ന്യൂഡല്ഹി: എൽഗാർ പരിഷത്ത് കേസുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അഭിഭാഷകരും ആക്ടിവിസ്റ്റുകളുമായ അഞ്ച് പേരെ അറസ്റ്റ് ചെയ്തിനെതിരെ മുൻ ജഡ്ജിമാർ രംഗത്തു വന്നു. തങ്ങളാണ് എൽഗാർ പരിഷത്തിനായി പണം സ്വരൂപിച്ച് നൽകിയതെന്നും മുൻ ജഡ്ജ് പറഞ്ഞു. പുണെയിൽ 2017 ഡിസംബർ 31 ന് നടന്ന പരിപാടിയുടെ കൺവീനമാർ മുൻ ജഡ്ജിമാരായിരുന്ന ജസ്റ്റിസ് ബി.ജി.ഖോൽസെ പാട്ടീലും ജസ്റ്റിസ് പി.ബി.സാവന്തുമായിരുന്നു. തങ്ങളാണ് എൽഗാർ പരിഷത്ത് പരിപാടിക്കായുളള പണം സ്വരൂപിച്ചതെന്ന് കൊൽക്കത്തയിൽ നടന്ന പരിപാടിയിൽ ഖോൽസെ ഉറപ്പിച്ചു പറഞ്ഞു.
“മാവോയിസ്റ്റുകൾ ദലിതുകൾക്ക് പ്രകോപനം ഉണ്ടാക്കാൻ പണം നൽകിയെന്ന ആരോപണം അസത്യമാണ്. അതുകൊണ്ട് തന്നെ ഈ മീറ്റിങ്ങിന് മാവോയിസ്റ്റുകൾ പണം നൽകിയെന്ന് പറയുന്നത് നുണയാണ്.” ഖോൽസെ പാട്ടീൽ പറഞ്ഞു. “ഞങ്ങളായിരുന്നു പ്രധാന സംഘാടകരും അതിന്റെ മുഴുവൻ സാമ്പത്തികം നൽകിയതും. മാവോയിസ്റ്റുകളിൽ നിന്നും പണം വാങ്ങേണ്ട ആവശ്യമൊന്നും ഇല്ല” ബോംബെ ഹൈക്കോടതിയിലെ മുൻ ജഡ്ജിയായിരുന്ന ഖോൽസെ അടുത്തിടെ നടന്ന അറസ്റ്റുകൾക്കെതിരെ ആഞ്ഞടിച്ചു.
കഴിഞ്ഞ മാസമാണ് വരവര റാവു, സുധാ ഭരദ്വാജ് , ഗൗതം നവ്ലാഖ, വെർണൻ ഗൊൺസാൽവസ്, അരുണ ഫെറേറിയ എന്നിവരെ പൊലീസ് ഈ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.
രാജ്യത്തെ പൊതുസ്ഥിതിയിൽ വയോധികനായ ന്യായാധിപൻ അത്യന്തം ഉത്കണ്ഠ പ്രകടിപ്പിച്ചു. ” 200 വർഷങ്ങളായി ബ്രാഹ്മണിസ ആധിപത്യമാണ് രാജ്യത്ത് ഉളളത്. അത് ഇന്നും നിലനിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് നടന്ന മൂന്ന് അന്വേഷണങ്ങളിലും ഉയർന്നു വന്നത് ഹിന്ദുത്വ നേതാക്കളായ മിലിന്ദ് എക്ബോതെയും സാംബാജി ബിന്ദെയുടെയും പേരുകളാണ്. എന്നാൽ അവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പകരം വിവിധ പ്രവർത്തനങ്ങളുമായി സമൂഹത്തിലിടപെടുന്ന മാന്യന്മാരായ വ്യക്തികളെയാണ് അറസ്റ്റ് ചെയ്തതതെന്നും അദ്ദേഹം പറഞ്ഞു.
‘വ്യാജ ഏറ്റുമുട്ടലുകളും ജനങ്ങൾക്കെതിരായ യുദ്ധവും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പൊതു പരിപാടിയിലാണ് ജഡ്ജി ആഞ്ഞടിച്ചത്. ‘ഹിന്ദുത്വശക്തികളും വർഗീയതയും’എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു മുൻ ജഡ്ജി. എപിഡിആർ, ബസ്തർ സോളിഡാരിറ്റി നെറ്റ്വർക്ക്, കമ്മിറ്റി ഫോർ റിലീസ് പൊളിറ്റിക്കൽ പ്രസിണേഴ്സ്, ഡബ്ല്യുഎസ്എസ്, എഐപിഎഫ് എന്നീ സംഘടനകളാണ് പൊതുസമ്മേളനം സംഘടിപ്പിച്ചത്.
നേരത്തെ സുപ്രീം കോടതിയിലെ മുൻ ജഡ്ജിയായിരുന്ന ആർ.എം.ലോധ എൽഗാർ പരിഷത്ത്, ഭീമാ കൊറേഗാവ് സംഭവുമായി ബന്ധപ്പെട്ട് ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ശക്തമായി രംഗത്തെത്തിയിരിന്നു. അഭിപായ സ്വാതന്ത്ര്യത്തിന് നേരെയുളള കടന്നാക്രമാണ് ഇതെന്നും വിയോജിപ്പുകളെ അടിച്ചമർത്തുന്ന സർക്കാരിന്റെ സമീപനമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങൾക്കെതിരായ ആക്രമണമാണിതെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
പി.ബി.സാവന്ത് ഉൾപ്പടെ നിരവധി നിയമപണ്ഡിതരും പൗരപ്രമുഖരും ബുദ്ധിജീവികളും അധ്യാപകരും ഉൾപ്പടെ സമൂഹത്തിലെ വിവിധ തുറകളിൽപ്പെട്ടവർ ഈ അറസ്റ്റുകൾക്കെതിരെ രംഗത്ത് വന്നിരുന്നു. റൊമീലാ ഥാപ്പർ ഉൾപ്പടെയുളളവർ ഈ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയും അറസ്റ്റ് കോടതി തടയുകയും ചെയ്തിരുന്നു.