scorecardresearch
Latest News

ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത അഞ്ച് ആക്ടിവിസ്റ്റുകള്‍ ആരൊക്കെ?

മനുഷ്യാവകാശ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, അഭിഭാഷകര്‍, ട്രെയിഡ് യൂണിയന്‍ പ്രവര്‍ത്തകര്‍, ദലിത് ചിന്തകര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ നാനതുറകളില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് പൊലീസ് ചോദ്യം ചെയ്തത്. അവര്‍ ആരൊക്കെ എന്ന് പരിശോധിക്കുകയാണ് ഇവിടെ.

ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത അഞ്ച് ആക്ടിവിസ്റ്റുകള്‍ ആരൊക്കെ?

ഡല്‍ഹി : കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31ന് മഹാരാഷ്ട്രയില്‍ നടന്ന എല്‍ഗാര്‍ പരിഷത്ത് എന്ന പരിപാടിയുമായി ബന്ധമാരോപിച്ചുകൊണ്ടാണ് ഇന്നലെ രാജ്യവ്യാപകമായി മഹാരാഷ്ട്ര പൊലീസ് റെയിഡ് നടത്തുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, അഭിഭാഷകര്‍, ട്രെയിഡ് യൂണിയന്‍ പ്രവര്‍ത്തകര്‍, ദലിത് പത്രപ്രവര്‍ത്തകര്‍ എഴുത്തുകാര്‍ തുടങ്ങി സമൂഹത്തിന്റെ നാനതുറകളില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് പൊലീസ് ചോദ്യം ചെയ്തത്.

ഡല്‍ഹിയിലെ ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ ഗൗതം നവ്‌ലാഖ, ഹൈദരാബാദിലുള്ള എഴുത്തുകാരനും ആക്ടിവിസ്റ്റുമായ വരവര റാവു, വരവരവര റാവുവിന്റെ മകള്‍ അനല, ഭര്‍ത്താവും മാധ്യമ പ്രവര്‍ത്തകനുമായ കെവി കൂര്‍മനാഥ്, മുംബൈയില്‍ ആക്ടിവിസ്റ്റുകളായ വെര്‍ണോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ സുധാ ഭരദ്വജ്, റാഞ്ചിയിലെ ഫാദര്‍ സ്റ്റാന്‍ സ്വാമി, ദലിത് ചിന്തകനും എഴുത്തുകാരനുമായ ആനന്ദ് തെല്‍തുമ്പടെ എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ്.

വരവര റാവു, സുധാ ഭരദ്വജ്, അരുണ്‍ ഫെരേര, വേര്‍ണോര്‍ ഗോണ്‍സാല്‍വസ്, ഗൗതം നവലാഖ എന്നിവരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഭീമാ കൊറേഗാവിലെ അക്രമ സംഭവങ്ങള്‍ ആസൂത്രണം ചെയ്തവര്‍ എന്ന പേരില്‍ പൊലീസ് റെയിഡ് ചെയ്തതവര ആരൊക്കെ എന്ന് പരിശോധിക്കുകയാണ് ഇവിടെ :

സ്റ്റാന്‍ സ്വാമി, റാഞ്ചി (റെയിഡ്)
ജെസ്യൂട്ട് പാതിരിയായ സ്റ്റാന്‍ സ്വാമിയുടെ റാഞ്ചിയിലുള്ള വീട്ടിലാണ് പൂനെ പൊലീസ് റെയിഡ് നടത്തുന്നത്. ജൂലൈയില്‍ ‘ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്യുന്നു’ എന്നാരോപിച്ച് ജാര്‍ഖണ്ഡ് പൊലീസ് കേസെടുത്ത ആളാണ്‌ സ്റ്റാന്‍ സ്വാമി. ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാന്‍ സ്വാമിയും പാതാള്‍ഗഡി മുന്നേറ്റവും തമ്മിലുള്ള ബന്ധമാണ് കേസിലേക്ക് വഴിവച്ചത്. ആദിവാസികളുടെ പ്രദേശങ്ങളില്‍ പൊലീസിന്റെ നിരന്തര ഇടപെടലുകള്‍ ചോദ്യം ചെയ്യുന്നതായിരുന്നു മുന്നേറ്റം. ആദിവാസി ഗ്രാമസഭകളാണ് പൊലീസിന്റെ ഇടപെടലുകള്‍ നിഷേധിക്കുന്നത്.

