പൂനെ: വീട്ടുതടങ്കൽ നീട്ടണമെന്ന ഹർജി പരിഗണിക്കുന്നത്, മുംബൈ ഹൈക്കോടതി നീട്ടിയതോടെ, എൽഗാർ പരിഷത്തുമായി ബന്ധപ്പെട്ട കേസിൽ പൗരാവകാശ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അരുൺ ഫെരേരയെ താനയിൽ നിന്നും വെർണൻ ഗോൺസാൽവസിനെ മുംബൈയിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
സിപിഐ മാവോയിസ്റ്റുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ ആഗസ്റ്റ് 28 നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ നാല് മാസത്തേക്ക് വീട്ടുതടങ്കലിൽ വിട്ടുകൊണ്ടുളള സുപ്രീം കോടതി ഉത്തരവ് ഇന്നാണ് അവസാനിച്ചത്.
പൂനെ സെഷൻസ് കോടതി ജാമ്യാപേക്ഷ തളളിയതോടെയാണ് അരുൺ ഫെരേരയും വെർണൻ ഗോൺസാൽവസും വീട്ടുതടങ്കൽ നീട്ടണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. കേസ് നവംബർ ഒന്നിലേക്ക് കോടതി നീട്ടിവച്ചതോടെയാണ് വീണ്ടും പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
സുധ ഭരദ്വാജ്, പി വരവരറാവു, ഗംതം നവലേഖ എന്നിവർക്കൊപ്പമാണ് ഇരുവരും അറസ്റ്റിലായത്. സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് എല്ലാവരെയും നാല് ആഴ്ചത്തേക്ക് വീട്ടുതടങ്കലിൽ വിടുകയായിരുന്നു.
ജനുവരി എട്ടിന് തുഷാർ ദാംഗുഡെ എന്ന പൂനെ സ്വദേശിയാണ് ഇവർക്കെതിരെ പൊലീസിനെ സമീപിച്ചത്. ദളിതരെ തെറ്റിദ്ധരിപ്പിച്ച് ആക്രമണത്തിലേക്ക് നയിച്ചുവെന്നാണ് ഇവർക്കെതിരെ ചുമത്തപ്പെട്ട കുറ്റം. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എല്ലാവർക്കും എതിരെ യുഎപിഎ നിയമപ്രകാരം ആണ് കേസെടുത്തിരിക്കുന്നത്.