Uttar Pradesh (UP), Uttarakhand (UK), Manipur, Goa, Punjab Election Results 2022 Live Updates: ലഖ്‌നൗ: തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ബിജെപിയുടെ സര്‍വാധിപത്യം. ഉത്തര്‍പ്രദേശില്‍ ചരിത്രം തിരുത്തിക്കുറിച്ച് യോഗി ആദിത്യനാഥ് തുടര്‍ഭരണമെന്ന അതുല്യനേട്ടം സ്വന്തമാക്കി. എന്നാല്‍ ഉരുക്കുകോട്ടയായ പഞ്ചാബ് കോണ്‍ഗ്രസിന് നഷ്ടമായി. 92 സീറ്റുകളില്‍ വിജയിച്ച് ആംആദ്മി ഭരണം പിടിച്ചു. കോണ്‍ഗ്രസ് 18 സീറ്റുകളിലേക്ക് ചുരുങ്ങി. ശക്തമായ മത്സരം നടക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ച ഉത്തരാഖണ്ഡിലും ബിജെപി മുന്നേറി. മണിപ്പൂരിലും സമാനനേട്ടം കൊയ്യാന്‍ അവര്‍ക്കായി. ഗോവയിലും സാഹചര്യം വ്യത്യസ്തമല്ല. മൂന്നാം തവണയും ഭരണത്തിലേക്ക് കുതിക്കാനൊരുങ്ങുകയാണ് ബിജെപി.
നാല് സംസ്ഥാനങ്ങളില്‍ ബിജെപിയുടെ ഉജ്വല വിജയത്തിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍ പ്രദേശ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ വോട്ട് വിഹിതം വര്‍ധിച്ചെന്ന് മോദി അറിയിച്ചു. യുപിയില്‍ പുതിയ ചരിത്രം കുറിച്ചു, എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഗോവയില്‍ തെറ്റി. തുടര്‍ച്ചയായ മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് ബിജെപി കടക്കുകയാണെന്നും മോദി.
യുപിയിൽ 403 മണ്ഡലങ്ങളില്‍ 270 ലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. സമാജ്വാദി പാര്‍ട്ടി സീറ്റ് നില 110 ആക്കി ഉയര്‍ത്തി. പഞ്ചാബിലെ 117 മണ്ഡലങ്ങളില്‍ 92 ഇടത്തും അരവിന്ദ് കേജരിവാളിന്റെ ആം ആദ്മി വിജയക്കൊടി പാറിച്ചു. ഉത്തരാഖണ്ഡിൽ 47 സീറ്റുകളില്‍ വിജയം നേടിയാണ് ബിജെപി ഭരണത്തിലേക്ക് എത്തുന്നത്. കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് പരാജയപ്പെട്ടു. ആദ്യ ഫലസൂചനകള്‍ വന്നപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഗോവയിലും മണിപ്പൂരിലും അനായസം ബിജെപി വിജയം പിടിച്ചെടുത്തു.
ഇന്ന് ഫലം വന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിടത്തും ബിജെപി തന്നെയായിരുന്നു ഭരണകക്ഷി. പഞ്ചാബിൽ കോൺഗ്രസായിരുന്നു ഭരണത്തിലുണ്ടായിരുന്നത്. എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രകാരം ഉത്തരാഖണ്ഡിലും ഗോവയിലും ശക്തമായ പോരാട്ടമായിരുന്നു പ്രവചിച്ചിരുന്നത്. ഉത്തർപ്രദേശിലും മണിപ്പൂരിലും ബി.ജെ.പിക്ക് തുടരുമെന്നും, പഞ്ചാബിൽ ആം ആദ്മി ഭരണംപിടിക്കുമെന്നുമുള്ള പ്രവചനങ്ങള്‍ കൃത്യമായി.
ഫെബ്രുവരി 10നാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഏഴ് ഘട്ടങ്ങളായി നടന്ന യുപി തിരഞ്ഞെടുപ്പ് മാർച്ച് ഏഴിനാണ് അവസാനിച്ചത്. ഫെബ്രുവരി 28 നും മാർച്ച് 5 നുമായി രണ്ട് ഘട്ടങ്ങളായിട്ടായിരുന്നു മണിപ്പൂർ തിരഞ്ഞെടുപ്പ്. പഞ്ചാബിൽ ഫെബ്രുവരി 20 നും ഉത്തരാഖണ്ഡിലും ഗോവയിലും ഫെബ്രുവരി 14 നും തിരഞ്ഞെടുപ്പ് നടന്നു.