എന്തിനാണ് ദൈവത്തിന് പകരം അംബേദ്‌കറിന്റെ ചിത്രം വയ്ക്കുന്നത്? മാര്‍ക്‌സിനെ വായിക്കുന്നത്?: അദ്ധ്യാപകനോട് പൊലീസ്

സ്റ്റാന്‍ സ്വാമി അടക്കം പത്തൊമ്പത് പേര്‍ക്ക് എതിരെയാണ് പൊലീസ് എഫ്ഐആര്‍ രേഖപ്പെടുത്തിയത്. നിസ്വാര്‍ത്ഥരും നിഷ്കളങ്കരുമായ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ പ്രചോദിപ്പിച്ചു എന്നും മറ്റും എഫ്ഐആറില്‍ പറയുന്നുണ്ട്. ആദിവാസി മഹാസഭാ അന്റെ ക്രിസ്തു ഭാരത്‌ പരിവാര്‍ എന്നീ സംഘടനകളെയും കേസില്‍ പെടുത്തിയിട്ടുണ്ട്.

കേസിന് മറുപടിയായി “ഞാനൊരു ദേശദ്രോഹിയാണോ?” എന്നൊരു തുറന്ന കത്തെഴുതുകയാണ് സ്റ്റാന്‍ സ്വാമി ചെയ്തത്. ആദിവാസികളെ അവരുടെ ഭൂമിയില്‍ നിന്നും കുടിയിറക്കുന്ന ഭരണകൂട നയങ്ങള്‍ക്കെതിരെ താന്‍ നിലകൊള്ളുന്നതായി സ്റ്റാന്‍ സ്വാമി എഴുതി. “അതെന്നെ ദേശദ്രോഹി ആക്കുന്നു എങ്കില്‍ ആയിക്കോട്ടെ” സ്റ്റാന്‍ സ്വാമി പറഞ്ഞു.

സ്വതന്ത്ര വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, റിസര്‍ച്ചര്‍, എഴുത്തുകാരന്‍ എന്നൊക്കെയാണ് ലിങ്ക്ഡ്ഇന്‍ പ്രൊഫൈലില്‍ സ്റ്റാന്‍ സ്വാമി വിശേഷിപ്പിക്കുന്നത്. ഓപറേഷന്‍ ഗ്രീന്‍ ഹണ്ട് അടക്കം മാവോയിസ്റ്റുകളെ സായുധമായി നേരിടുന്ന നടപടികള്‍ക്കെതിരെ അദ്ദേഹം മുന്നോട്ടുവന്നിരുന്നു. 2015ല്‍ ആദിവാസികളെ കേന്ദ്രീകരിച്ച് നടത്തിയ ‘ജാര്‍ഖണ്ഡിലെ വിചാരണ തടവുകാര്‍; എന്ന പഠനത്തിന് ഫണ്ട് നല്‍കിയത് സ്റ്റാന്‍ സ്വാമിയായിരുന്നു. ധനികരായവര്‍ ജാര്‍ഖണ്ഡിലെ പ്രകൃതി വിഭവങ്ങളുമായി അനായാസം കടന്നുകളയുമ്പോള്‍ ജാര്‍ഖണ്ഡിലെ ജയിലുകളില്‍ കൂടുതലായി കഴിയുന്നത് ആദിവാസികളാണ്.

സുധാ ഭരദ്വജ്, ഫരീദാബാദ് (അറസ്റ്റില്‍)
മനുഷ്യാവകാശ പ്രവര്‍ത്തക, അഭിഭാഷക, ട്രേഡ് യൂണിയന്‍ നേതാവ് തുടങ്ങി സമൂഹത്തില്‍ വിവിധ തരത്തിലുള്ള ഇടപെടലുകള്‍ നടത്തുന്നയാളാണ് അമ്പത്തിയേഴുകാരിയായ സുധാ ഭരദ്വജ്. യുഎസില്‍ ജനിച്ച സുധ ഭരദ്വജ് പതിനൊന്നാം വയസിലാണ് ഇന്ത്യയില്‍ വരുന്നത്. പതിനെട്ടാം വയസില്‍ യുഎസ് പൗരത്വം ഉപേക്ഷിച്ചു. അക്കാദമീഷ്യരും സാമ്പത്തിക വിദഗ്ധരുമായ രംഗനാഥ് ഭരദ്വജ് കൃഷ്ണാ ഭരദ്വജ് എന്നിവരുടെ മകളാണ് സുധാ ഭരദ്വജ്. നീണ്ട മുപ്പത് വര്‍ഷത്തോളം ചത്തീസ്ഗഡില്‍ ചെലവിട്ട സുധ 2017ലാണ് ഡല്‍ഹിയിലേക്ക് മാറുന്നത്. ഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപക കൂടിയാണ് സുധ. പീപ്പിള്‍സ്‌ യൂണിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ് (പിയുസിഎല്‍) സംഘടനയുടെ ജനറല്‍ സെക്രട്ടറിയായും സുധ പ്രവര്‍ത്തിക്കുന്നു.

സുധാ ഭരദ്വജ്

ചത്തീസ്ഗഡ് മുക്തി മോര്‍ച്ച എന്ന ട്രേഡ് യൂണിയനില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് സുധ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അവിഭക്ത മധ്യപ്രദേശിലെ ഖനി തൊഴിലാളികളുടെ ഇടയില്‍ പ്രവര്‍ത്തിച്ചിരുന്ന ട്രേഡ് യൂണിയന്‍ സുരക്ഷിതമായ തൊഴില്‍ പരിസരത്തിനും മെച്ചപ്പെട്ട വേതനത്തിനും വേണ്ടി നിരന്തരം സമരങ്ങള്‍ നയിച്ചു. 2000ത്തില്‍ നിയമ ബിരുദം നേടിയത് മുതല്‍ നിരവധി മനുഷ്യാവകാശ- തൊഴിലാളി പ്രശ്നങ്ങള്‍ വാദിച്ചു വരികയാണ് സുധാ ഭരദ്വജ്.

ബിലാസ്പൂരില്‍ കഴിയുന്ന സുധ ബത്സര്‍ സോളിഡാരിറ്റി നെറ്റ്‌വര്‍ക്കിന്റെയും ജഗ്ദല്‍പൂര്‍ ലീഗല്‍ എയിഡ് ഗ്രൂപ്പിന്റെയും ഭാഗമായി പ്രവര്‍ത്തിക്കുന്നു. 2013ല്‍ ബിലാസ്പൂരിലെ വന്ധീകരണ കൊലപാതകതിനെ തുടര്‍ന്ന്‍ അവര്‍ സര്‍ക്കാരുമായി നിരന്തരം വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. സുധാ ഭരദ്വജിന്റെ പരാതിയിന്മേല്‍ 2017 നവംബറില്‍ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുത്തിരുന്നു. 2007ല്‍ സാല്‍വാര്‍ ജുദൂം എന്ന പ്രത്യേക പൊലീസുകാര്‍ ഏഴ് പേരെ കൊന്നതും വീടുകള്‍ കത്തിച്ചുകളഞ്ഞതുമാണ് സംഭവം. ഇതിനുനേരെ കണ്ണടച്ച ചത്തീസ്ഗഡ് സുക്മ പൊലീസിനെ കടുത്ത ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശാസിച്ചത് ഭാഷയിലാണ്.

രാജ്യത്ത് നിലല്‍ക്കുന്നത് അടിയന്തരാവസ്ഥയോട് അടുത്ത അവസ്ഥയെന്ന് അരുന്ധതി റോയി

വരവര റാവു, ഹൈദരാബാദ് (അറസ്റ്റില്‍)
തെലുങ്ക് സാഹിത്യത്തിലെ അതിപ്രശസ്തനായ എഴുത്തുകാരന്‍, നിരൂപകന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍, മാര്‍ക്സിസ്റ്റ്‌ വിമര്‍ശകന്‍ തുടങ്ങി ഒട്ടനവധി വിശേഷണങ്ങളുണ്ട്‌ മാവോയിസ്റ്റ് അനുകൂലി കൂടിയായ വരവര റാവുവിന്. നക്സല്‍ രാഷ്ട്രീയം അതിശക്തമായിരുന്ന അവിഭക്ത ആന്ധ്രാപ്രദേശില്‍ സര്‍ക്കാരുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാകുന്നതിലും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിന്റെ പിന്നിലെ പ്രധാന ഇടപെടലും വരവര റാവുവിന്റേതായിരുന്നു. നക്സലൈറ്റ് ചിന്തകള്‍ പ്രചരിപിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘വിരസം’ എന്ന വിപ്ലവകാരികളായ എഴുത്തുകാരുടെ സംഘടനയുടെ സ്ഥാപക നേതാവ് കൂടിയാണ് വരവര റാവു.

