മുംബൈ: എൽഫിൻസ്റ്റൺ റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 22 പേർ മരിച്ചു. ഇവരിൽ നാല് സ്ത്രീകളും 18 പേർ പുരുഷന്മാരുമാണ്. 37 പേർക്ക് പരുക്കേറ്റു. എൽഫിൻസ്റ്റോൺ റോഡിൽ നിന്നും സബർബൻ റെയിൽവേ സ്റ്റേഷനിലേക്കുള്ള മേൽപ്പാലത്തിലാണ് അപകടം ഉണ്ടായത്.

ഓഫീസുകളിലേക്ക് ആളുകൾ പോകുന്ന സമയത്ത് ഏറ്റവും തിരക്കനുഭവപ്പെടുന്ന റെയിൽവേ സ്റ്റേഷനാണ് എൽഫിൻസ്റ്റൺ. രാവിലെ പെയ്ത കനത്ത മഴയാണ് അപകട കാരണമെന്ന് കരുതുന്നു. മുംബൈ കെഇഎം ആശുപത്രിയിലേക്കാണ് പരുക്കേറ്റവരെ കൊണ്ടുപോയത്. അതേസമയം 27 പേർ മരിച്ചതായി അനൗദ്യോഗിക വിവരമുണ്ട്.
രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. കനത്ത മഴ പെയ്തതിനെ തുടർന്ന് ആദ്യത്തെ തീവണ്ടിയിലെത്തിയവർ പുറത്തിറങ്ങാതെ പാലത്തിൽ തന്നെ നിന്നു. പുറകേ വന്ന തീവണ്ടികളിൽ വന്നവരും പാലത്തിലേക്ക് എത്തിയതോടെ തിക്കും തിരക്കും വർദ്ധിച്ചു. ഇതേ തുടർന്നാണ് അപകടം ഉണ്ടായത്.

15 പേർ ആശുപത്രിയിലെത്തും മുൻപ് തന്നെ മരിച്ചിരുന്നതായി കെഇഎം ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ.പ്രവീൺ ബംഗർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മുംബൈ കോർപ്പറേഷന്റെ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി. വെസ്റ്റേൺ റെയിൽവേയുടെ മുതിർന്ന ജീവനക്കാരും ഇവിടെയെത്തി.