ഉത്തർപ്രദേശിലെ പോരാട്ടം ബിജെപി, സമാജ് വാദി പാർട്ടി, കോൺഗ്രസ്, ബഹുജൻ സമാജ് പാർട്ടി എന്നിവർക്കിടയിലാണ്. പഞ്ചാബിൽ കോൺഗ്രസ്, ബി.ജെ.പി, ശിരോമണി അകാലിദൾ, ആം ആദ്മി പാർട്ടി, പുതുതായി രൂപീകരിച്ച സംയുക്ത് സംഘർഷ് പാർട്ടി അമരീന്ദർ സിങ്ങിന്റെ പഞ്ചാബ് ലോക് കോൺഗ്രസ് എന്നിവരാണ് പോരാട്ടത്തിൽ. ഗോവയിലും ബി.ജെ.പി, തൃണമൂൽ കോൺഗ്രസ്, എഎപി, കോൺഗ്രസ് എന്നിവരാണ് ഏറ്റുമുട്ടുന്നത്. മണിപ്പൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), ഫോർവേഡ് ബ്ലോക്ക്, റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി, ജനതാദൾ (സെക്കുലർ), കോൺഗ്രസ് മണിപ്പൂർ പുരോഗമന മതേതര സഖ്യം എന്നിവർക്കെതിരെയാണ് ബിജെപി മത്സരിക്കുന്നത്. ബിജെപിയും കോൺഗ്രസും തമ്മിലുള്ള പോരാട്ടത്തിനാണ് ഉത്തരാഖണ്ഡ് സാക്ഷ്യം വഹിക്കുന്നത്.
Also Read: അഞ്ച് സംസ്ഥാനങ്ങളിലേക്ക് കണ്ണുനട്ട് രാജ്യം; റിസോര്‍ട്ടുകളില്‍ തിരക്കിട്ട ചര്‍ച്ചകള്‍
സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന് വിജയം. കേന്ദ്രമന്ത്രി എസ് പി സിങ് ബാഗലിനെയാണ് പരാജയപ്പെടുത്തിയത്. 67,504 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം.
ദരിദ്രർക്ക് അവരുടെ അവകാശങ്ങൾ ലഭിക്കുന്നതുവരെ താന്‍ വിശ്രമിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അർഹതയുള്ള എല്ലാവരിലേക്കും ആനുകൂല്യങ്ങള്‍ എത്തിച്ചേരുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ബിജെപിയെ വിശ്വസിക്കുന്നതിലൂടെ ജനാധിപത്യം നമ്മുടെ ഞരമ്പുകളിലുണ്ടെന്ന് വോട്ടര്‍മാര്‍ തെളിയിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഉത്തര്‍ പ്രദേശ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ വോട്ട് വിഹിതം വര്‍ധിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഗോവയില്‍ തെറ്റി. തുടര്‍ച്ചയായ മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് ബിജെപി കടക്കുകയാണെന്നും മോദി.
ബിജെപിയുടെ നയങ്ങള്‍ ജനം അംഗീകരിച്ചതിന്റെ തെളിവാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയമെന്ന് ബിജെപി ദേശിയ അധ്യക്ഷന്‍ ജെ. പി. നദ്ദ. “35 വര്‍ഷങ്ങള്‍ക്ക് ശേഷം യുപിയില്‍ പാര്‍ട്ട് തുടര്‍ഭരണത്തിലേക്ക് എത്തി. ഉത്തരാഖണ്ഡിലും ചരിത്രം കുറിച്ചു. മണിപ്പൂര്‍ മുന്‍കാലങ്ങളിലെ പോലെ അല്ല. മണിപ്പൂരില്‍ ഇപ്പോള്‍ സമാധനവും സമൃദ്ധിയുമുണ്ട്,” നദ്ദ കൂട്ടിച്ചേര്‍ത്തു.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ മാറ്റം അനിവാര്യമാണെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. “നമുക്ക് ജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണ്. കോണ്‍ഗ്രസില്‍ വിശ്വസിക്കുന്നവര്‍ക്ക് വേദന നല്‍കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. കോൺഗ്രസ് നിലകൊള്ളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്ട്രത്തിന് നൽകുന്ന പോസിറ്റീവ് അജണ്ടയും വീണ്ടും ഉറപ്പിക്കുകയും ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കുകയും ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ നമ്മുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിത്.” തരൂര്‍ പറഞ്ഞു.