പതിനഞ്ചോളം കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇരുപതോളം ഇന്ത്യന്‍ ഭാഷകളിലും അനേകം വിദേശ ഭാഷകളിലും തര്‍ജ്ജമ ചെയ്യപ്പെട്ടു. 1965 കാലഘട്ടത്തില്‍ ഒസ്മാനിയ സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ വരവര റാവു കുറച്ചുകാലം കേന്ദ്രസര്‍ക്കാരില്‍ ജോലിയനുഷ്ടിച്ചിട്ടുണ്ട്.

വരവര റാവു

1974ല്‍ വരവര റാവു അടക്കം നാല്‍പത് എഴുത്തുകാര്‍ക്കെതിരെ വിപ്ലവചിന്ത കുത്തിവെക്കുന്നു എന്ന് ആരോപിച്ച് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ കേസെടുക്കുകയുണ്ടായി. 1989 വരെ നീണ്ട വിചാരണയ്ക്ക് ഒടുവില്‍ കോടതി അവരെ വെറുതെ വിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലാന്‍ പദ്ധതിയിട്ടു എന്നാ ആരോപണമാണ് വരവര റാവുവിനെതിരെ ഒടുവിലായി വരുന്നത്. റിപബ്ലിക് ടിവി പുറത്തുവിട്ട കത്തിനുപിന്നാലെയായിരുന്നു ആരോപണം.

” എന്നെ കുടുക്കുന്നതിനായി കെട്ടിച്ചമച്ച കത്താണത്. ഇപ്പോള്‍ അറസ്റ്റിലായ സുരേന്ദ്ര ഗാഡ്‌ലിങ്ങിനെയും റൊണാള്‍ഡ് വില്‍സണെയും എനിക്കറിയാം. പ്രൊഫസര്‍ ജിഎന്‍ സായിബാബയുടെ ജയില്‍ മോചനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ എന്ന നിലയിലാണ് അവരെ എനിക്കറിയുന്നത്. അതിന്റെ അര്‍ഥം ഞങ്ങള്‍ നരേന്ദ്ര മോദിയെ കൊല്ലാന്‍ പദ്ധതിയിട്ടിരിക്കുന്നു എന്നല്ല.” ജൂണ്‍ 8ന് എക്‌സ്പ്രസിന് നാളിയ അഭിമുഖത്തില്‍ വരവര റാവു പറഞ്ഞു.

മലയാളിയായ റോണാ വിൽസൺ, സുധീർ ധാവ്‌ലെ, സുരേന്ദ്ര ഗാഡ്‌ലിങ്, ഷോമാ സെൻ, മഹേഷ് റൗട്ട് എന്നിവരെ അറസ്റ്റ് ചെയ്യുന്നതും ഭിമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ടാണ്. രാജീവ് ഗാന്ധി വധത്തിന് സമാനമായ രീതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ആസൂത്രണം ചെയ്തവരാണ് അറസ്റ്റിലായത് എന്നാണ് പൂനെ പൊലീസ് കോടതിയില്‍ നല്‍കിയ വിശദീകരണം. ഇവര്‍ അഞ്ചുപേരെ യുഎപിഎ ചുമത്തി യേര്‍വാഡാ സെന്‍ട്രല്‍ ജയിലിലടച്ചിരിക്കുകയാണിപ്പോള്‍.

ഗൗതം നവ്‌ലാഖ, ഡല്‍ഹി (അറസ്റ്റില്‍)

ഗൗതം നവ്‌ലാഖ

ഗ്വാളിയോറില്‍ ജനിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പീപിള്‍സ് യൂണിയന്‍ ഓഫ് ഡമോക്രാറ്റിക് റൈറ്റ്സിന്റെ സജീവ അംഗമാണ്. മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ഗൗതം നവ്‌ലാഖ കഴിഞ്ഞ കുറച്ചുകാലമായി ഡിജിറ്റല്‍ പ്ലാറ്റ്ഫോം ന്യൂസ്ക്ലിക്കിലെ കോളമിസ്റ്റാണ്. മുപ്പത് വര്‍ഷത്തോളം അക്കാദമിക് പ്രസിദ്ധീകരണമായ ഇക്കണോമിക് ആന്‍റ് പൊളിറ്റിക്കല്‍ (ഇപിഡബ്ല്യു) വീക്കിലിയിലും പ്രവര്‍ത്തിച്ചു. ഗൗതം നവ്‌ലാഖക്കെതിരെ ഒരു ക്രിമിനല്‍ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമായാണ്. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളെ റിപ്പോര്‍ട്ട് ചെയ്യുന്ന ‘ വിപ്ലവത്തിന്റെ ഹൃദയഭൂമിയിലെ രാവും പകലും’ ( Days and Nights in the Heartland of Rebellion) എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.

