scorecardresearch
Latest News

പിറന്ന കാട് തേടി അലയുന്ന കൊമ്പൻ; ചിന്നത്തമ്പിയുടെ പ്രയാണം നൊമ്പരമാകുന്നു

സ്വന്തം നാടു തേടി, ചിന്നത്തമ്പി നടത്തുന്ന യാത്ര കാടുംമേടും ഗ്രാമങ്ങളും നഗരങ്ങളും താണ്ടി തുടരുകയാണ്

പിറന്ന കാട് തേടി അലയുന്ന കൊമ്പൻ; ചിന്നത്തമ്പിയുടെ പ്രയാണം നൊമ്പരമാകുന്നു

കൊച്ചി:  മനുഷ്യനു മാത്രമല്ല മൃഗങ്ങള്‍ക്കും ജനിച്ചു വളര്‍ന്ന കാട് പ്രധാനമെന്നും ഹോം സിക്ക്‌നെസ് മനുഷ്യനു മാത്രമല്ല ഉള്ളതെന്നും അവന്റേതായ, ആര്‍ക്കും സങ്കടം തോന്നുന്ന ഭാഷയില്‍ വിളിച്ചു പറയുകയാണ് കേരള തമിഴ്‌നാട് അതിര്‍ത്തിയായ കോയമ്പത്തൂരിനടുത്തുള്ള പെരിയതടകത്തു നിന്നു നാടുകടത്തപ്പെട്ട ചിന്നത്തമ്പിയെന്ന കാട്ടാന.

ജനിച്ച കാട്ടില്‍ നിന്ന് വേരോടെ പറിച്ചെറിഞ്ഞ മനുഷ്യരോടു നിസഹായനായ ഒരു ജീവിയുടെ ദയനീയമായ നിസഹകരണ സമരം ദിവസങ്ങള്‍ക്കു ശേഷവും തുടരുകയാണ്. കേരള- തമിഴ്നാട് വനാതിര്‍ത്തിയില്‍ കോയമ്പത്തൂരിനു സമീപം പെരിയ തടാകത്തില്‍ നിന്ന് ടോപ് സ്ലിപ്പിലെ വരഗളിയാറിലേക്ക് തമിഴ്‌നാട് വനംവകുപ്പ് നാടുകടത്തിയ കാട്ടാനയാണ് ചിന്നത്തമ്പി. സ്വന്തം നാടു തേടി, ചിന്നത്തമ്പി നടത്തുന്ന യാത്ര കാടുംമേടും ഗ്രാമങ്ങളും നഗരങ്ങളും താണ്ടി തുടരുകയാണ്.

ചിന്ന തമ്പിയെ ചിന്ന തമ്പിയെ കോയമ്പത്തൂരിനു സമീപം പെരിയ തടാകത്തില്‍ നിന്ന് ടോപ് സ്ലിപ്പിലെ വരഗളിയാറിലേക്ക് തമിഴ്‌നാട് വനംവകുപ്പ് നാടുകടത്തുന്നു

പത്തിലധികം ദിവസം കൊണ്ട് 150-ലധികം കിലോമീറ്ററിലേറെ നടന്നു തീര്‍ത്തിരിക്കുന്നു ഈ പാവം കാട്ടുകൊമ്പന്‍. മൂന്നാര്‍ ഉള്‍പ്പടെയുള്ള ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന കാട്ടാനകളെ പിടികൂടി വനത്തിലേക്കു മാറ്റണമെന്ന് പ്രദേശവാസികള്‍ നിരന്തരമായി ആവശ്യമുന്നയിക്കുമ്പോഴാണ് അതിര്‍ത്തിയില്‍ നിന്നു വനത്തിലേക്കു മാറ്റപ്പെട്ട ചിന്നത്തമ്പിയെന്ന കാട്ടാന വീണ്ടും ജനവാസ കേന്ദ്രത്തിലേക്കു തിരികെയെത്തുന്നത്. ചിന്നത്തമ്പിയെ വീണ്ടും കാട്ടിലേക്കു കയറ്റിവിടാന്‍ തമിഴ്‌നാട് വനംവകുപ്പും മറ്റു വകുപ്പുകളും ശ്രമിക്കുന്നുണ്ടെങ്കിലും ദൗത്യങ്ങളെല്ലാം പരാജയമായി മാറുകയാണ്.