പഞ്ചാബില്‍ പുതിയ ചരിത്രം കുറിച്ച ആംആദ്മി പാര്‍ട്ടി 91 മണ്ഡലങ്ങളില്‍ വിജയിച്ചു. ഒരിടത്ത് ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് 17 സീറ്റുകളിലേക്ക് ചുരുങ്ങി. രണ്ട് സീറ്റുകളിലെ ഫലം പ്രഖ്യാപിക്കാനുണ്ട്.
തുടര്‍ഭരണം സാധ്യമാക്കി യോഗി ആദിത്യനാഥ് മുഖ്യമന്ത്രി പദത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ 260 സീറ്റിലേക്ക് കുതിക്കുകയാണ് ബിജെപി. ഇതുവരെ 77 മണ്ഡലങ്ങളില്‍ ബിജെപി വിജയിച്ചു. 183 മണ്ഡലങ്ങലില്‍ ലീഡ് ചെയ്യുകയാണ്.
മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഇതിനോടകം തന്നെ 20 മണ്ഡലങ്ങളില്‍ വിജയിച്ചു. 11 സീറ്റുകളില്‍ ലീഡു ചെയ്യുകയാണ്. ഹെയിന്‍ഗംഗില്‍ മത്സരിച്ച മുഖ്യമന്ത്രി എന്‍. ബീരെന്‍ സിങ് വിജയിച്ചു.
ഗോവയില്‍ 20 സീറ്റുകളില്‍ ബിജെപി വിജയിച്ചു കഴിഞ്ഞു. ഉത്തരാഖണ്ഡിലേക്ക് എത്തുമ്പോള്‍ ബിജെപി 45 ലധികം സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഹാരിഷ് റാവത്തും പരാജയപ്പെട്ടു. ബിജെപിയുടെ മോഹന്‍ സിങ്ങിനോട് 17,000 വോട്ടിന്റെ വലിയ മാര്‍ജിനിലാണ് പരാജയം.
ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലീഡ് 60,000 കടന്നു. സമാജ്വാദി പാര്‍ട്ടിയുടെ സുഭാവതി ഉപേന്ദ്ര ദത്ത് ഷൂക്ലയാണ് യോഗിയുടെ പിന്നില്‍.
തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുമ്പോള്‍ വിജയാഘോഷങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പിന്‍വലിച്ചു.
പഞ്ചാബ് മുഖ്യമന്ത്രി ചരഞ്ജിത് സിങ് ചന്നി മത്സരിച്ച രണ്ട് സീറ്റിലും പരാജയപ്പെട്ടു. ബഹദോറില്‍ ആംആദ്മിയുടെ ലാഭ് സിങ്ങിനോടും ചാംകോര്‍ സാഹിബില്‍ ആംആദ്മിയുടെ തന്നെ ചരഞ്ജിത് സിങ്ങിനോടുമാണ് ചന്നി പരാജയപ്പെട്ടത്.
മൊഹാലി, ടെറാബസി, ഖറാർ തുടങ്ങിയ മണ്ഡലങ്ങളിൽ ആം ആദ്മി സ്ഥാനാർത്ഥികൾക്ക് ജയം
ഗോരഖ്‌പൂർ നോർത്ത് മണ്ഡലത്തിൽ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വമ്പൻ ജയം. ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയം.
ഹെയിൻഗാങ് സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി 18,271 വോട്ടിന് തോൽപിച്ച് ബൈറൻ സിങ്
ജനവിധി അംഗീകരിക്കുന്നുവെന്നും പ്രതിപക്ഷമായി നന്നായി പ്രവർത്തിക്കുമെന്നും കോൺഗ്രസ് നേതാവ് മൈക്കിൾ ലോബോ. “ഞങ്ങൾക്ക് 12 സീറ്റുകൾ ലഭിച്ചു, ബിജെപിയ്ക്ക് 18 സീറ്റുകളും ലഭിച്ചു. കോൺഗ്രസിന് കൂടുതൽ കഠിനാധ്വാനം ചെയ്യാനും ജനങ്ങളിൽ ആതമവിശ്വാസംമുണ്ടാക്കാനുമുണ്ട്. അദ്ദേഹം പറഞ്ഞു.
ബഹുജൻ സമാജ്വാദി പാർട്ടി ഉത്തർപ്രദേശിൽ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയിലേക്ക്. 2007ൽ 206 സീറ്റുകളും 30 ശതമാനം വോട്ട് വിഹിതവും ഉണ്ടായിരുന്ന പാർട്ടി 2022ൽ കേവലം ഒരു സീറ്റ് ലീഡിലേക്ക് ചുരുങ്ങി.
മുൻ പഞ്ചാബ് മുഖ്യമന്ത്രിയും ശിരോമണി അകലി ദൾ നേതാവുമായ പ്രകാശ് സിങ് ബദലിന് തോൽവി. ലംബി മണ്ഡലത്തിൽ 11,357 വോട്ടുകൾക്കാണ് തോൽവി. ആം ആദ്‌മി സ്ഥാനാർത്ഥി ഗുർമീത് സിങ്ങാണ് ജയിച്ചത്.
ജനങ്ങളുടെ വിധി വിനയപൂർവം അംഗീകരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. വിജയിച്ച സ്ഥാനാർത്ഥികളെ അഭിനന്ദിക്കുന്നുവെന്നും രാഹുൽ പറഞ്ഞു. ഇതിൽ നിന്ന് പഠിക്കുമെന്നും രാജ്യത്തെ ജനങ്ങളുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുമെന്നും രാഹുൽ കുറിച്ചു.
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ പുതുചരിത്രം എഴുതുകയാണ്. പഞ്ചാബിൽ വൻ വിജയം നേടിയതോടെ ഡൽഹിക്കു പുറമേ മറ്റൊരു സംസ്ഥാനത്തിൽ അധികാരത്തിലെത്തുന്ന പ്രാദേശിക പാർട്ടിയായി ആം ആദ്മി പാർട്ടി മാറിയിരിക്കുകയാണ്. ഉത്തർപ്രദേശിൽ ഭരണതുടർച്ച നേടി അധികാരത്തിലെത്തുന്ന ആദ്യത്തെ മുഖ്യമന്ത്രിയായിരിക്കുകയാണ് യോഗി ആദിത്യനാഥ്. വരുംദിവസങ്ങളിൽ ദേശീയ രാഷ്ട്രീയത്തിൽ മാറ്റങ്ങൾക്കുള്ള സൂചനകളാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകുന്നേരം 7.30ന് രാജ്യത്തെ അഭിസംബോധന ചെയ്യും.
ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഗോവയിലെ മൂന്ന് സ്വതന്ത്ര സ്ഥാനാർത്ഥികൾ. ഡോ ചന്ദ്രകാന്ത് ഷെട്യേ, മാനുവൽ വാസ്, അലെക്സിയോ റെജിനാൾഡോ എന്നിവരാണ് ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.
ഉത്തർപ്രദേശ് സംസ്ഥാനമായ ലഖ്‌നൗവിലെ മൂന്ന് സീറ്റുകളിൽ ബിജെപി പിന്നിൽ, ലഖ്‌നൗ നോർത്ത്, ലഖ്‌നൗ സെൻട്രൽ, മോഹൻലാൽഗഞ്ജ് തുടങ്ങിയ മണ്ഡലങ്ങളിലാണ് ബിജെപി പിന്നിൽ നിൽക്കുന്നത്. സമാജ്‌വാദി പാർട്ടിയാണ് ഇവിടങ്ങളിൽ ലീഡ് ചെയ്യുന്നത്.
ഗോവയിലെ ജനങ്ങൾ വ്യക്തമായ ഭൂരിപക്ഷം നൽകി. 20 സീറ്റുകൾ, ചിലപ്പോൾ ഒന്നോ രണ്ടോ സീറ്റുകൾ കൂടുതൽ ലഭിക്കും. ജനങ്ങൾ പ്രധാനമന്ത്രി മോദിയിൽ വിശ്വാസം കാണിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥികൾ ഞങ്ങൾക്കൊപ്പമാണ്. എംജിപിയും ഞങ്ങൾക്കൊപ്പമുണ്ട്. ഞങ്ങൾ സർക്കാറുണ്ടാക്കും” ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.
