ന്യൂഡല്‍ഹി: യുഎപിഎ ബില്ലിനെതിരെ എളമരം കരീം എംപി രാജ്യസഭയില്‍ നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നു.ബില്‍ നടപ്പിലാകുന്നതോടെ ഭരണകൂടത്തെ എതിര്‍ക്കുന്ന ആരേയും നിയമം ദുരുപയോഗം ചെയ്ത് അകത്താനാകുമെന്ന് കരീം പറഞ്ഞു. ബില്‍ ഭരണകൂട ഭീകരതയാണെന്നും അദ്ദേഹം പറഞ്ഞു.
യുഎപിഎ ബില്‍ നിലവില്‍ വരുന്നതോടെ വലിയ തോതിലുള്ള അനീതിയിലേക്കു നീങ്ങുമെന്നും കരീം പറഞ്ഞു. എന്‍ഐഎയ്ക്ക് ഏത് സംസ്ഥാനത്തും അതത് സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ തന്നെ കടന്നു ചെല്ലാനും അവരുടെ ഇഷ്ടത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാനും സഹായിക്കുന്നതാണെന്നും കരീം പറഞ്ഞു. അതേസമയം, ബിജെപി നയിക്കുന്ന സര്‍ക്കാര്‍ സനാദന് സന്‍സ്ഥ പോലുള്ള തീവ്ര സംഘടനങ്ങളോട് മൃദുസമീപനം കാണിക്കുകയാണെന്നും കരീം പറഞ്ഞു.
ടാഡ പോലുള്ള നിയമങ്ങള്‍ ചുമത്തി ആയിരക്കണക്കിന് മുസ്ലീങ്ങളെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നുവെന്നും കരീം ഓര്‍മ്മിപ്പിച്ചു. ”ഈ രാജ്യത്തെ ഏക കമ്യൂണിസ്റ്റായി അവശേഷിച്ചാലും ബിജെപിയുടെ ജനവിരുദ്ധനിയമങ്ങള്‍ക്കെതിരെ ഞാന്‍ പൊരുതും. എന്റെ അവസാനശ്വാസം വരെ ഞാന്‍ അത് ചെയ്യും. ഈ രാജ്യത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിങ്ങളുടെ ജനവിരുദ്ധനിയമങ്ങളെ ചെറുക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ അംഗബലം കണ്ട് ഭയപ്പെടുന്നവരല്ല ഞങ്ങള്‍, പേശീബലവും പണവും ഞങ്ങളില്‍ ഒരു ഭയവും ജനിപ്പിക്കില്ല” കരീം പ്രസംഗത്തില്‍ പറഞ്ഞു.
നേരത്തെ ലോക്സഭ പാസാക്കിയ ബില്ലാണ് ഇന്ന് രാജ്യസഭ പാസാക്കിയത്. വ്യക്തികളെയും തീവ്രവാദികളായി പ്രഖ്യാപിക്കാം എന്നതാണ് ബില്ലിലെ ഏറ്റവും വലിയ പ്രത്യേകത. രാഷ്ട്രപതി ഒപ്പുവച്ചാല്‍ ബില്‍ നിയമമാകുകയും പ്രാബല്യത്തില്‍ വരികയും ചെയ്യും. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. 147 പേര് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 42 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.