ന്യൂഡൽഹി: കേരളം ഉൾപ്പെടെ 16 സംസ്ഥാനങ്ങളിലെ 25 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ 9 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് നാല് മണി വരെ നീണ്ടുനിൽക്കും. വൈകിട്ട് അഞ്ച് മണിക്കാണ് വോട്ടെണ്ണൽ. 33 പേരെ എതിരില്ലാതെ തിരഞ്ഞെടുത്തതിനാൽ, 25 സീറ്റുകളിലേക്ക് മാത്രമാണ് മൽസരം നടക്കുന്നത്. ആകെ 58 രാജ്യസഭ സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്.

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ 11 ഉം ബിജെപി, അല്ലെങ്കിൽ ബിജെപി സഖ്യം ഭരിക്കുന്ന പ്രദേശമായതിനാൽ എംപിമാരുടെ എണ്ണം കൂട്ടാനാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സർക്കാർ. രാജ്യസഭയിൽ അംഗബലം കൂട്ടാനാകുമെങ്കിലും രാജ്യസഭയിൽ ഭൂരിപക്ഷം നേടാൻ ബിജെപിക്ക് സാധിക്കില്ല.

കേരളത്തിൽ എം.പി.വീരേന്ദ്രകുമാർ രാജിവച്ച ഒഴിവിലേക്കാണ് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിച്ച് ജയിച്ച വീരേന്ദ്രകുമാർ ഇത്തവണ ഇടതുമുന്നണി സ്ഥാനാർത്ഥിയായാണ് മൽസരിക്കുന്നത്. ഇതോടെ ഇദ്ദേഹത്തിന്റെ വിജയം ഉറപ്പാണ്. ബി.ബാബുപ്രസാദാണ് എതിർസ്ഥാനാർത്ഥി.

കേരള കോൺഗ്രസ് എം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കും. 90 അംഗങ്ങളുടെ പിന്തുണയുളള എൽഡിഎഫിന് വിജയം ഉറപ്പാണ്. ജയിക്കാൻ 71 വോട്ടാണ് ആവശ്യം.

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വൻവിജയം നേടിയ ഉത്തർപ്രദേശിൽ 10 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പ്. ഇതിൽ എട്ട് സീറ്റിലേക്ക് ബിജെപിക്കും ഒരു സീറ്റിൽ സമാജ്‌വാദി പാർട്ടിക്കും അനായാസം വിജയിക്കാനാവും. ശേഷിക്കുന്ന ഒരു സീറ്റിൽ ബിജെപി സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ കോൺഗ്രസ് എംഎൽഎമാരെ ബിജെപി വലയിലാക്കാൻ ശ്രമിക്കുന്നുവെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ സമാജ്‌വാദി-ബിഎസ്‌പി-കോൺഗ്രസ് സഖ്യം ഉണ്ടാകാതിരിക്കാനാണ് ബിജെപിയുടെ ശ്രമം.

ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരൻ മഹാരാഷ്ട്രയിൽ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനിൽ ബിജെപിക്ക് രണ്ട് സീറ്റുകൾ അധികം ലഭിക്കും. ഇവിടെ നിന്ന് ഇപ്പോൾ ഒരു സീറ്റ് മാത്രമേ ബിജെപിക്കുളളൂ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