ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് വൻ മുന്നേറ്റം. രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപിയെ ഞെട്ടിച്ചുകൊണ്ടാണ് കോൺഗ്രസ്സിന്റെ കുതിപ്പ്. മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. മിസോറാമിൽ കോൺഗ്രസ്സിന് കനത്ത തിരിച്ചടി നേരിട്ടു. ഭരണകക്ഷിയായ കോൺഗ്രസ് ഇവിടെ ഏറെ പിന്നിലാണ്. പ്രതിപക്ഷം മിസോ നാഷനൽ ഫ്രണ്ട് മിസോറാമിൽ കേവല ഭൂരിപക്ഷത്തിലേക്ക്.

ഛത്തീസ്ഗഡിൽ കോൺഗ്രസ് അധികാരം ഉറപ്പിച്ചിരിക്കുകയാണ്. ലീഡ് നിലയിൽ കോൺഗ്രസ്സിന് കേവല ഭൂരിപക്ഷമായി. 90 അംഗ നിയമസഭയിൽ 54 സീറ്റിൽ കോൺഗ്രസ് മുന്നിട്ടുനിൽക്കുന്നു. രാജസ്ഥാനിൽ കോൺഗ്രസ്സാണ് മുന്നിൽ. 90 സീറ്റുകളിൽ കോൺഗ്രസ് മുന്നിട്ടു നിൽക്കുന്നു. മധ്യപ്രദേശിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ബിജെപിയും കോൺഗ്രസ്സും 100 സീറ്റുകൾ കടന്നു.

തിരഞ്ഞെടുപ്പ് ഫലം തൽസമയം

മിസോറാമിൽ ഭരണകക്ഷിയായ കോൺഗ്രസിന് തിരിച്ചടി. എക്സിറ്റ് പോൾ ഫലങ്ങളെ ശരിവച്ച് മിസോ നാഷനൽ ഫ്രണ്ട് (എംഎൻഎഫ്) ഇവിടെ മുന്നേറുന്നു. 22 സീറ്റുകളിൽ എംഎൻഎഫ് മുന്നിട്ടുനിൽക്കുന്നു. മിസോറാമിൽ ഭരണം നഷ്ടമാകുന്നത് കോൺഗ്രസ്സിന് വൻ തിരിച്ചടിയാണ്. ഇവിടെ ഭരണം നഷ്ടമായാൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഒരിടത്തും കോൺഗ്രസ് ഭരണത്തിൽ ഇല്ലാതെയാകും. കഴിഞ്ഞ തവണ ആകെയുള്ള 40 സീറ്റുകളിൽ 34 എണ്ണത്തിലും വിജയിച്ചാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്.

തെലങ്കാനയിൽ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) അധികാരം ഏറെക്കുറെ ഉറപ്പിച്ച മട്ടിലാണ്. 65 ലേറെ സീറ്റുകളിൽ ടിആർഎസ് മുന്നിലാണ്. പ്രതിപക്ഷത്തിന്റെ വിശാല സഖ്യത്തെ പിന്നിലാക്കിയാണ് മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ ടിആർഎസ് മുന്നേറ്റം. നിലവിലെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയും (ടിആർഎസ്) കോൺഗ്രസ്, തെലുങ്കുദേശം പാർട്ടി (ടിഡിപി), തെലങ്കാന ജനസമിതി (ടിജെഎസ്), സിപിഐ എന്നിവയുൾപ്പെട്ട പ്രതിപക്ഷ സഖ്യവും തമ്മിലായിരുന്നു ഇവിടെ മത്സരം.

Election Results 2018 LIVE: Rajasthan | Madhya Pradesh | Chhattisgarh | Mizoram | Telangana Election Result 2018

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook