മുംബൈ: എൽഗാർ പരിഷത്ത്-ഭീമ കൊറേഗാവ് കേസിൽ എട്ട് പേർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) മുംബൈ കോടതിയിൽ ഉപ കുറ്റപത്രം സമർപ്പിച്ചു. മലയാളികളായ ഫാ. സ്റ്റാൻ സ്വാമിയും പ്രൊ. ഹനി ബാബുവും അടക്കമുള്ളവർക്കെതിരെയാണ് എൻഐഎ പുതിയ കുറ്റപത്രം സമർപിച്ചത്.

ജനുവരിയിൽ പൂനെ പൊലീസിൽ നിന്ന് അന്വേഷണം ഏറ്റെടുത്ത എൻഐഎ സമർപ്പിക്കുന്ന ആദ്യ കുറ്റപത്രമാണിത്. അക്കാദമിക് പണ്ഡിതനായ ആനന്ദ് തെൽതുംബെ, ആക്ടിവിസ്റ്റ് ഗൗതം നവ്ലാഖ, ഡൽഹി യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസർ ഹാനി ബാബു, കബീർ കലാ മഞ്ച് സാസ്കാരിക സംഘടനയിലെ അംഗങ്ങളായ സാഗർ ഗോർഖെ, രമേശ് ഗയ്‌ചോർ, ജ്യോതി ജഗ്‌താപ് ഝാർഖണ്ഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെസ്യൂട്ട് പുരോഹിതനും ആദിവാസി അവകാശ പ്രവർത്തകനുമായ ഫാദർ സ്റ്റാൻ സ്വാമി, എന്നിവരെയും സി.പി.ഐയുടെ (മാവോയിസ്റ്റ്) സംഘടനയുടെ പ്രവർത്തകനാണെന്ന് ആരോപിക്കപ്പെടുന്ന നിലവിൽ ഒളിവിൽ കഴിയുന്നതായി പറയുന്ന മിലിന്ദ് ടെൽതുംബെയെയുമാണ് എൻഐഎ പ്രതിചേർത്തിട്ടുള്ളത്.

Read More: ഭീമ കൊറേഗാവ് കേസ്: ആരാണ് ഫാ. സ്റ്റാന്‍ സ്വാമി?

കേസിൽ നേരത്തെ അറസ്റ്റിലായ ഒമ്പത് പ്രതികൾക്കെതിരെ പൂനെ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. സുരേന്ദ്ര ഗാഡ്‌ലിംഗ്, മഹേഷ് റാവുത്ത്, സുധീർ ധവാലെ, റോണ വിൽസൺ, അരുൺ ഫെറേയ്റ, വെർണോൺ ഗോൺസാൽവസ്, പി വരവര റാവു, ഷോമ സെൻ, സുധ ഭരദ്വാജ് എന്നിവരായിരുന്നു നേരത്തേ അറസ്റ്റിലായത്.

വ്യാഴാഴ്ച അറസ്റ്റിലായ 83 കാരനായ സ്റ്റാൻ സ്വാമിയെ റാഞ്ചിയിൽ നിന്ന് മുംബൈയിലെത്തിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് കോടതിയിൽ ഹാജരാക്കി. ഒക്ടോബർ 23 വരെ അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ കോടതി നിർദ്ദേശിച്ചു. അദ്ദേഹത്തെ തലോജ സെൻട്രൽ ജയിലിലേക്കാണ് മാറ്റിയത്.

2017 ഡിസംബർ 31 ന് എൽഗാർ പരിഷത്ത് എന്ന പേരിൽ ശനിവർ വാഡയിൽ സംഘടിപ്പിച്ച പരിപാടിയുമായി ബന്ധപ്പെട്ട് പൂനെയിൽ 2018 ജനുവരി എട്ടിന് സമർപ്പിച്ച എഫ്‌ഐ‌ആറുമായി ബന്ധപ്പെട്ടാണ് കേസ്. മാവോയിസ്റ്റ് പ്രവർത്തനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ആരോപിച്ചാണ് പൂനെ പോലീസ് സാമൂഹ്യ പ്രവർത്തകരെ അറസ്റ്റ് ചെയ്തത്.

Read More: അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യപ്പെടുന്നു: സുപ്രീം കോടതി

ബ്രിട്ടീഷ് സൈന്യം നേടിയ ഭീമ കൊരേഗാവ് യുദ്ധത്തിന്റെ 200-ാം വാർഷികത്തിന്റെ ഓർമയ്ക്കായി ദലിത് സമുദായാംഗങ്ങൾ ഒത്തുചേർന്ന ഭീമ കൊരെഗാവിൽ 2018 ജനുവരി 1 ന് നടന്ന അക്രമസംഭവങ്ങളിലേക്ക് നയിച്ചത് എൽഗാർ പരിഷത്ത് യോഗമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.

1818 ല്‍ നടന്ന യുദ്ധത്തില്‍ ദലിത് സമുദായത്തിൽ നിന്നുള്ള സൈനികർ കുടുതലായുള്ള ബ്രിട്ടിഷ് സൈന്യം പേഷ്വകള്‍ക്കെതിരേ വിജയം നേടിയതിന്റെ സ്മരണ പുതുക്കുന്നതിനുള്ള ചടങ്ങായിരുന്നു 2018 ജനുവരി ഒന്നിന് സംഘടിപ്പിച്ചത്. ചടങ്ങിൽ പങ്കെടുത്തവർ ആക്രമിക്കുപ്പെടുകയും ചെയ്തിരുന്നു. സംഭവത്തിൽ അക്രമത്തിലേക്ക് നയിച്ചെന്നു പറഞ്ഞ് ഹിന്ദുത്വ നേതാക്കളായ മിലിന്ദ് എക്ബോട്ടെ, സാംബാജി ഭിഡെ എന്നിവർക്കെതിരേ ജനുവരി 2 ന് രജിസ്റ്റർ ചെയ്ത മറ്റൊരു എഫ്ഐആർ രജിസ്ട്രർ ചെയ്തിരുന്നു .

Read More: സമാധാന നൊബേൽ വേൾഡ് ഫുഡ് പ്രോഗ്രാമിന്

രണ്ടുവർഷമായി പൂനെ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കേസ് ഈ വർഷം ജനുവരിയിൽ എൻഐഎയ്ക്ക് കൈമാറിയത്. നിരോധിത സംഘടനയുമായി ബന്ധമുണ്ടെന്ന് കാണിക്കുന്നതരത്തിൽ ചില പ്രതികളുടെ ഉപകരണങ്ങളിൽ നിന്ന് കത്തുകളുടെയും രേഖകളുടെയും രൂപത്തിൽ തെളിവുകൾ കണ്ടെത്തിയതായി ഏജൻസികൾ അവകാശപ്പെടുന്നു.

കേസിൽ പ്രതിചേർക്കപ്പെട്ടവർ മാവോയിസ്റ്റ് ബന്ധം നിഷേധിക്കുകയും തങ്ങളെ വേട്ടയാടുകയാണെന്ന് പറയുകയും ചെയ്തിരുന്നു.

Read More: NIA chargesheets eight accused in Elgar Parishad-Bhima Koregaon case

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook