scorecardresearch

എല്‍ഗര്‍ പരിഷത്ത് കേസ് : കുറ്റപത്രം സമര്‍പ്പിക്കാന്‍ 90 ദിവസം വേണമെന്ന് പൂനെ പൊലീസ്

യുഎപിഎ പോലുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്തിയായിരുന്നു അറസ്റ്റ്

elgar parishad arrest, maoist arrest,

മുംബൈ : എല്‍ഗര്‍ പരിഷത്ത് എന്ന പരിപാടിയുമായി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മാവോയിസ്റ്റുകളാണ് എന്ന് തെളിയിക്കാന്‍ 90 ദിവസത്തെ സമയം ആവശ്യപ്പെട്ട് പൂനെ സിറ്റി പൊലീസ്. നിരോധിത സംഘടനയായ കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ- മാവോയിസ്റ്റുമായി ബന്ധമുണ്ട് എന്നാരോപിച്ചാണ് ജൂണ്‍ 6ന് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി രാജവ്യാപകമായ റെയിഡും അറസ്റ്റും നടക്കുന്നത്.

പൂനെ സ്വദേശി തുഷാര്‍ ദാംഗുഡെ നല്‍കിയ പരാതിയില്‍ മുംബൈയില്‍ നിന്നുള്ള റിപബ്ലിക്കന്‍ പാന്തേഴ്സിലെ ഹര്‍ഷാലി പോട്ട്ധാര്‍, സുധീര്‍ ധാവളെ പൂനെയില്‍ നിന്നുള്ള കബീര്‍ കലാ മഞ്ച് അംഗങ്ങളായ സാഗര്‍ ഗോര്ഖെ, രമേശ്‌ ഗയ്ചോര്‍, ജ്യോതി ജഗ്തപ്, ദീപക് ധെങലെ എന്നിവരുടെ പേരും ഉണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ ഒട്ടനവധി മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തുകയുണ്ടായി.

ഭീമാ കൊറേഗാവില്‍ ദലിതര്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ക്ക് വഴിവച്ചത് ഡിസംബര്‍ 31ന് നടന്ന എല്‍ഗാര്‍ പരിഷത്തിന്റെ പരിപാടിയായിരുന്നു എന്നാണ് മഹാരാഷ്ട്രാ പൊലീസ് അവകാശപ്പെടുന്നത്. ” ബന്ധങ്ങളെല്ലാം സ്ഥിരീകരിച്ചതിന് ശേഷം മാത്രമാണ് വിവിധ നഗരങ്ങളില്‍ കഴിയുന്ന ഈ ആളുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുള്ളവരാണ് ഇവര്‍ എന്നുള്ളതിന് ഞങ്ങളുടെ പക്കല്‍ കൃത്യമായ തെളിവുകളുണ്ട്.” പൊലീസ് എഡിജിപി പരം ബീര്‍ സിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നേരത്തെ അറസ്റ്റിലായ മലയാളി റോണോ വില്‍സണിന്റെ ലാപ്ടോപില്‍ നിന്ന് കണ്ടെടുത്ത രേഖകളാണ് മഹാരാഷ്ട്ര പൊലീസ് തെളിവായി അവകാശപ്പെടുന്നത്. “രാജീവ് ഗാന്ധിയുടേതിന് സമാനമായ രീതിയില്‍ മോദി-രാജ് ഇല്ലാതാക്കും എന്നാണ് റോണാ വില്‍സണ്‍ ഒരു സിപിഐ മാവോയിസ്റ്റ് നേതാവിന് അയച്ച കത്തില്‍ പറയുന്നത്,” പാസ്സ്‌വേര്‍ഡോട് കൂടിയ ആയിരക്കണക്കിന് രേഖകളാണ് ലാപ്ടോപില്‍ നിന്ന് കണ്ടെത്തിയത് എന്ന് പൊലീസ് ആരോപിക്കുകയുണ്ടായി.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31ന് മഹാരാഷ്ട്രയില്‍ നടന്ന എല്‍ഗര്‍ പരിഷത്ത് എന്ന പരിപാടിയുമായി ബന്ധമാരോപിച്ചുകൊണ്ടാണ് രാജ്യവ്യാപകമായി മഹാരാഷ്ട്ര പൊലീസ് റെയ്ഡ് നടത്തുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, അഭിഭാഷകര്‍, ട്രെയിഡ് യൂണിയന്‍ പ്രവര്‍ത്തകര്‍, ദലിത് പത്രപ്രവര്‍ത്തകര്‍, എഴുത്തുകാര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് പൊലീസ് ചോദ്യം ചെയ്തതും അറസ്റ്റ് ചെയ്തതും. യുഎപിഎ പോലുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്തിയാണ് ഇവരുടെ അറസ്റ്റ്

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Elgaar parishad case police seek extension chargesheet arrested june