ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ആക്ടിവിസ്റ്റുകളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്‌ത സംഭവത്തില്‍ കേസ് ഡയറി ഹാജരാക്കണമെന്ന് മഹാരാഷ്ട്ര പൊലീസിന് സുപ്രീം കോടതിയുടെ നിർദേശം. സെപ്റ്റംബര്‍ 24നുള്ളില്‍ ഡയറി സമര്‍പ്പിക്കണം എന്നാണ് നിർദേശം. കേസ് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ചരിത്രകാരി റോമിലാ ഥാപ്പര്‍ അടങ്ങുന്ന സാമൂഹിക- സാംസ്കാരിക പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു പരമോന്നത കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

കവിയായ വരവര റാവു, ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരുമായ വെര്‍ണോന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, സുധാ ഭരദ്വാജ്, മാധ്യമപ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖ എന്നിവരെയാണ് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31ന് മഹാരാഷ്ട്രയില്‍ നടന്ന എല്‍ഗാര്‍ പരിഷത്ത് എന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഭിമാ കൊറേഗാവ് കലാപങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് എല്‍ഗര്‍ പരിഷത്താണ് എന്നാണ് പൊലീസ് ഭാഷ്യം.

അറസ്റ്റിലായവര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചതായും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വകവരുത്താന്‍ പദ്ധതിയിട്ടതായും പൊലീസ് ആരോപിക്കുന്നു. സര്‍ക്കാരിനെ എതിര്‍ക്കുന്നതും അട്ടിമറിക്കാന്‍ ശ്രമിക്കുന്നതും തമ്മില്‍ കാതലായ അന്തരമുണ്ട് എന്ന് ചൂണ്ടിക്കാണിച്ച സുപ്രീം കോടതി അതിനുള്ള തെളിവ് ഹാജരാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇതിനു മുൻപ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ആറുപേരുടെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്ത വസ്തുക്കള്‍ ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്യാന്‍ തക്ക തെളിവാണ് എന്ന് മഹാരാഷ്ട്ര പൊലീസ് പറഞ്ഞു. അറസ്റ്റില്‍ കോടതി ഇടപെടല്‍ ഉണ്ടായ ശേഷവും മാധ്യമങ്ങളോട് സംസാരിച്ചതിന്റെ പേരില്‍ മഹാരാഷ്ട്രാ പൊലീസിനെ സുപ്രീം കോടതി ശാസിച്ചിരുന്നു.

ആക്ടിവിസ്റ്റുകള്‍ എങ്ങിനെ നേരിട്ട് സുപ്രീം കോടതിയെ ബന്ധപ്പെട്ടു എന്ന ചോദ്യമാണ് മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത ഉയര്‍ത്തിയത്. “എല്ലാ കേസുകള്‍ക്കും നേരിട്ട് സുപ്രീം കോടതിയില്‍ പോകാനാകില്ല. അതൊരു തെറ്റായ രീതിയാണ്”തുഷാര്‍ മെഹ്ത വാദിച്ചു. അതേസമയം കേസ് അന്വേഷണം സുപ്രീ കോടതിയുടെ മേല്‍നോട്ടത്തിലാവണം എന്നതിനാലാണ് സുപ്രീം കോടതിയെ സമീപിച്ചത് എന്ന് മറുഭാഗവും വാദിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