scorecardresearch

നവംബറിന്റെ" നേട്ടം" ഇലക്ടറൽ ബോണ്ടുകൾ വഴി രാഷ്ട്രീയപാർട്ടികൾക്ക് കിട്ടിയത് 1000 കോടിയിലേറെ രൂപ

ഇലക്ടറൽ ബോണ്ട് സ്കീമിന് കീഴിലുള്ള ഏറ്റവും പുതിയ വിൽപ്പന തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്

ഇലക്ടറൽ ബോണ്ട് സ്കീമിന് കീഴിലുള്ള ഏറ്റവും പുതിയ വിൽപ്പന തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്

author-image
Damini Nath
New Update
Electoral Bond | Hyderabad

തെലങ്കാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇലക്ടറൽ ബോണ്ടുകൾ വഴിയുള്ള അജ്ഞാത  രാഷ്ട്രീയ ഫണ്ടിങ് കുത്തനെ വർദ്ധിച്ചതായി കണക്കുകൾ.  2018 ൽ  ഈ സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് 400% വർധിച്ചതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ  കണക്കുകൾ വ്യക്തമാക്കുന്നു.

Advertisment

2023 നവംബർ ആറ് മുതൽ നവംബർ 20 വരെ നടന്ന ഏറ്റവും പുതിയ (29-ാം) വിൽപ്പനയിൽ 1,006.03 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വിറ്റഴിക്കുകയും പണമാക്കി മാറ്റുകയും  ചെയ്തതായി ഇന്ത്യൻ എക്സ്പ്രസിന് വിവരാവകാശ നിയമപ്രകാരം (ആർടിഐ) ലഭിച്ച എസ്ബിഐ ഡാറ്റ കാണിക്കുന്നു. മൊത്തം തുകയുടെ 99 ശതമാനവും സമാഹരിച്ചത് ഒരു കോടി രൂപയുടെ ബോണ്ടുകളുടെ വിൽപ്പനയിലൂടെയാണ്.

ഇന്ത്യൻ എക്‌സ്പ്രസിന് ലഭിച്ച മറ്റൊരു വിവരാവകാശ മറുപടിയിൽ, 2018 ൽ, ഇലക്ടറൽ ബോണ്ടുകളുടെ ആറാം ഘട്ടം നവംബർ ഒന്ന് മുതൽ നവംബർ 11 വരെ വിറ്റതിനേക്കാൾ, മൊത്തം വിൽപ്പനയിൽ 184.20 കോടി രൂപയുടെ  വർദ്ധന ഉണ്ടായതായി എസ്ബിഐ ഡാറ്റ കാണിക്കുന്നു. ആ വർഷം നവംബർ-ഡിസംബർ മാസങ്ങളിലാണ് ഈ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്.

ഇലക്ടറൽ ബോണ്ട് സ്കീമിന് കീഴിലുള്ള ഏറ്റവും പുതിയ വിൽപ്പന (29-ാം ഘട്ടം) തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിൽ (359 കോടി രൂപ), തിരഞ്ഞെുപ്പ് നടക്കാത്ത മുംബൈ (259.30 കോടി രൂപ), ഡൽഹി (182.75 കോടി രൂപ) എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്.

Advertisment

മുൻകാലങ്ങളിലെ പതിവുപോലെ, ഇലക്ടറൽ ബോണ്ടുകൾ പണമാക്കി മാറ്റുന്നതിൽ  ഏറ്റവും കൂടുതൽ തുക മാറ്റിയത്  ന്യൂഡൽഹി ബ്രാഞ്ചിലാണ് (882.80 കോടി രൂപ). 81.50 കോടിയുമായി ഹൈദരാബാദ് രണ്ടാം സ്ഥാനത്താണ്.

തിരഞ്ഞെടുപ്പ് നടന്ന മറ്റ് സംസ്ഥാനങ്ങളിൽ, ജയ്പൂരിൽ (രാജസ്ഥാനിൽ) 31.50 കോടി രൂപയും, റായ്പൂരിൽ (ഛത്തീസ്ഗഢിൽ) 5.75 കോടി രൂപയും, ഭോപ്പാലിൽ (മധ്യപ്രദേശ്) ഒരു കോടി രൂപയും ഇലക്ടറൽ ബോണ്ടുകൾ വിറ്റു. എന്നാൽ, ഈ മൂന്ന് സംസ്ഥാനങ്ങളിലൊന്നിലും പണമാക്കി മാറ്റിയതായി രേഖപ്പെടുത്തിയിട്ടില്ല. മിസോറാമിൽ ഇത്തവണ ഇലക്ടറൽ ബോണ്ട് വിൽപ്പന രേഖപ്പെടുത്തിയിട്ടില്ല.

ഇലക്ടറൽ ബോണ്ട് പദ്ധതി അജ്ഞാതത്വം ഉറപ്പുനൽകുന്നതിനാൽ, പണം നൽകുന്നവരും സ്വീകരിക്കുന്നവരും ആരാണെന്ന് പുറം ലോകം അറിയാതെ തുടരുന്നു, എന്നാൽ ഡാറ്റ സൂചിപ്പിക്കുന്നത് ഏറ്റവും കൂടുതൽ ധനസഹായം ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് വന്നതെന്നും ഡൽഹിയിലാണ് കൂടുതൽ പണമാക്കി മാറ്റിയതും എന്നതുമുള്ള കണക്കുകൾ വച്ച് നോക്കുമ്പോൾ ഈ തുക ദേശീയ പാർട്ടികൾക്കാണ് ലഭിച്ചതെന്ന ഊഹം ശരിയാകാനാണ് സാധ്യത. 

ഇലക്ടറൽ ബോണ്ട് സ്കീമിന്റെ സാധുത ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജികളിൽ സുപ്രീം കോടതി വിധി മാറ്റിവച്ച് രണ്ട് ദിവസത്തിന് ശേഷം നവംബർ നാലിനാണ്  കേന്ദ്ര സർക്കാർ ഏറ്റവും പുതിയ ഘട്ടം ഇലക്ടറൽ ബോണ്ടുകൾ പ്രഖ്യാപിച്ചത്.

രാഷ്ട്രീയ ഫണ്ടിങ്ങിലെ സുതാര്യത വർദ്ധിപ്പിക്കുമെന്ന അവകാശവാദത്തോടെ 2018ലാണ് സർക്കാർ ഈ പദ്ധതി അവതരിപ്പിച്ചത്. എന്നാൽ, ഇലക്ടൽ ബോണ്ട് വാങ്ങി പണം നൽകുന്നവരുടെ  പേരുവിവരം ഉൾപ്പടെ രഹസ്യമായി സൂക്ഷിച്ചിരിക്കുന്നതിനാൽ ഇത് അതാര്യമാണെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

ഇലക്ടറൽ ബോണ്ടുകൾ ഇഷ്യൂ ചെയ്യാൻ അധികാരമുള്ള ഏക ബാങ്കാണ് എസ്ബിഐ. 2018 മുതൽ 29 ഘട്ടങ്ങളിലായി ബോണ്ട് പദ്ധതിയിലൂടെ പാർട്ടികൾ ശേഖരിച്ച ആകെ തുക ഇപ്പോൾ 15,922.42 കോടി രൂപയായി ഉയർന്നു.

Sbi Election Commision Of India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: