/indian-express-malayalam/media/media_files/uploads/2023/09/7.jpg)
കൃപാസനം യൂട്യൂബ് ചാനലിലൂടെയായിരുന്നു എലിസബത്ത് ആന്റണിയുടെ പ്രതികരണം PHOTO: Screen shot/ Kripasanam
തിരുവനന്തപുരം: അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിനെ ന്യായീകരിച്ച് എ കെ ആന്‍റണിയുടെ ഭാര്യ എലിസബത്ത്. കൃപാസനം യൂട്യൂബ് ചാനലിലൂടെയായിരുന്നു എലിസബത്ത് ആന്റണിയുടെ ഈ പ്രതികരണം. ചിന്തൻ ശിബിരത്തിൽ മക്കൾ രാഷ്ട്രീയത്തിനെതിരെ കോൺഗ്രസ് പ്രമേയം പാസാക്കിയെന്നും ഇതോടെ രണ്ട് മക്കൾക്കും എത്ര ആഗ്രഹിച്ചാലും രാഷ്ട്രീയത്തിലേക്ക് വരാൻ സാധിക്കാതെ പോയെന്നും അവർ പറഞ്ഞു. ബിജെപിയിൽ അനിലിന് കൂടുതൽ അവസരങ്ങൾ കിട്ടുമെന്നും എലിസബത്ത് കൂട്ടിച്ചേർത്തു.
"മക്കളെ രാഷ്ട്രീയത്തിൽ വളർത്താൻ എകെ ആന്റണി പരിശ്രമിച്ചിട്ടില്ല. എകെ ആന്റണി അറിയും മുമ്പ് അനിൽ ആന്റണി ബിജെപിയിൽ ചേരുന്ന കാര്യം തനിക്ക് അറിയാമായിരുന്നു. എന്റെ മകന്റെ ഏറ്റവും വലിയ ആഗ്രഹം രാഷ്ട്രീയത്തിൽ ഇറങ്ങണമെന്നായിരുന്നു. അമ്മമാർ തങ്ങളുടെ മക്കളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ അഗ്രഹിക്കും. പക്ഷേ എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല.
അതുകൊണ്ട് ഞാൻ മാതാവിനോട് കരഞ്ഞ് പറഞ്ഞു. എന്റെ മകന്റെ ഭാവി, അവന് ഇപ്പോൾ 39 വയസ്സായി എന്ന്. ഇതിന് ശേഷം എന്റെ മകൻ എന്നെ വിളിച്ചു. അമ്മേ, എന്നെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചു. ബിജെപിയിൽ ചേരാനാണ് പറയുന്നത്. ഒരുപാട് അവസരങ്ങൾ കിട്ടുമെന്നും അവർ പറയുന്നു. പക്ഷേ നമ്മൾ കോൺഗ്രസ് അല്ലേ, ബിജെപിയിലേക്ക് പോകുന്നത് ആലോചിക്കാൻ പോലും വയ്യ.
അപ്പോൾ തന്നെ കൃപാസനത്തിൽ എത്തി അച്ചന്റെ കൈയിൽ ആവശ്യം എഴുതി കടലാസ് കൊടുത്തു. അപ്പോൾ അച്ചൻ അത് മാതാവിന്റെ സന്നിധിയിൽ വച്ച് പ്രാർത്ഥിച്ചു. അച്ചൻ പറഞ്ഞു മകനെ തിരിച്ചു വിളിക്കേണ്ട അവന്റെ ഭാവി ബിജെപിയിൽ ആണെന്ന് മാതാവ് കാണിച്ചു തരുന്നുണ്ടെന്ന്. ബിജെപിയോടുള്ള അറപ്പും വെറുപ്പുമെല്ലാം അന്ന് മാതാവ് മാറ്റി തന്നു," എലിസബത്ത് പറയുന്നു.
മകന്റെ ബിജെപിയിലേക്ക് പോയതിന് പിന്നാലെ ആത്മവിശ്വാസം നഷ്ടപ്പെട്ട എകെ ആന്റണിയുടെ ദേഹാസ്വാസ്ഥ്യത്തെക്കുറിച്ചും എലിസബത്ത് കരഞ്ഞുകൊണ്ട് വീഡിയോയിൽ മനസ് തുറക്കുന്നുണ്ട്. "എകെ ആനറണി സെൽഫ് കോൺഫിഡൻസ് എല്ലാം നഷ്ടപ്പെട്ട് വീട്ടിലിരിപ്പാണ്. എനിക്കും മക്കൾക്കും അദ്ദേഹത്തിന്റെ ഈ അവസ്ഥ സഹിക്കാൻ പറ്റുന്നില്ലായിരുന്നു. ഈ 15ാം തീയതി അദ്ദേഹത്തെ കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലേക്ക് തിരിച്ചുവിളിച്ചപ്പോൾ അദ്ദേഹത്തിന്റെ സെൽഫ് കോൺഫിഡൻസ് വർധിച്ചു. ഹൈദരാബാദിലെ മീറ്റിങ്ങിൽ പങ്കെടുക്കാൻ ഒറ്റയ്ക്കാണ് പോയിവന്നത്," എലിസബത്ത് കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ ഏപ്രിൽ ഏഴിനാണ് അനിൽ ആന്റണി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. നിലവിൽ ബിജെപിയുടെ ദേശീയ വക്താവാണ് അദ്ദേഹം. മകൻ ബിജെപിയിൽ ചേർന്ന തീരുമാനത്തെ ഏറെ വേദനാജനകമെന്നാണ് എകെ ആന്റണി വിശേഷിപ്പിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.