മുംബൈ: എൽഫിൻസ്റ്റൺ റയിൽവേ സ്റ്റേഷനിൽ ഇന്നുണ്ടായ അപകടത്തെ കുറിച്ച് അന്വേഷണം നടത്താൻ വെസ്റ്റേൺ റയിൽവേ ഉത്തരവിട്ടു. റയിൽവേ മന്ത്രി പിയൂഷ് ഗോയലിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. കനത്ത മഴയെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 27 പേരാണ് ഇതുവരെ ഇവിടെ മരിച്ചത്.

അപകടം നടന്ന സ്ഥലം നാളെ തന്നെ കേന്ദ്ര റയിൽവേ മന്ത്രി പിയൂഷ് ഗോയൽ സന്ദർശിക്കും. അതേസമയം പരിക്കേറ്റവരിൽ കൂടുതൽ പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നതിനാൽ മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

എൽഫിൻസ്റ്റൺ റയിൽവേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യാത്രക്കാർ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി ട്വിറ്ററിലൂടെ അനുശചനം രേഖപ്പെടുത്തി. റയിൽവേ മന്ത്രി പിയൂഷ് ഗോയലിനോട് എത്രയും വേഗം മുംബൈയിലേക്ക് എത്താൻ നിർദ്ദേശിച്ചതും പ്രധാനമന്ത്രിയാണ്.

പിയൂഷ് ഗോയലിനോട് മുംബൈയിലേക്ക് എത്താൻ നിർദ്ദേശിച്ച കാര്യം പ്രധാനമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം ട്വിറ്റർ വഴി വാഗ്ദാനം ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