കഴിഞ്ഞ ദിവസം ചിന്നത്തമ്പിയെ മെരുക്കാനെത്തിയ തമിഴ്‌നാടിന്റെ സൂപ്പര്‍സ്റ്റാര്‍ കുങ്കിയാനയായ കലീമും മാരിയപ്പനും ശ്രമിച്ചെങ്കിലും അവരുമായി ചങ്ങാത്തംകൂടാനാണ് ചിന്നത്തമ്പി ശ്രമിച്ചത്. ഇപ്പോള്‍ അമരാവതി ഷുഗര്‍മില്ലു പരിസരത്തു കൂടി ചുറ്റിക്കറങ്ങുകയാണ് ഈ കാട്ടാന.

കഴിഞ്ഞമാസം 25-നാണ് പെരിയതടാകം മേഖലയില്‍ ചുറ്റിക്കറങ്ങിയിരുന്ന ചിന്നത്തമ്പിയെന്നും വിനായകനെന്നും പേരുള്ള കാട്ടാനകളെ മയക്കുവെടിവച്ച് കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തില്‍ കയറ്റി ഉള്‍വനത്തില്‍ തുറന്നുവിട്ടത്. വിനായകനെന്ന കൊമ്പനെ നേരത്തേ മുതുമലയ്ക്കടുത്തുള്ള വനത്തില്‍ തുറന്നുവിട്ടപ്പോള്‍, ചിന്നത്തമ്പിയെ തുറന്നുവിട്ടത് ടോപ് സ്ലിപ്പിനു സമീപമുള്ള വരഗളിയാറിലാണ്. എന്നാല്‍ രണ്ടോ മൂന്നോദിവസത്തിനു ശേഷം അമ്പതിലധികം കിലോമീറ്റര്‍ സഞ്ചരിച്ച ചിന്നത്തമ്പി പൊള്ളാച്ചി- ആളിയാര്‍ റൂട്ടിലുള്ള അംഗലക്കുറിച്ചിയെന്ന ഗ്രാമത്തിലെത്തി. അവിടം മുതല്‍ ചിന്നത്തമ്പിയുടെ പ്രയാണം തുടരുകയാണ്.

നാട്ടിലിറങ്ങി വീണ്ടും ശല്യക്കാരനായി മാറുമോയെന്നു ഭയമുള്ളതിനാല്‍ ചിന്നത്തമ്പിയെ കുങ്കി ആനയാക്കി മാറ്റുമെന്ന് തമിഴ്‌നാട് വനം മന്ത്രി പ്രഖ്യാപിച്ചെങ്കിലും, ഇതിനെതിരേ പൊതു പ്രവര്‍ത്തകനായ അരുണ്‍ പ്രസന്ന മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇതോടെ ചിന്നത്തമ്പിയെ പിടികൂടി കുങ്കി ആനയാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിലവില്‍ നൂറോളം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നീരീക്ഷണത്തിലാണ് ചിന്നത്തമ്പിയുള്ളത്.

കരിമ്പിന്‍ തോട്ടങ്ങളില്‍ നിന്നു കരിമ്പിന്‍തണ്ടുകള്‍ ഒടിച്ചുതിന്നും വിശ്രമിച്ചും ചിന്നത്തമ്പി തന്റെ യാത്ര തുടരുകയാണ്. ഇതിനിടെ ചിന്നത്തമ്പിയെ പിടികൂടണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയായിലുള്‍പ്പടെ “സേവ് ചിന്നത്തമ്പി”കാമ്പയിനും പുരോഗമിക്കുന്നുണ്ട്.

