മുംബൈ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായ ഈജിപ്‌തിൽ നിന്നുള്ള ഇമാൻ അഹമ്മദിന്റെ ഭാരം ഒരു മാസത്തിനുളളിൽ 120 കിലോ കുറഞ്ഞു. മുംബൈയിലെ സെയ്‌ഫി ആശുപത്രിയിലാണ് ഭാരം കുറക്കാനുളള ചികിത്സയാക്കായി 36കാരിയായ ഇമാനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ജീൻ ടെസ്റ്റിന്റെ റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണെന്നും അതിനു ശേഷം അടുത്ത ഘട്ട ചികിത്സയുടെ കാര്യങ്ങൾ തീരുമാനിക്കുമെന്നും ഡോക്ടർമാർ അറിയിച്ചു. 500 കിലോയുടെ അടുത്ത് ഭാരമാണ് ഇമാനുണ്ടായിരുന്നത്.
ആശുപത്രിയൽ എത്തിച്ചതിന് ശേഷം കാര്യമായ മാറ്റങ്ങളാണ് ഇമാനിൽ കണ്ട് വരുന്നത്. എങ്കിലും ഇടയ്‌ക്കിടയ്ക്ക് ഉണ്ടാവുന്ന തളർച്ചയുടെ കാരണം അടുത്ത മാസം അവസാനത്തോടെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാർ. പതിനാറ് സ്പെഷ്യലിസ്റ്റുകളും എട്ട് നഴ്‌സുമാരുമാണ് ഇമാന്റെ ചികിൽസാ സംഘത്തിലുളളത്.
Read More: ലോകത്തെ ഏറ്റവും ഭാരമേറിയ വനിത മുംബൈയില്‍; ഇമാന്‍ അഹമ്മദിനെ കുറിച്ച് അറിയേണ്ടതെല്ലാം
ഭക്ഷണം കഴിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടിന് മാറ്റം വന്നിട്ടുണ്ട്. സംസാരിക്കുന്നതിൽ വ്യക്തതയും വന്നിട്ടുണ്ട്. ശരീരത്തിലുളള ദ്രാവകത്തിൽ വന്ന കുറവാണ് ഭാരം കുറയാനുളള കാരണം. മരുന്നുകളാണ് ഇതിൽ മുഖ്യ പങ്ക് വഹിച്ചിരിക്കുന്നതെന്ന് ഡോക്ടർ മുഹാസൽ ലക്ഡവാലാ പറഞ്ഞു.
ഈജിപ്‌തിലെ കെയ്റോ സ്വദേശിയാണ് ഇമാൻ. “ഇമാന് 11 വയസായത് മുതലാണ് അമിതമായി ഭാരം കൂടുന്നതി കണ്ട് തുടങ്ങിയത്. അതിന് ശേഷം സ്‌കൂളിൽ പോകുന്നത് നിർത്തി. പിന്നെ നീണ്ട 25 വർഷം ഫ്ളാറ്റിലായിരുന്നു. ചികിത്സക്കായി ഇന്ത്യയിലേക്ക് കൊണ്ടു വരുമ്പോഴാണ് പിന്നെ ഇമാൻ വീടിന് പുറത്തിറങ്ങിയത്”- സഹോദരിയായ ഷൈമ അഹമ്മദ് പറയുന്നു.
Read More: ലോകത്തിലെ ഭാരം കൂടിയ വനിതയെ ആശുപത്രിയിൽ കയറ്റിയത് ക്രയിൻ ഉപയോഗിച്ച്
ബാരിയാട്രിക്ക് ശസ്ത്രക്രിയക്കാണ് ഇമാനെ വിധേയയാക്കുന്നനത്. സൗന്ദര്യം വർദ്ധിപ്പിക്കാനായി ചെയ്യുന്ന ശസ്ത്രക്രിയയെന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. എന്നാൽ ചില ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാനായി ഈ ശസ്ത്രക്രിയ നടത്താറുണ്ടെന്ന് ഡോക്‌ടർമാർ പറയുന്നു. അമിതമായി വണ്ണം വെയ്‌ക്കുന്നതിനെ ജീവിത ശൈലി രോഗമായാണ് കണ്ട് വരുന്നത്. എന്നാൽ ചിലരിൽ പാരമ്പര്യമായും ഭാരം കൂടുതൽ കണ്ട് വരുന്നു.
ഏറെ ബുദ്ധിമുട്ടുകൾക്കൊടുവിലാണ് ഭാരം കുറയ്ക്കുന്നതിനുള്ള അതി നൂതന ശസ്ത്രക്രിയകൾക്കായി മുംബൈയിലെ സെയ്ഫി ആശുപത്രിയിൽ ഇമാനെ പ്രവേശിപ്പിച്ചത്.
ഈജിപ്ഷ്യൻ കലാകാരന്മാർ രൂപകൽപ്പന ചെയ്ത പ്രത്യേക കട്ടിലിൽ ഈജിപ്തിലെ അലക്സാണ്ട്രിയയിൽ നിന്നാണ് ഇമാനെ മുംബൈയിലെത്തിച്ചത്. ഛത്രപതി ശിവജി ഇന്റർനാഷണൽ ടെർമിനലിന് അകത്ത് ക്രയിനുപയോഗിച്ചാണ് ഇമാനെ പ്രത്യേകം തയാറാക്കിയ ട്രക്കിലേക്ക് കയറ്റിയത്. ഇമാനെ ചികിത്സിക്കാൻ രണ്ടു കോടി രൂപ ചെലവഴിച്ച് ഒരു പ്രത്യേക ബ്ലോക്കും ആശുപത്രി അധികൃതർ പണിതിട്ടുണ്ട്.