/indian-express-malayalam/media/media_files/uploads/2020/04/elgar-parishad-case.jpg)
പൂനെ: എല്‍ഗാര്‍ പരിഷദ് കേസില്‍ സാമൂഹ്യ പ്രവര്‍ത്തകനായ ആനന്ദ് തെല്‍തുംബ്‌ഡെയുടെ എന്‍ഐഎ കസ്റ്റഡി പ്രത്യേക കോടതി ഏപ്രില്‍ 25 വരെ നീട്ടി. ഇന്ത്യയുടെ ഭരണഘടനാ ശില്‍പിയായ ചെറുമകളുടെ ഭര്‍ത്താവായ ആനന്ദിന് ഏപ്രില്‍ 15-നാണ് സാമൂഹ്യ പ്രവര്‍ത്തകനായ ഗൗതം നവ്‌ലഖയ്‌ക്കൊപ്പം എന്‍ഐഎയുടെ മുന്നില്‍ കീഴടങ്ങിയശേഷം അറസ്റ്റ് ചെയ്തത്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കീഴടങ്ങിയത്.
2017 ഡിസംബര്‍ 31-ന് പൂനെയിലെ ശനിവാര്‍ വാദയില്‍ നടന്ന എല്‍ഗാര്‍ പരിഷദ് പരിപാടിയാണ് പിറ്റേദിവസം ഭീമ കൊറോഗാവില്‍ നടന്ന അക്രമങ്ങള്‍ക്ക് കാരണമായതെന്ന് എന്‍ഐഎ ആരോപിച്ചു. ആനന്ദിനും ഗൗതമിനുമൊപ്പം അനവധി സാമൂഹ്യ പ്രവര്‍ത്തകര്‍ക്കെതിരെ പുനെ പൊലീസ് മാവോയിസ്റ്റ് ബന്ധം ആരോപിച്ചും ഭീമ കൊറോഗാവ് അക്രമങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ചും കേസ് എടുത്തിരുന്നു. എന്നാല്‍ ഇവര്‍ കുറ്റം നിഷേധിച്ചു.
ഇവരെ 10 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു.
ഒരു അധ്യാപകന്‍, പൗരാവകാശ പ്രവര്‍ത്തകന്‍, ബുദ്ധിജീവി എന്നീ നിലകളില്‍ രാജ്യത്തിനുവേണ്ടി അഞ്ച് ദശാബ്ദത്തിലധികം കളങ്കരഹിതമായ സേവനം താന്‍ ചെയ്തിട്ടുണ്ടെന്ന് ആനന്ദ് തിങ്കളാഴ്ച പുറത്ത് വിട്ട തുറന്ന കത്തില്‍ പറഞ്ഞിരുന്നു.
കരിനിയമങ്ങള്‍ ഉപയോഗിച്ചാണ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.