ലക്നോ: ഉത്തർപ്രദേശിൽ വീണ്ടും അധികാരത്തിലെത്തിയാൽ, ‘ലൗ ജിഹാദ്’ കേസുകളിലെ ശിക്ഷ ഒരു ലക്ഷം രൂപ പിഴയും 10 വർഷം തടവുമായി ഉയർത്തുമെന്ന് ബിജെപി.
സംസ്ഥാനത്ത് ആദ്യഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ബിജെപിയുടെ വാഗ്ദാനമാണ് നിലവിലുള്ള ‘ലൗ ജിഹാദ്’ നിയമം എന്നറിയപ്പെടുന്ന നിർബന്ധിത മതപരിവർത്തന നിയമത്തിന്റെ പരിഷ്കരണം. മിശ്രവിവാഹങ്ങളെ, പ്രത്യേകിച്ച് മുസ്ലീം പുരുഷന്മാരുടെയും ഹിന്ദു സ്ത്രീകളുടെയും വിവാഹത്തെ ലക്ഷ്യമിട്ടാണ് ഈ നടപടി.
നിലവിൽ, നിർബന്ധിത മതപരിവർത്തനത്തിന് ശിക്ഷിക്കപ്പെട്ടവർക്ക് ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവും കുറഞ്ഞത് 15,000 രൂപ പിഴയുമാണ് ശിക്ഷ.
പ്രായപൂർത്തിയാകാത്തവരെയോ എസ്സി/എസ്ടി വിഭാഗത്തിൽ നിന്നുള്ള സ്ത്രീയെയോ മതം മാറ്റുന്നതിന്, കാലാവധി 25,000 രൂപ പിഴയോടെ 10 വർഷമായി ശിക്ഷ നീളാം.
Also Read: ഹിജാബ് വിവാദം: കര്‍ണാടകയില്‍ സ്കൂളുകളും കോളജുകളും മൂന്നു ദിവസത്തേക്ക് അടച്ചു
കൂട്ട മതപരിവർത്തനത്തിന് പരമാവധി 10 വർഷം വരെ തടവും കുറഞ്ഞത് 50,000 രൂപ പിഴയുമാണ് ശിക്ഷ.
ചൊവ്വാഴ്ച പുറത്തിറക്കിയ ലോക് കപ്യൻ സങ്കൽപ് പത്ര 2022 എന്ന പ്രകടനപത്രികയിലാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ. കർഷകർക്കും സ്ത്രീകൾക്കുമുള്ള ആനുകൂല്യങ്ങൾക്ക് പുറമെ, ശ്രീ രാമനുമായി ബന്ധപ്പെട്ട സംസ്കാരം, ശാസ്ത്രങ്ങൾ, മതപരമായ വസ്തുതകൾ എന്നിവയെക്കുറിച്ചുള്ള ഗവേഷണത്തിനായി ഒരു രാമായൺ സർവകലാശാല സ്ഥാപിക്കുമെന്നും ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്.