ന്യൂഡൽഹി: വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യത തെളിയിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ ഒരുക്കിയ ‘ഇവിഎം ചലഞ്ച്’ തുടങ്ങി. രാവിലെ പത്ത് മണിക്കാണ് ചാലഞ്ച് തുടങ്ങിയത്. ചാലഞ്ചിൽ പങ്കെടുക്കാൻ സിപിഐഎമ്മും ശരത് പവാറിന്റെ എൻസിപിയും മാത്രമാണ് തയ്യാറായത്. തിരഞ്ഞെടുപ്പ് കമ്മിഷനാണ് വോട്ടിംഗിന്റെ വിശ്വാസ്യത നിലനിർത്താൻ മത്സരം സംഘടിപ്പിക്കുന്നത്.
ജൂൺ മൂന്നിന് ആരംഭിക്കുന്ന ‘ഇവിഎം ചാലഞ്ച്’ അഞ്ചു ദിവസം നീണ്ടു നിൽക്കും. പങ്കെടുക്കുന്നവർ മേയ് 26ന് വൈകിട്ട് 5 മണിക്ക് മുൻപ് അപേക്ഷ സമർപ്പിക്കണമെന്നായിരുന്നു നിർദ്ദേശം. എട്ടു രാഷ്ട്രീയ പാർട്ടികൾ ഇതിനോടു രേഖാമൂലം പ്രതികരിച്ചതിൽ ചലഞ്ചിൽ പങ്കെടുക്കാൻ താൽപര്യം അറിയിച്ചത് എൻസിപിയും സിപിഎമ്മും മാത്രമാണെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു.
വോട്ടിങ് യന്ത്രത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയ ആം ആദ്മി പാർട്ടിയും കോൺഗ്രസും ‘ഇവിഎം ചാലഞ്ചി’ന്റെ നടപടിക്രമങ്ങളിൽ പ്രശ്നങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടുക മാത്രമാണു ചെയ്തത്. ബിജെപി, സിപിഐ, ആർഎൽഡി എന്നീ പാർട്ടികൾ പരിപാടി നിരീക്ഷിക്കാൻ രംഗത്തുണ്ടാകുമെന്നും കമ്മിഷനെ അറിയിച്ചു. വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കുന്നുവെന്ന ആരോപണം ‘ഔദ്യോഗികമായി’ തെളിയിക്കാനായിരുന്നു വെല്ലുവിളി. അംഗീകാരമുള്ള ഏഴു ദേശീയ പാർട്ടികളെയും 49 സംസ്ഥാന പാർട്ടികളെയും ചലഞ്ചിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ ക്ഷണിച്ചിരുന്നു.
ഉത്തര്‍പ്രദേശ് തെരഞ്ഞെുടുപ്പില്‍ ബിജെപിയ്ക്ക് ഭുരിപക്ഷം കൂട്ടാന്‍ വോട്ടിംഗ് മെഷീനില്‍ വ്യാപകമായി കൃത്രിമം കാട്ടിയെന്നും ഇതാണ് ബിജെപിയ്ക്ക് ഈ രീതിയില്‍ സീറ്റുകള്‍ കിട്ടാന്‍ കാരണമായതെന്നും ആംആദ്മി പാര്‍ട്ടി അടക്കമുള്ള പ്രതിപക്ഷ പാട്ടികൾ നേരത്തെ ആരോപിച്ചിരുന്നു. വോട്ടിംഗ് മെഷീനീല്‍ അനായാസമായി കൃത്രിമം കാട്ടാന്‍ കഴിയുമെന്ന് ആപ്പ് നേതാവ് സൗരഭ് ഭരദ്വാജ് ഡെല്‍ഹി നിയമസഭയിൽ ഡെമോ കാട്ടിയിരുന്നു. ഇവിഎം വിദഗ്ധര്‍ പരിശോധിച്ച ഐഐടി ഗ്രേഡുകള്‍ നിര്‍മ്മിച്ച മെഷീനാണ് ഉപയോഗിച്ചതെന്നും പാര്‍ട്ടി അവകാശപ്പെട്ടിരുന്നു. അതേസമയം ആപ്പ് ഡെമോയ്ക്കായി ഉപയോഗിച്ച മെഷീന് തട്ടിപ്പായിരുന്നെന്നാണ് ഇതിന് ഇലക്ഷന് കമ്മീഷന് നല്കിയ മറുപടി.