മുംബൈ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത, ഈജിപ്‌തിൽ നിന്നുള്ള ഇമാൻ അഹമ്മദിനെ ചികിത്സയ്‌ക്കായി മുംബൈയിലെ ആശുപത്രിയിൽ ശനിയാഴ്ച്ചയാണ് എത്തിച്ചു. സെയ്ഫീ ഹോസ്പിറ്റലിലാണ് ഏറെ ബുദ്ധിമുട്ടുകൾക്കൊടുവിൽ ഇമാനെ പ്രരവേശിപ്പിച്ചിരിക്കുന്നത്. 500 കിലോയിലധികം ഭാരമാണ് ഇമാന് ഉള്ളത്. ഭാരം കുറയ്ക്കുന്നതിനുള്ള അതിനൂതന ശസ്ത്രക്രിയകൾക്കാണ് ഇമാനെ ആശുപത്രിയിലെത്തിച്ചത്.
ഈജിപ്ഷ്യൻ കലാകാരന്മാർ രൂപകൽപ്പന ചെയ്ത പ്രത്യേക കട്ടിലിൽ ഈജിപ്തിലെ അലക്സാണ്ട്രിയയിൽ നിന്നാണ് ഇമാനെ ഇന്നലെ മുംബൈയിലെത്തിച്ചത്. ഛത്രപതി ശിവജി ഇന്റർനാഷണൽ ടെർമിനലിന് അകത്ത് ക്രയിനുപയോഗിച്ചാണ് ഇമാനം പ്രത്യേകം തയ്യാറാക്കിയ ട്രക്കിലേക്ക് കയറ്റിയത്.
25 വർഷമായി കിടപ്പിൽ നിന്ന് എഴുന്നേറ്റിട്ടില്ലാത്ത ഇവരെ വിമാനത്താവളത്തിൽ നിന്ന് ആശുപത്രിയിലേക്ക് പ്രത്യേകം സജ്ജമാക്കിയ കട്ടിലിലാണ് എത്തിച്ചത്. ഇവരെ ചികിത്സിക്കാൻ 2 കോടി രൂപ ചിലവഴിച്ച് ഒരു പ്രത്യേക ബ്ലോക്കും ആശുപത്രി അധികൃതർ പണിതു.
ശസ്ത്രക്രിയ മുറിയും തീവ്രപരിചരണ വിഭാഗവും ഡോക്ടര്‍മാര്‍ക്കുളള മുറിയും അറ്റന്‍ഡര്‍ക്കുളള മുറിയും രണ്ട് വിശ്രമ മുറികളും ഒരു വീഡിയോ കോണ്‍ഫറന്‍സിംഗ് മുറിയുമാണു തയാറാക്കിയിരിക്കുന്നത്. എന്നാൽ ആശുപത്രിക്ക് അകത്തേക്ക് കയറ്റാൻ കെട്ടിടത്തിന്റെ പ്രധാന വഴിയിലെ ചില്ലുജാലകങ്ങൾ അഴിക്കേണ്ടി വന്നു.
ആശുപത്രിയിലെ വണ്ണം കുറയ്ക്കല്‍ ശസ്ത്രക്രിയയുടെ മുഖ്യ കണ്‍സള്‍ട്ടന്‍റായ ഡോ. മുഫസല്‍ ലക്ഡവാല, ഒരു ഹൃദ്രോഗവിദഗ്ധന്‍, ഒരു ഹൃദ്രോഗ ശസ്ത്രക്രിയാ വിദഗ്ദ്ധന്‍, എന്‍ഡോക്രിനോളജിസ്റ്റ്, ശ്വാസകോശരോഗ വിദഗ്ധന്‍, രണ്ട് തീവ്രപരിചരണ വിഭാഗം വിദഗ്ധര്‍, മൂന്ന് അനസ്തറ്റിസ്റ്റുകള്‍, തുടങ്ങിയവരടങ്ങുന്ന സംഘമാണ് ശസത്രക്രിയ നടത്തുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം മുഴുവന്‍ സമയവും ഇവരുടെ സേവനം ഇമാനുവേണ്ടി നീക്കി വയ്ക്കും.
അഞ്ച് കിലോഗ്രാം ഭാരത്തോടെയാണ് ഇമാന്‍ ജനിച്ചത്. 11 വയസോടെ നടക്കാന്‍ കഴിയാന്‍ പറ്റാത്തവണ്ണം ഇമാന് ഭാരം കൂടി. പിന്നീടാണ് ഇമാന് മസ്തിഷ്കാഘാതം ഉണ്ടായത്. അന്ന് തൊട്ട് ഇന്നുവരെ പിന്നെ ഇമാന്റെ ജീവിതം കിടക്കയിലായിരുന്നു.
യാതൊരു തരത്തിലുള്ള ഫീസും വാങ്ങാതെ സൗജന്യമായാണ് ഇമാനെ ചികിത്സിക്കുക. നിലവില്‍ 292 കിലോ ഭാരമുള്ള അമേരിക്കയുടെ പൗലിന്‍ പോട്ടറാണ് ഭാരമേറിയ വനിത എന്ന ഗിന്നസ് റെക്കോര്‍ഡിന് ഉടമ. ഇമാന്റെ ഭാരത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ ആ റെക്കോര്‍ഡ് ഇമാന്റെ പേരിലായി മാറും.