ന്യൂഡൽഹി: ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും തോൽവിക്കു പിന്നാലെയും ഏറ്റവും വലിയ കക്ഷിയായിട്ടും ഗോവയിലും മണിപ്പൂരിലും ഭരണം നേടാൻ കഴിയാതെ പോയതിനും പിന്നാലെ കോൺഗ്രസിനുളളിൽ ദേശീയ തലത്തിൽ​ കലാപക്കൊടി. കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന് മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യർ ആവശ്യപ്പെട്ടു. നിലവിലത്തെ സാഹചര്യത്തിൽ​ ദേശീയ തലത്തിൽ​ കോൺഗ്രസിന് മാറ്റം വരണമെന്നും ജനറൽ സെക്രട്ടറിമാരായി യുവതലമുറയുടെ പ്രാതിനിധ്യം വർധിപ്പിക്കുകയും മുതിർന്ന നേതാക്കൾക്കൊപ്പം ഇവരെ ഉൾപ്പെടുത്തി പ്രവർത്തക സമിതി ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം സന്ദീപ് ദീക്ഷിത് കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. സെമീന്ദാരി സന്പ്രാദയമാണ് തുടരുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇന്ത്യാ ടുഡേയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് നിലവിൽ ഗുരുതരമായ പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

മണിശങ്കർ അയ്യരുടെ അഭിപ്രായ പ്രകടനം വരുന്നതിന് തൊട്ട് മുന്പാണ് ഗോവയിലെ കോൺഗ്രസ് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട വിശ്വജിത്ത് റാണ എംഎൽഎ സ്ഥാനം രാജിവച്ചത്. വിശ്വാസ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്ന വിശ്വജിത്ത് റാണ വിശ്വാസ വോട്ടിന്റെ ഫലം വന്ന ശേഷമാണ് രാജി വച്ചത്. അതിന് പിന്നാലെ പാർട്ടി അംഗത്വം രാജിവെയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയതായി ഗോവയിൽ നിന്നുളള റിപ്പോർട്ടുകൾ പറയുന്നു. ജനങ്ങൾ പാർട്ടിയിൽ അർപ്പിച്ച വിശ്വാസമാണ് കോൺഗ്രസ് നഷ്ടമാക്കിയതെന്നും വിശ്വജിത്ത് റാണ കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