ന്യൂഡല്‍ഹി: എല്‍ഗാര്‍ പരിഷത്ത്-മാവോയിസ്റ്റ് ബന്ധ കേസില്‍ അറസ്റ്റിലായ സാമൂഹിക പ്രവര്ത്തകന് ഗൗതം നവ്ലാഖയെ വീട്ടുതടങ്കലില്‍ വിട്ട ഇടക്കാല ഉത്തരവിന്റെ പ്രാബല്യം സുപ്രീം കോടതി ഫെബ്രുവരി 17 വരെ നീട്ടി. ഒരു മാസത്തെ വീട്ടുതടങ്കലാണു നവംബര്‍ 18നു സുപ്രീം കോടതി അനുവദിച്ചിരുന്നത്.
അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ഹാജരാകാത്തതിനാല്‍ കേസ്, ജസ്റ്റിസുമാരായ കെ എം ജോസഫും ബി വി നാഗരത്നയും അടങ്ങുന്ന ബെഞ്ച് മാറ്റിവച്ചു.
ഹ്രസ്വമായ വാദത്തിനിടെ വീട്ടുതടങ്കല്‍ സംബന്ധിച്ച മുഴുവന്‍ നടപടികളും നന്നായി നടക്കുന്നുണ്ടെന്നു ബന്ധപ്പെട്ടവര്‍ കോടതിയെ അറിയിച്ചു. വിദേശത്തുള്ള നവ്ലാഖയുടെ മകളുടെ ഫോണ്‍ കോള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കണമെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക നിത്യ രാമകൃഷ്ണന് കോടതിയെ ധരിപ്പിച്ചു. നവ്ലാഖയ്ക്കു വിദേശത്തേക്കു വിളിക്കാനുള്ള സൗകര്യമില്ലെന്ന് അഭിഭാഷക ബോധിപ്പിച്ചു.
ആരോഗ്യമോശമായതിനാല് ചികിത്സാര്‍ഥം തന്നെ വീട്ടുതടങ്കലില്‍ വിടണമെന്ന എഴുപത്തി മൂന്നുകാരനായ ഗൗതം നവ്ലാഖയുടെ ഹര്‍ജിയില്‍ നവംബര്‍ 10നാണു സുപ്രീം കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരായ എന്‍ എ ഐയുടെ ഹര്‍ജി തള്ളിയ കോടതി, നവ്ലാഖയെ 24 മണിക്കൂറിനുള്ളില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാന്‍ നവംബര്‍ 18 ന് ഉത്തരവിട്ടു. തുടര്‍ന്നു മുംബൈ തലോജ ജയിലില്‍നിന്നു നവ്ലാഖയെ 19നു നവി മുംബൈയിലെ കമ്യൂണിറ്റി ഹാളിലേക്ക് എന്‍ ഐ എ മാറ്റുകയായിരുന്നു.
സി പി എമ്മിന്റെ ഉടമസ്ഥതയിലുള്ളതാണ് നവ്ലാഖ വീട്ടുതടങ്കലില്‍ കഴിയുന്ന കമ്യൂണിറ്റി ഹാള്‍. തിരഞ്ഞെടുത്ത സ്ഥലത്തെ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വീട്ടുതടങ്കലിനെ എന്‍ ഐ എ എതിര്‍ത്തിരുന്നു. ഈ കെട്ടിടം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേതാണെന്നും ഇത് ഫ്ളാറ്റല്ലെന്നും പബ്ലിക് ലൈബ്രറിയുടെ ഭാഗമാണെന്നും എന്‍ ഐ എക്കുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവും കോടതിയെ അറിയിച്ചു.
ഈ വാദം തള്ളിയ കോടതി ‘ഞങ്ങളുടെ ഉത്തരവിനെ ധിക്കരിക്കാനുള്ള പഴുതുകള്‍ കണ്ടെത്താന്‍ നിങ്ങള്‍ ശ്രമിക്കുകയാണെങ്കില്‍, അത് ഗൗരവമായി കാണും,’ എന്ന് മുന്നറിയിപ്പ് നല്കി. സി പി എം രാജ്യത്തെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയാണെന്നും കോടതി പറഞ്ഞു. അതേസമയം, സ്ഥലത്തിന്റെ സുരക്ഷയെക്കുറിച്ച് എന്‍ ഐ എ ചില ആശങ്കകള്‍ ഉന്നയിച്ചതിനാല്‍ മുന്‍ ഉത്തരവില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളില്‍ ചില ‘അധിക സുരക്ഷകള്‍’ കോടതി ഉള്‍പ്പെടുത്തുകയും ചെയ്തു.
കെട്ടിടത്തിനു സി സി ടിവി നിരീക്ഷണം ഏര്‍പ്പെടുത്തണം, ഫോണ്‍ ഉപയോഗം പൊലീസ് സാന്നിധ്യത്തില്‍ മാത്രമേ പാടുള്ളൂ, ഇന്റര്‍നെറ്റ് ഉപയോഗം പാടില്ല തുടങ്ങിയവയാണു കോടതി ഏര്‍പ്പെടുത്തിയ നിബന്ധനകളില്‍ പ്രധാനം.
2017 ഡിസംബര്‍ 31-നു പൂണെയില്‍ നടന്ന എല്‍ഗര്‍ പരിഷത്ത് സമ്മേളനത്തില്‍ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളുമായി ബന്ധപ്പെട്ടാണു ഗൗതം നവ്ലാഖ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്. സമ്മേളനം കൊറേഗാവ്-ഭീമ യുദ്ധസ്മാരകത്തിനു സമീപം അക്രമത്തിനു കാരണമായെന്നാണു പൊലീസിന്റെ ആരോപണം.