കശ്മീരിനെ കുറിച്ച് അദ്ദേഹം നടത്തിയ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരുകള്‍ക്ക് തലവേദനയായിട്ടുണ്ട്. ഈയടുത്തകാലത്തായി വരുന്ന അദ്ദേഹത്തിന്റെ എഴുത്തുകള്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ള ചത്തീസ്ഗഡ് പ്രദേശത്ത് നിന്നാണ്.

ആനന്ദ് തെല്‍തുമ്പ്ടെ, ഗോവ ( തിരച്ചിലില്‍)
എഴുത്തുകാരന്‍, ദലിത്- മാര്‍ക്സിസ്റ്റ്‌ ചിന്തകന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന ആനന്ദ് മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രോടക്ഷന്‍ ഓഫ് ഡെമോക്രാറ്റിക്‌ റൈറ്റ്സിന്റെ സജീവ പ്രവര്‍ത്തകനാണ്. എഞ്ചിനിയറിങ്ങിലും മാനേജ്മെന്റിലും വൈദഗ്ധ്യമുള്ള ആനന്ദ് അല്‍പകാലം കോര്‍പ്പറേറ്റുകളില്‍ സേവനമനുഷ്ടിച്ചു. ഇപ്പോള്‍ ഗോവാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ അദ്ധ്യാപകനാണ്.

ആനന്ദ് തെല്‍തുമ്പ്ടെ

ദലിതരുടെയും അരുകുവത്കരിക്കപ്പെട്ടവരുടെയും ജീവിതവുമായി ബന്ധപ്പെട്ട എഴുത്തുകളിലൂടെയാണ് തെല്‍തുമ്പ്ടെ അറിയപ്പെടുന്നത്. ഈ വര്‍ഷം പുറത്തിറങ്ങിയ ജാതിയുടെ റിപബ്ലിക് എന്ന പുസ്തകത്തില്‍ ഭരണഘടനയെ കുറിച്ചും ഹിന്ദുത്വത്തിന്റെ വളര്‍ച്ചയെ കുറിച്ചും ദലിത് ധ്രുവീകരണത്തെ കുറിച്ചും അദ്ദേഹം സമഗ്രമായി പ്രതിപാദിക്കുന്നുണ്ട്. ദലിത്- ആദിവാസി പ്രതിഷേധങ്ങളെ നക്സലൈറ്റുകളായി ചിത്രീകരിക്കുന്നത് ഭരണകൂട തന്ത്രമാണ് എന്നും മനുഷ്യത്വ ലംഘനമാണ് എന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു.

ദ് ഇന്ത്യന്‍ എക്‌സ്പ്രസ് അടക്കമുള്ള മാധ്യമങ്ങളില്‍ ഇടതുപക്ഷ, ദലിത് വിഷയങ്ങള്‍ പ്രതിപാദിക്കുന്ന കോളമിസ്റ്റ് കൂടിയാണ് തെല്‍തുമ്പ്ടെ.

ഗാന്ധിജി ഉണ്ടായിരുന്നുവെങ്കിൽ മോദി സർക്കാർ അറസ്റ്റ് ചെയ്തേനെ രാമചന്ദ്രഗുഹ

വെര്‍ണോണ്‍ ഗോണ്‍സാല്‍വസ്, മഹാരാഷ്ട്ര (അറസ്റ്റില്‍)
നിരോധിക്കപ്പെട്ട സിപിഐ മാവോയിസ്റ്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു എന്ന്‍ ആരോപിച്ചാണ് വെര്‍ണോണ്‍ ഗോണ്‍സാല്‍വസിനെ 2007ല്‍ ആദ്യമായി അറസ്റ്റ് ചെയ്യുന്നത്. വ്യാവസായിക മേഖലകളില്‍ യൂണിയന്‍ തൊഴിലാളികളെ ഉപയോഗിച്ച് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്നാണ് വെര്‍ണോണുമേല്‍ ആരോപിക്കപ്പെട്ട കുറ്റം. നക്സലൈറ്റ് ആണെന്ന് ആരോപിക്കപ്പെടുന്ന ശ്രീധര്‍ ശ്രീനിവാസനോടൊപ്പമായിരുന്നു അറസ്റ്റ്. അറസ്റ്റിനാസ്പദമായ പ്രധാന കേസില്‍ ഒമ്പത് ഡിറ്റോണേറ്ററുകള്‍, ഇരുപത് ജലാറ്റിന്‍ സ്റ്റിക്ക്, ഒരു വാക്കി ടാക്കി, ഒരു കമ്പ്യൂട്ടര്‍, നക്സലൈറ്റ് അനുകൂല പുസ്തകങ്ങള്‍ എന്നിവ പൊലീസ് തെളിവായി ഹാജരാക്കി.

