുന്ന ഇമാൻ സന്തോഷവതിയായിരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.
അഞ്ച് കിലോഗ്രാം ഭാരത്തോടെയാണ് ഇമാന്‍ ജനിച്ചത്. 11 വയസോടെ നടക്കാന്‍ കഴിയാന്‍ പറ്റാത്തവണ്ണം ഇമാന് ഭാരം കൂടി. പിന്നീടാണ് ഇമാന് മസ്തിഷ്കാഘാതം ഉണ്ടായത്. അന്ന് തൊട്ട് ഇന്നുവരെ പിന്നെ ഇമാന്റെ ജീവിതം കിടക്കയിലായിരുന്നു.