യഥാര്‍ത്ഥ പ്രദേശവാസികള്‍ക്കല്ല ചിന്നത്തമ്പിയെന്ന കാട്ടാനയെ മാറ്റേണ്ട ആവശ്യമുള്ളതെന്ന് വാല്‍പ്പാറയില്‍ നിന്നുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്‍ പറയുന്നു. ‘ഖനനം നടത്തുന്നവരെ സംബന്ധിച്ചിടത്തോളം ചിന്നത്തമ്പി ശല്യമാണ്. അതേസമയം ആരെയും ഈ കാട്ടാന ഉപദ്രവിച്ചതായി പറഞ്ഞു കേട്ടിട്ടുപോലുമില്ല, അദ്ദേഹം പറയുന്നു.

ഒരു ആവാസ വ്യവസ്ഥയില്‍ ജീവിക്കുന്ന കാട്ടാനകളെ കാട്ടിനുള്ളിലേക്കു കയറ്റിവിടുകയെന്നത് പ്രായോഗികമായി നടപ്പാക്കാനാവുന്ന പദ്ധതിയല്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ എംഎന്‍ ജയചന്ദ്രന്‍ അഭിപ്രായപ്പെടുന്നു. കേരളത്തിലായാലും തമിഴ്‌നാട്ടിലായാലും കാടുകൈയേറി മനുഷ്യന്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതുമൂലമാണ് ആന ഉള്‍പ്പടെയുള്ളവയ്ക്കു തങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥ നഷ്ടപ്പെട്ടത്. മൂന്നാറിലും മറ്റുമുണ്ടായ വന്‍തോതിലുള്ള ടൂറിസം വികസനത്തിന്റെ ബലിയാടുകള്‍ കൂടിയാണ് കാട്ടാനകള്‍. ആനകളെ പിടികൂടി മറ്റൊരു സ്ഥലത്തേയ്ക്കു മാറ്റുന്നതിനു പകരം ആനത്താരകള്‍ വീണ്ടെടുക്കുകയും ആവാസ വ്യവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്താല്‍ കാട്ടാന ശല്യം മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമെന്നുറപ്പാണ്, ജയചന്ദ്രന്‍ പറയുന്നു.

എല്ലാ ആനകളും അതിന്റെ നാടുമായി വലിയതോതിലുള്ള അടുപ്പം വച്ചുപുലര്‍ത്താറുണ്ടെന്ന് ആനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. കാടുകയറിപ്പോയ നാട്ടാനകള്‍ തിരിച്ചുവന്ന കഥകള്‍ കേരളത്തിലുമുണ്ട്. 1970-കളുടെ അവസാനം കിടങ്ങൂര്‍ ദേവസ്വത്തിന്റെ സ്വന്തമായിരുന്ന കൃഷ്ണന്‍കുട്ടിയെന്ന ആന കാട്ടിലേക്കു കയറിപ്പോയിരുന്നു. പിന്നീട് മാസങ്ങള്‍ക്കു ശേഷം ഈറ്റവെട്ടുകാരെക്കണ്ട ആന അവരുടെ പിന്നാലെ കൂടുകയായിരുന്നു. തുടര്‍ന്നു ദേവസ്വം ബോര്‍ഡ് അംഗങ്ങളെ വിവരമറിയിച്ചപ്പോള്‍ അവരെത്തി വിളിച്ചതോടെ കൃഷ്ണന്‍കുട്ടി നാട്ടിലേയ്ക്കു തിരികപ്പോരുകയായിരുന്നു. തിരികെയെത്തിയ ആനയെ വന്‍ സ്വീകരണമൊരുക്കിയായിരുന്നു അന്ന് നാട്ടുകാരും ക്ഷേത്രം ഭാരവാഹികളും സ്വീകരിച്ചതെന്ന് കിടങ്ങൂര്‍ ക്ഷേത്രത്തിലെ അംഗങ്ങള്‍ പറയുന്നു.

തിരുവമ്പാടി ദേവസ്വത്തിന്റെ സ്വന്തമായിരുന്ന ശിവസുന്ദറെന്ന ആനയും ചെറുപ്പത്തില്‍ കാടുകയറിപ്പോയെങ്കിലും പിന്നീട് ഉടമസ്ഥന്‍ വിളിച്ചപ്പോള്‍ തിരിച്ചുവന്നതായി പറയുന്നു.അതേസമയം കാട്ടാന ആക്രമണം തുടരുന്ന മൂന്നാര്‍ മറയൂര്‍ മേഖലകളില്‍ നിന്ന് ഇവയെ പിടികൂടി ഉള്‍വനത്തില്‍ വിടണമെന്നാണ് പ്രദേശവാസികളായ തൊഴിലാളികളുടെ ആവശ്യം. കന്നിമല, കന്നിമല ടോപ്പ്, പെരിയവര, മൂന്നാര്‍ ടൗണ്‍ എന്നിവിടങ്ങളില്‍ കാട്ടാന ശല്യം മൂലം പൊറുതിമുട്ടുകയാണെന്നാണ് തൊഴിലാളികളുടെ പരാതി.

രാത്രി എസ്റ്റേറ്റ് ലയങ്ങള്‍ക്കു സമീപമെത്തുന്ന കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുന്നതും കടകളും വീടുകളും തകര്‍ക്കുന്നതും പതിവാണെന്നും ഇവര്‍. പടയപ്പ, ഗണേശന്‍, അരിക്കൊമ്പന്‍, ചക്കക്കൊമ്പന്‍ എന്നിവയാണ് മൂന്നാറിലും ചിന്നക്കനാല്‍ മേഖലയിലും വിഹരിക്കുന്ന പ്രധാന കാട്ടാനകള്‍.

ഇതില്‍ പടയപ്പയെന്ന കാട്ടാന മൂന്നാറിലെയും കേരളത്തിലെമ്പാടുമുള്ളവരുടെ ആരാധനാപാത്രം പോലെയാണ്. ആരെയും ഉപദ്രവിക്കാത്തതിന്റെ പേരിലാണ് ചിന്നത്തമ്പിയപ്പോലെ പടയപ്പയും എല്ലാവരുടെയും പ്രിയപ്പെട്ടതാകുന്നത്. മൂന്നാറിലെ കാട്ടാനകളില്‍ ഏറ്റവും തലപ്പൊക്കമുള്ള കാട്ടാനയ്ക്ക്  പടയപ്പയെന്നു പേരു കിട്ടിയത് രജനീകാന്തിന്റെ പടയപ്പയെന്ന സിനിമ പുറത്തിറങ്ങിയ ശേഷമാണ്. അക്രമണകാരിയല്ലാത്തതുകൊണ്ടു തന്നെ പടയപ്പയെ നാട്ടുകാര്‍ക്കും ഇഷ്ടമാണ്. എഴുപതുവയസോളം പ്രായമുണ്ടാകുമെന്ന് ആനപ്രേമികള്‍ പറയുന്ന പടയപ്പയെ കാണാതായ സംഭവം മൂന്നാറില്‍ ചര്‍ച്ചാ വിഷയമായിരുന്നു പിന്നീട് കുറേക്കാലത്തിനു ശേഷം 2017-ലെ തിരുവോണ നാളിലാണ് പടയപ്പ വീണ്ടും മൂന്നാറില്‍ മഹാബലിയെപ്പോലെ തിരിച്ചെത്തിയത്. അന്നുമുതല്‍ വീണ്ടും പടയപ്പ മൂന്നാര്‍-മറയൂര്‍ റൂട്ടിലെ നിരന്തര സാന്നിധ്യമാണ്. പുറകിലെ ഒരു കാലിന് ചെറിയ മുടന്തുള്ള പടയപ്പയുടെ കൊമ്പ് നീളം കൂടിയതും വടിവൊത്ത ആകൃതിയുള്ളതുമാണ്. ഒരിക്കല്‍ പടയപ്പ വരുന്നതു കണ്ട് കലുങ്കിനടിയില്‍ കാരറ്റ് ചാക്കുകള്‍ വച്ച ശേഷം കലുങ്കിനു സമീപത്ത് ഒളിച്ചിരുന്നു വഴിയോര കച്ചവടക്കാരി. എന്നാല്‍ കച്ചവടക്കാരിയെ ഉപദ്രവിക്കാതെ കാരറ്റുമുഴുവന്‍ അകത്താക്കി മടങ്ങിയതും 2001-ല്‍ ആദിവാസി പുനരധിവാസ പദ്ധതി ഉദ്ഘാടനം ചെയ്തു മടങ്ങിയ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണിയുടെ വാഹനം മൂന്നാര്‍ നയമക്കാട് റോഡില്‍ തടഞ്ഞതുമെല്ലാം ‘പടയപ്പ’യുടെ വീരകൃത്യങ്ങളായി ആനപ്രേമികള്‍ പാടി നടക്കാറുണ്ട് ഇപ്പോഴും. ആന തടഞ്ഞതുമൂലം മുഖ്യമന്ത്രി വൈകിയാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.

പടയപ്പ

കഴിഞ്ഞവര്‍ഷം ഫുട്‌ബോള്‍ മൈതാനത്ത് ആവേശമാര്‍ന്ന കളിക്കിടയിലേയ്ക്ക് അപ്രതീക്ഷിതമായി എത്തിയും പടയപ്പ വിസ്മയമായിരുന്നു. കഴിഞ്ഞ വര്‍ഷം മൂന്നാറിലെ കണ്ണന്‍ ദേവന്‍ കമ്പനിയുടെ  കന്നിമല മൈതാനത്താണ് പടയപ്പയെത്തിയത്. ടാറ്റാ ഫിന്‍ലേ മത്സരങ്ങള്‍ക്കായി എസ്റ്റേറ്റിലെ രണ്ട് ടീമുകള്‍ തമ്മിലുള്ള മത്സരം നടക്കുന്നതിനിടയിലാണ് പടയപ്പ കൊമ്പുകുലുക്കി പന്ത് തട്ടാനെത്തിയത്. കളിയുടെ ആവേശത്തില്‍ രണ്ടു ടീമുകളും പടയപ്പയുടെ സാന്നിധ്യം അറിഞ്ഞില്ല. കൊമ്പന്‍ മൈതാനത്തിനു നടുക്കെത്തിയ ശേഷമാണ് കളിക്കാര്‍ വിവരമറിഞ്ഞത്. കളിക്കാരെല്ലാം പേടിച്ച് ഓടി രക്ഷപെട്ടെങ്കിലും മൈതാനത്ത് ഇതൊന്നും ശ്രദ്ധിക്കാതെ കുറച്ചുസമയം ചെലവഴിച്ച ശേഷം പടയപ്പ കാട്ടിലേക്കു തിരികെ മടങ്ങുകയായിരുന്നു. മൂന്നാറിലും പരിസര പ്രദേശങ്ങളിലും കാട്ടാനകള്‍ സജീവ സാന്നിധ്യവും നിരന്തര ശല്യവുമാണെങ്കിലും പടയപ്പയെന്ന കാട്ടാന സാധാരണ ആളുകളെ ഉപദ്രവിക്കുന്ന പതിവില്ലെന്നു നാട്ടുകാരും വനപാലകരും പറയുന്നു.

അതേസമയം മൂന്നാറിലെ ശല്യക്കാരായ കാട്ടാനകളെയെല്ലാം പിടിച്ചുവനത്തിലേയ്ക്കു വിടുകയെന്നതു പ്രയോഗികമല്ലെന്ന് ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പറയുന്നു. സാധാരണ ജനനാസ കേന്ദ്രങ്ങളില്‍ ഇറങ്ങി ശീലിച്ച കാട്ടാനകളെ വനത്തിനുള്ളില്‍ കൊണ്ടുപോയി വിട്ടാലും അവ തിരിച്ചുവരാനാണ് സാധ്യത. തമിഴനാട്ടിലെ ചിന്നത്തമ്പിയെന്ന കാട്ടാനയുടെ തിരിച്ചുവന്നത് ഇതാണ് തെളിയിക്കുന്നത്, അതുകൊണ്ടു തന്നെയാണ് പടയപ്പയെപ്പോലുള്ള കാട്ടാനകളെ പിടിച്ചുമാറ്റുന്നതിനു പകരം അവയുടെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്താനും ആനത്താരകള്‍ പുനസ്ഥാപിക്കാനും ഞങ്ങള്‍ ശ്രമിക്കുന്നത്, വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പറയുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Elephant chinnathambi walks back home forest