വെര്‍ണോണ്‍ ഗോണ്‍സാല്‍വസ്

യുഎപിഎ, ആയുധം കൈയ്യില്‍ വെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തി 2014ല്‍ നാഗ്പൂര്‍ സെഷന്‍സ് കോടതി വെര്‍ണോണ് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. മംഗലാപുരത്തുകാരായ കത്തോലിക്കാ കുടുംബത്തില്‍ ജനിച്ച വെര്‍ണോണ്‍ ദക്ഷിണ മുംബൈയിലെ ബൈക്കുളയിലാണ് വളരുന്നത്. നഗരത്തിലെ കോളേജുകളില്‍ സാമ്പത്തിക ശാസ്ത്രം പഠിപ്പിച്ച വെര്‍ണോണ്‍ പിന്നീട് ജോലി ഉപേക്ഷിക്കുകയും തൊഴിലാളി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുകയുമായിരുന്നു. വിദര്‍ഭയിലെ തൊഴിലാളികളുടെ ഇടയിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്.

അരുണ്‍ ഫെരേര, മഹാരാഷ്ട്ര (അറസ്റ്റില്‍)
മുംബൈ സ്വദേശിയായ നാല്‍പത്തിയെട്ടുകാരന്‍ 2007 മുതല്‍ ജയിലിന് അകത്തും പുറത്തുമായി കഴിയുകയാണ്. 2007 മേയ് 8നാണ് അരുണ്‍ ഫെരേര ആദ്യമായി അറസ്റ്റിലാകുന്നത്. നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിനുവേണ്ടി പ്രചാരവേലയില്‍ ഏര്‍പ്പെട്ടു എന്നാരോപിച്ചായിരുന്നു അറസ്റ്റ്. രാജ്യദ്രോഹകുറ്റമടക്കം പത്തോളം കേസുകളാണ് അദ്ദേഹത്തിനെതിരെ പൊലീസ് ചാര്‍ത്തിയത്.

അരുണ്‍ ഫെരേര

നാല് വര്‍ഷത്തോളം തടവറയില്‍ കഴിഞ്ഞ ശേഷം 2011 സെപ്റ്റംബര്‍ 11ന് അദ്ദേഹം ജാമ്യത്തിലിറങ്ങി. ജാമ്യത്തിനിടയില്‍ ഒളിവിലാണ് എന്നാരോപിച്ച് വീണ്ടും അറസ്റ്റില്‍. 2012ല്‍ വീണ്ടും ജാമ്യം. 2014ല്‍ എല്ലാ കേസുകളില്‍ നിന്നും മോചിതനായി. ജയിലില്‍ അനുഭവിക്കേണ്ടിവന്ന പൊലീസ് ഭീകരതയെ കുറിച്ചും ജയില്‍ ജീവിതത്തെ കുറിച്ചും ‘കളേഴ്സ് ഓഫ് ദ് കേജ്’ എന്ന പുസ്തകം എഴുതിയിട്ടുണ്ട്. 2015ല്‍ മഹാരാഷ്ട്രാ ബാര്‍ കൗണ്‍സിലില്‍ നിന്ന് അഭിഭാഷക ലൈസന്‍സ്. നിലവില്‍ അഭിഭാഷകനായി പ്രവര്‍ത്തിക്കുന്നു.

കഴിഞ്ഞ ആഴ്ചകളിലായി വായുവും വെളിച്ചവും ലഭിക്കാത്ത ജയിലറകളെ കുറിച്ച് പല വെബ് പോര്‍ട്ടലുകളിലും എഴുതുകയുണ്ടായി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Elgar five arrested in elgar parishad probe activists with prior arrests to priest lawyer and poet