മുംബൈ: എല്‍ഗാര്‍ പരിഷത്ത് കേസില്‍ ബന്ധമാരോപിച്ച് ജയിലിലടച്ച സാമൂഹ്യപ്രവർത്തകൻ ഫാ. സ്റ്റാന്‍ സ്വാമിയുടെ ആശുപത്രി വാസം ജൂലൈ അഞ്ചു വരെ നീട്ടി ബോംബെ ഹൈക്കോടതി നീട്ടി. അദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന ആശുപത്രി റിപ്പോര്‍ട്ട് കണക്കിലെടുത്താണ് ഉത്തരവ്.
എണ്‍പത്തിനാലുകാരനായ ഫാ.സ്റ്റാന്‍ സ്വാമി നിലവില്‍ ബാന്ദ്രയിലെ ഹോളി ഫാമിലി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. സ്റ്റാന്‍ സ്വാമിയെ രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ആശുപത്രിയിലേക്കു മാറ്റാന്‍ മേയ് 28നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതാണിപ്പോള്‍ നീട്ടിയിരിക്കുന്നത്.
ജസ്യൂട്ട് വൈദികനും ആക്ടിവിസ്റ്റുമായ സ്റ്റാന്‍സ്വാമിയെ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ റാഞ്ചിയില്‍നിന്നാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. തലോജ ജയിലില്‍നിന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റിയത്.
സ്വാമിയ്ക്കു ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടെന്നും ആശുപത്രിയില്‍ തുടരാന്‍ അനുവദിക്കണമെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജയരായ മുതിര്‍ന്ന അഭിഭാഷകന്‍ മിഹിര്‍ ദേശായി വാദിച്ചു. ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച ജസ്റ്റിസ് എസ്.എസ്. ഷിന്‍ഡെ, ജസ്റ്റിസ് എന്‍.ജെ ജമാദാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സ്വാമിയ്ക്കു ഗുരുതരമായ മെഡിക്കല്‍ പ്രശ്നങ്ങള്‍ രേഖപ്പെടുത്തിയത് നിരീക്ഷിച്ചു.സ്റ്റാന്‍സ്വാമിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള പ്രത്യേക കോടതി ഉത്തരവിനെതിരായ അപ്പീല്‍ പരിഗണിക്കുമ്പോഴായിരുന്നു ഇത്.
ആരോഗ്യസ്ഥിതി മോശമായ സ്റ്റാന്‍സ്വാമിയെ ഐസിയുവിലേക്കു മാറ്റിയതായും കൂടുതല്‍ ‘തീവ്രപരിചരണം’ ആവശ്യമാണെന്നുമുള്ള ആശുപത്രി റിപ്പോര്‍ട്ടിലുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച് പ്രതികരിക്കാന്‍ എന്‍ഐഎ രണ്ടാഴ്ചത്തെ സമയം തേടി. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹര്‍ജിക്കാരന്റെ അഭിഭാഷകന്റെ സമ്മതത്തോടെ എന്‍ഐഎയ്ക്കും ജയില്‍ അധികൃതര്‍ക്കും നല്‍കാന്‍ ഹൈക്കോടതി, റജിസ്ട്രിക്കു നിര്‍ദേശം നല്‍കി. സ്വാമിയുടെ ഹര്‍ജിയില്‍ കോടതി ജൂലൈ മൂന്നിനു കൂടുതല്‍ വാദം കേള്‍ക്കും.
Also Read: ഡൽഹി കലാപക്കേസ്: വിദ്യാർഥികൾ ജയിൽമോചിതരായി
സ്വാമിയെ ഹോളി ഫാമിലി ഹോസ്പിറ്റലിലേക്കു മാറ്റുന്നതിനെ എന്‍ഐഎ നേരത്തെ ഹൈക്കോടതിയില്‍ എതിര്‍ത്തിരുന്നു. ചികിത്സയ്ക്കു ജെ ജെ ഹോസ്പിറ്റലില്‍ മതിയായ സൗകര്യങ്ങളുള്ളതിനാല്‍ സ്വാമിയെ ഹോളി ഫാമിലി ഹോസ്പിറ്റലിലേക്കു മാറ്റേണ്ട ആവശ്യമില്ലെന്നായിരുന്നു എന്‍ഐഎയുടെ വാദം. ഇതിനെ മറികടന്നുകൊണ്ടാണ് സ്വാമിയെ ആശുപത്രിയിലേക്കു മാറ്റാന്‍ ജയില്‍ അധികൃതര്‍ക്കു കോടതി നിര്‍ദേശം നല്‍കിയത്. ചികിത്സാ ചെലവ് സ്വാമി വഹിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.
താഴ്ന്ന രക്തസമ്മര്‍ദ്ദം, ശ്രവണ നഷ്ടം, പാര്‍ക്കിന്‍സണ്‍സ് രോഗം തുടങ്ങി നിരവധി മെഡിക്കല്‍ പ്രശ്നങ്ങള്‍ നേരിടുന്ന സ്റ്റാന്‍ സ്വാമിയ്ക്കു മേയ് 30 ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഹൈക്കോടതി കോടതി ഉത്തരവിട്ട അന്നു തന്നെ സ്വാമിയെ ആശുപത്രിയിലേക്കു മാറ്റുകയും ഐസിയുവില്‍ ഓക്‌സിജന്‍ പിന്തുണ നല്‍കുകയും ചെയ്തിരുന്നു.