അബുദാബി: ബുർജീൽ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഇമാൻ അഹമ്മദ് ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നം ഭാരക്കൂടുതൽ അല്ലെന്ന് ഡോക്ടർമാർ. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഇമാൻ നേരിടുന്നതെന്ന് ഡോക്ടർമാർ അറിയിച്ചു. ഹൃദയത്തിന്റെ പ്രവർത്തനത്തിലെ താളപ്പിഴകളും മൂത്രനാളിയിലെ അണുബാധയും ദൂർഘനാളായി ശരീരം അനങ്ങാത്തതിനാൽ ഉണ്ടായ മുറിവുകളിൽ പഴുപ്പുണ്ടാകുന്നതും പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ഇവ ഭേദമാക്കിയതിനുശേഷം മാത്രമേ ഭാരം കുറക്കാനുള്ള ചികിത്സ പുനരാരംഭിക്കുകയുള്ളൂവെന്ന് ആശുപത്രി അധികൃതർ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഭാരം കുറക്കുക എന്നതിലുപരി സാധാരണയാളുകളെ പോലെ ജീവിക്കാനുള്ള സാഹചര്യം ഇമാനുണ്ടാക്കുകയെന്നതാണ് ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും ഭാരമേറിയ സ്ത്രീയെന്ന് കണക്കാക്കപ്പെടുന്ന ഇമാൻ മുബൈയിലെ സെയ്ഫി ആശുപത്രിയിൽ ചികിത്സക്കെത്തുന്പോൾ 500 കിലോഗ്രാമിൽ കൂടുതലായിരുന്നു ശരീരഭാരം. മൂന്ന് മാസത്തോളം നീണ്ട ചികിത്സക്കൊടുവിലാണ് തുടർ ചികിസ്തക്കായി ഇമാൻ അബുദാബിയിലേക്ക് പോയത്.
മുംബൈ സെയ്ഫി ആശുപത്രിയിലെ ചികിസ്തയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാൻ ബുർജീൽ ആശുപത്രി അധികൃതർ തയാറായില്ല. അതേസമയം, അബുദാബിയിലെത്തിയതിനു ശേഷം ഇമാൻ കൂടുതൽ സന്തോഷവതിയാണെന്നും നഴ്സുമാരുമായി ഇടപഴകുന്നുണ്ടെന്നുംം ഇമാന്റെ സഹോദരി ഷൈമ സെലിം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഇമാനിന്റെ ഹൃദയത്തിന്റെ പ്രവർത്തനം ഡോക്ടർമാർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഷൈമ കൂട്ടിച്ചേർത്തു.
മുംബൈയിലെ സെയ്ഫി ആശുപത്രിയിൽ ബാരിയാട്രിക് ശസ്ത്രക്രിയക്ക് വിധേയയായ ഇമാനെ മെയ് നാലിനാണ് അബുദാബി ആശുപത്രിയിലേക്ക് മാറ്റിയത്. സെയ്ഫി ആശുപത്രിയിലെ ചികിത്സയെ കുറിച്ച് ഇമാന്റെ സഹോദരി പരാതി ഉന്നയിച്ചത് വിവാദമായിരുന്നു.