മുംബൈ: മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത അഞ്ച് സാമൂഹിക, മനുഷ്യാവകാശ പ്രവർത്തകരെ സെപ്റ്റംബര്‍ അഞ്ച് വരെ വീട്ടു തടങ്കലില്‍ പാര്‍പ്പിക്കാന്‍ സുപ്രീം കോടതി പുണെ പൊലീസിന് നിർദ്ദേശം നല്‍കി. അഞ്ച് പേരുടേയും അറസ്റ്റിനെതിരെ ചരിത്രകാരിയായ റോമില ഥാപ്പറാണ് സുപ്രീം കോടതിയെ സമീപിച്ചത്. അഞ്ച് ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തതിനെതിരെ നൽകിയ പരാതിയിൽ മഹാരാഷ്ട്രയുടെ പ്രതികരണം സുപ്രീം കോടതി ആരാഞ്ഞു.
ഭീമാ കൊറെഗാവ് ആക്രമണങ്ങളുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാൽ ഈ കേസിൽ അടുത്ത വാദം കേൾക്കൽ കഴിയുന്നത് വരെ അവരവരുടെ വീടുകളിൽ തടഞ്ഞുവയ്ക്കുകയല്ലാതെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. സെപ്റ്റംബര്‍ 6ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിയോജിപ്പ് ജനാധിപത്യത്തിന്റെ സുരക്ഷാ വാൽവാണ്” എന്ന് സുപ്രീം കോടതി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് അഭിപ്രായപ്പെട്ടു. വിയോജിപ്പിന് അനുവാദം നല്‍കിയില്ലെങ്കില്‍ ‘പ്രഷര്‍ കുക്കര്‍’ പൊട്ടിത്തെറിക്കാന്‍ അത് കാരണമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അറസ്റ്റിലായവരില്‍ മൂന്ന് പേരെ പുണെ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ദലിതുകളും സവര്‍ണ്ണരും ഏറ്റുമുട്ടിയ ഭീമ-കൊറെഗാവ് സംഘര്‍ഷ കേസിൽ മാവോവാദി ബന്ധം ആരോപിച്ച് മഹാരാഷ്ട്ര പൊലീസ് അറസ്റ്റു ചെയ്ത തെലുങ്ക് കവി വരവര റാവു, മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിഭാഷകരുമായ വെര്‍നന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെറേറ എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കിയത്.
ഫരീദാബാദില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ സുധ ഭരദ്വാജ്, ഡല്‍ഹിയില്‍ അറസ്റ്റിലായ പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഗൗതം നവ്ലാഖ എന്നിവരെ പുണെയിലേക്ക് കൊണ്ടുവരുന്നത് യഥാക്രമം പഞ്ചാബ്-ഹരിയാന ഹൈക്കോടതിയും ഡല്‍ഹി ഹൈക്കോടതിയും തടഞ്ഞു. മഹാരാഷ്ട്ര പൊലീസിന്റെ മറാത്തിയിലുള്ള കേസ് രേഖകള്‍ എങ്ങിനെയാണ് കീഴ്കോടതികള്‍ക്ക് മനസ്സിലായതെന്ന് ചോദിച്ചുകൊണ്ടാണ് ഹൈക്കോടതികള്‍ ഇവരുടെ ട്രാന്‍സിറ്റ് കസ്റ്റഡി തടഞ്ഞത്. മഹാരാഷ്ട്ര പൊലീസ് ബുധനാഴ്ച കേസ് രേഖകള്‍ ഇംഗ്ളീഷില്‍ വിവര്‍ത്തനം ചെയ്ത് അതത് ഹൈക്കോടതികളില്‍ സമര്‍പ്പിക്കും.
ഹർജിയില്‍ വിധി തീര്‍പ്പാക്കുംവരെ സുധ, ഗൗതം എന്നിവരെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാനാണ് നിർദ്ദേശം. 1818 ല്‍ ഉന്നത ജാതരായ പെഷ്വാ സൈന്യത്തിന് എതിരെ ദലിത് വിഭാഗത്തിലെ മെഹറുകള്‍ നേടിയ ഭിമ-കൊറെഗാവ് യുദ്ധ വിജയത്തിന്റെ 200-ാം ആഘോഷ ദിനത്തിലാണ് ജനുവരി ഒന്നിന് പുണെയില്‍ ദലിത്-സവര്‍ണ്ണ സംഘര്‍ഷമുണ്ടായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദലിതുകളും സാമൂഹിക പ്രവർത്തകരും ആഘോഷത്തിന് ഒത്തുകൂടിയതായിരുന്നു. ദലിതുകള്‍ക്ക് പിന്തുണ നല്‍കിയും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന് എതിരെ ചോദ്യങ്ങളുയര്‍ത്തിയും വിവിധ ഇടത്, ദലിത്, മറാത്ത സംഘടനകള്‍ ഒന്നിച്ചിരുന്നു.
ഇവര്‍ 2017 ഡിസംബര്‍ 31 ന് നടത്തിയ എല്‍ഗാര്‍ പരിഷത്ത് വന്‍ വിജയവുമായിരുന്നു. എല്‍ഗാര്‍ പരിഷത്തിലെ പ്രഭാഷണങ്ങളാണ് കലാപത്തില്‍ കലാശിച്ചതെന്ന് ആരോപിച്ച് തുഷാര്‍ ദംഗുഡെ നല്‍കിയ പരാതിയിലാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എഴുത്തുകാര്‍, അഭിഭാഷകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ പുണെ പൊലീസ് അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റുകളാണ് എല്‍ഗാര്‍ പരിഷത്തിന് പിന്നിലെന്നാണ് പൊലീസിന്റെ ആരോപണം.
ശിവ് പ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍ സ്ഥാപകന്‍ ഭിഡെ ഗുരുജിയുടെ പ്രേരണ പ്രകാരം നുഴഞ്ഞുകയറിയ സവര്‍ണ്ണരാണ് കലാപം നടത്തിയതെന്നാണ് ദലിത് പ്രവർത്തകരുടെ ആരോപണം. ഇത് ചൂണ്ടിക്കാട്ടി പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുത്തില്ല.