അബുദാബി: ഇമാൻ ഇപ്പോൾ വളരെ സന്തോഷവതിയാണ്. അവളുടെ മുഖത്ത് പുഞ്ചിരി നിറഞ്ഞുനിൽപ്പുണ്ട്. അബുദാബിയിലെ ബുർജീൽ ആശുപത്രിയിൽ കഴിയുന്ന ഇമാനിനൊപ്പം അവിടുത്തെ ആശുപത്രി അധികൃതരും സന്തോഷത്തിലാണ്. കാരണം ഇമാന്റെ ഭാരം വളരെ കുറഞ്ഞു. ഇമാന് സ്വന്തമായി ഭക്ഷണം കഴിക്കാൻ കഴിയുന്നുണ്ട്.
ലോകത്തിലെ ഏറ്റവും ഭാരമേറിയ സ്ത്രീയെന്ന് കണക്കാക്കപ്പെടുന്ന ഈജിപ്ത്യൻ യുവതി ഇമാൻ അഹമ്മദ് മുബൈയിലെ സെയ്ഫി ആശുപത്രിയിൽ ചികിത്സക്കെത്തുന്പോൾ 500 കിലോഗ്രാമിൽ കൂടുതലായിരുന്നു ശരീരഭാരം. മൂന്ന് മാസത്തോളം നീണ്ട ചികിത്സക്കൊടുവിലാണ് തുടർ ചികിസ്തക്കായി ഇമാൻ അബുദാബിയിലേക്ക് പോയത്. മുംബൈയിലെ സെയ്ഫി ആശുപത്രിയിൽ ബാരിയാട്രിക് ശസ്ത്രക്രിയക്ക് വിധേയയായ ഇമാനെ മെയ് നാലിനാണ് അബുദാബി ആശുപത്രിയിലേക്ക് മാറ്റിയത്. സെയ്ഫി ആശുപത്രിയിലെ ചികിത്സയെ കുറിച്ച് ഇമാന്റെ സഹോദരി പരാതി ഉന്നയിച്ചത് വിവാദമായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് മുംബൈയിലെ സൈഫി ആശുപത്രിയിൽ ഇമാനെ എത്തിച്ചത്. 500 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഇമാനെ പ്രത്യേക വിമാനത്തിലാണ് മുംബൈയില്‍ എത്തിച്ചത്. സൈഫി ആശുപതിയിൽ ഡോ. മുഫസ്സൽ ലഖഡാവാലയുടെ നേതൃത്വത്തിൽ 15 അംഗ ഡോക്ടർമാരുടെ സംഘമാണ് ഇമാന്റെ ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. ഭക്ഷണക്രമീകരണവും ശസ്ത്രക്രിയയും ഉൾപ്പെട്ട ചികിത്സ വഴി ഇമാന്റെ ശരീരഭാരം പകുതിയോളം കുറഞ്ഞെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. എന്നാൽ വണ്ണം കുറഞ്ഞെന്ന ആശുപത്രി അധികൃതരുടെ അവകാശവാദം തട്ടിപ്പാണെന്ന് ആരോപിച്ച് ഇമാന്റെ സഹോദരി ഷൈമ രംഗത്തെത്തി. തുടർന്നാണു ഇമാനെ അബുദാബിയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയത്.
Read More : വളരെ നാളുകൾക്കുശേഷം ഇമാനെ സന്തോഷവതിയായി കണ്ടു: സഹോദരി ഷെയ്മ