മുംബൈ: തിക്കിലും തിരക്കിലും പെട്ട് 22 പേര്‍ മരണപ്പെട്ട അതേ ദിവസം തന്നെയാണ് എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനില്‍ പുതിയ മേല്‍പ്പാലം നിര്‍മ്മിക്കാനുള്ള ടെന്‍ഡര്‍ റെയില്‍വേ വിളിച്ചതെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍.

45 വര്‍ഷത്തിലേറെ പഴക്കമുള്ള പാലം പുതുക്കി പണിയണമെന്ന ആവശ്യം വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്. 2015 ഏപ്രില്‍ 23ന് മുന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു എല്‍ഫിന്‍സ്റ്റന്‍ സ്റ്റേഷനിലെ മേല്‍പ്പാലത്തിന് അനുമതിയും ഓഗസ്റ്റ് മാസം 22ന് ഫണ്ടും അനുവദിച്ചു. എന്നാല്‍, വീണ്ടും ഒരു മാസത്തിനു ശേഷം സെപ്റ്റംബര്‍ 29നാണ് ടെന്‍ഡര്‍ ക്ഷണിച്ചു കൊണ്ടുള്ള അറിയിപ്പ് വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. അന്നേ ദിവസം തന്നെയാണ് ഇടുങ്ങിയ പഴയ മേല്‍പ്പാലത്തില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധി ആളുകള്‍ മരണപ്പെട്ടതും.

ടെന്‍ഡര്‍ നടപടികള്‍ എല്ലാം സെപ്റ്റംബര്‍ 22 തന്നെ പൂര്‍ത്തിയാക്കിയിരുന്നതായി റെയില്‍വേ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ രവീന്ദര്‍ ഭാക്കര്‍ അറിയിച്ചു.

സെപ്റ്റംബര്‍ 22-ന് ടെന്‍ഡര്‍ പരസ്യപ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, മേല്‍പ്പാലത്തിന്റെ മാത്രമല്ല പ്ലാറ്റ്ഫോം ഇരട്ടിപ്പിക്കലും സാങ്കേതിക ജോലികളുടെയും ടെന്‍ഡര്‍ നല്‍കേണ്ടതിനാലാണ് കാലതാമസം നേരിട്ടതെന്ന് വെസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ എ.കെ.ഗുപ്ത അറിയിച്ചു.

12 മീറ്റര്‍ വീതിയുള്ള മേല്‍പ്പാലം നിര്‍മിക്കുന്നതിനാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. നിലവിലെ പാലത്തിന് അഞ്ച് മീറ്റര്‍ മാത്രം വീതിയാണുള്ളത്. ഈ പാലത്തില്‍ തിരക്കുള്ള സമയത്ത് യാത്രയ്ക്ക് അസൗകര്യമുണ്ടെന്ന് കാട്ടി നിരവധി പരാതികള്‍ ലഭിച്ചിരുന്നതായും അദ്ദേഹം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