ഗോവയിലെ രണ്ടു മണ്ഡലങ്ങളിൽ വിജയമുറപ്പിച്ച് ആം ആദ്മി. സൗത്ത് ഗോവയിലെ രണ്ട് സീറ്റുകളിലാണ് വിജയം
ഇന്ത്യയുടെ പൊളിറ്റിക്കൽ മാപ്

ദുരി മണ്ഡലത്തിൽ നിന്ന് വിജയമുറപ്പിച്ച് ഭാഗവന്ത് മൻ. കോൺഗ്രസ് സ്ഥാനാർത്ഥി ഡാൽവിർ സിങ് ഗോൾഡിയെ 58,000 വോട്ടുകൾക്കാണ് മൻ തോല്പിച്ചത്.
ഇതുവരെ 117 സീറ്റുകളിൽ 13 ഇടങ്ങളിൽ ആപ് വിജയമുറപ്പിച്ച് കഴിഞ്ഞു. 79 ഇടങ്ങളിൽ ലീഡ് ചെയ്യുകയാണ്.
സത്യപ്രതിജ്ഞ ചടങ്ങ് രാജ് ഭവനിൽ ആയിരിക്കില്ല ഭഗത് സിംഗിന്റെ പൂർവികരുടെ ഗ്രാമത്തിൽ വെച്ചായിരിക്കും നടത്തുകയെന്ന് പഞ്ചാബിലെ ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗവന്ത് മൻ.



“എന്നെയും അരവിന്ദ് കെജ്രിവാളിനെയും എങ്ങനെയാണ് പ്രതിപക്ഷം ആക്രമിച്ചത് എന്ന് നിങ്ങൾ കണ്ടതാണ്. ഇന്ന് എനിക്ക് അവരോട് പറയാനുള്ളത് അത്തരം ഭാഷകൾ ഇനിയും നിങ്ങൾക്ക് ഉപയോഗിക്കാം. നിങ്ങൾ ഞങ്ങളെ കുറിച്ചും ഞങ്ങളുടെ കുടുംബത്തെക്കുറിച്ചും വ്യക്തിപരമായ അധിക്ഷേപങ്ങളും നടത്തി, പഞ്ചാബിലെ ജനങ്ങൾക്ക് അത് ഒട്ടും തന്നെ രസിച്ചിട്ടില്ല. ഇന്ന് ഞങ്ങൾ നിങ്ങൾക്ക് ക്ഷമ നൽകുന്നു. പക്ഷെ അവർ ഇനി മൂന്ന് കോടി പഞ്ചാബികളെ ബഹുമാനിക്കണം” ജനങ്ങളെ വീടിന്റെ ടെറസിൽ നിന്ന് അഭിസംബോധന ചെയ്ത് സംസാരിക്കവെ ഭഗവത് മൻ പറഞ്ഞു.
പഞ്ചാബിലെ ആഘോഷം
പഞ്ചാബ് നിയമസഭയിലെ 117 സീറ്റുകളിൽ 91ലും ലീഡ് ചെയ്ത് ആം ആദ്മി. 17 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. 42.45 ശതമാനമാണ് ആം ആദ്മിയുടെ വോട്ട് വിഹിതം. കോൺഗ്രസിന്റെ 22.9 ശതമാനമാണ് കോൺഗ്രസിന്റെ വോട്ട് വിഹിതം
ഗോവയിലെ 18 സീറ്റുകളിൽ ലീഡുമായി ബിജെപി. 12 സീറ്റുകളിൽ കോൺഗ്രസാണ് മുന്നിൽ. ടിഎംസി നാല് മണ്ഡലങ്ങളിലും എഎപി മൂന്ന് മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നുണ്ട്.
11 വര്‍ഷം മുന്‍പ് രാഷ്ട്രീയത്തില്‍ പ്രവേശിച്ച നാല്‍പ്പത്തിയെട്ടുകാരനായ ഭഗ്‌വന്ത്‌സിങ് മാന്‍, ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിനുശേഷം എഎപിയുടെ രണ്ടാമത്തെ മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുകയാണ്. കൊമേഡിയനായി തിളങ്ങിനില്‍ക്കെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശനം.
യുപി മുഖ്യമന്ത്രി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സിറാത്ത് മണ്ഡലത്തിൽ 3000 വോട്ടുകൾക്ക് പിന്നിൽ. തംകുഹി രാജ് ജില്ലയിൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയ് കുമാർ ലാലുവും പിന്നിലാണ്.



ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദം കൂടിയാണെന്ന് കോൺഗ്രസ് നേതാവ് നവജോത് സിങ് സിദ്ധു. അതുകൊണ്ട് പഞ്ചാബിലെ ജനങ്ങളുടെവിനയപൂർവം സ്വീകരിക്കണമെന്ന് എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എഎപിയെ അഭിനന്ദിച്ച് കൊണ്ടായിരുന്നു പോസ്റ്റ്
അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ പിൻവലിച്ചു.
പഞ്ചാബ് ജനങ്ങളെ അഭിനന്ദിച്ചും നന്ദി പറഞ്ഞും കെജ്‌രിവാൾ. പഞ്ചാബ് രാഷ്ട്രീയത്തിലെ വിപ്ലവമാണിതെന്ന് കെജ്‌രിവാൾ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഡൽഹി മുഖ്യമന്ത്രി നന്ദി പറഞ്ഞത്
കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര കർഷകർക്ക് നേരെ വാഹനമിടിച്ചു കയറ്റി ആരോപിക്കപ്പെടുന്ന ലഖിംപൂർ ഖേരിയിലെ എട്ട് മണ്ഡലങ്ങളിൽ ഏഴിടത്തും ബിജെപി ലീഡ് ചെയ്യുന്നു. ബാക്കിയുള്ളതിൽ സമാജ്‌വാദി പാർട്ടിയാണ് മുന്നിൽ. കർഷകർ ഉൾപ്പെട്ട സംഭവം നടന്ന ടികുനിയയിലെ നിഘാസനിൽ, 39,975 വോട്ടുകൾക്ക് ബിജെപിയുടെ ശശാങ്ക് വർമ മുന്നിട്ട് നിൽക്കുന്നു, എസ്പിയുടെ ആർഎസ് കുഷ്വാഹ 24,527 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്താണ്. പാലിയയിൽ 35,805 വോട്ടുകൾക്ക് ബി.ജെ.പിയുടെ റോമി സാഹ്‌നി എന്ന ഹർവിന്ദർ കുമാർ സാഹ്‌നി മുന്നിട്ടുനിൽക്കുമ്പോൾ 34,830 വോട്ടുകൾ നേടി എസ്.പിയുടെ പ്രീതിന്ദർ സിംഗ് കാക്കു രണ്ടാം സ്ഥാനത്താണ്.
വോട്ടെണ്ണൽ ആറ് റൗണ്ട് പൂർത്തിയാകുമ്പോൾ അഞ്ച് സംസ്ഥാനങ്ങളിലെ വോട്ട് നില

നരേന്ദ്ര മോദി വാഹന ജാഥ നടത്തിയ വാരണാസിയിലെ രണ്ട് മണ്ഡലങ്ങളിൽ ബിജെപി ലീഡ് ചെയ്യുന്നു. വാരാണസി കൊണ്ടോൺമെന്റിലും നോർത്തിലുമാണ് ലീഡ് ചെയ്യുന്നത്. സൗത്തിൽ എസ്.പി സ്ഥാനാർത്ഥിക്കാണ് ലീഡ്.
പഞ്ചാബിൽ ആം ആദ്മി പാർട്ടി തരംഗം. സംസ്ഥാനത്തെ രണ്ടു മുൻനിര പാർട്ടികളായ കോൺഗ്രസിനെയും ശിരോമണി അകാലി ദളിനെയും ബഹുദൂരം പിന്നിലാക്കി കൊണ്ടാണ് എഎപിയുടെ മുന്നേറ്റം. കഴിഞ്ഞ ഏഴു ദശാബ്ദക്കാലമായി മാറി മാറി ഭരിച്ച പാർട്ടികളെ നിലംപരിശാക്കി പഞ്ചാബിലെ ആം ആദ്മി പാർട്ടി നടത്തിയ മുന്നേറ്റത്തിന്റെ അഞ്ചു കാരണങ്ങൾ.
പഞ്ചാബ് ആം ആദ്മി തൂത്ത് വരുമ്പോൾ, പഞ്ചാബിലെ ജനങ്ങൾ വോട്ട് ചെയ്തത് കെജ്‌രിവാൾ ഭഗവത് മാൻ കൂട്ടുകെട്ടിനാണെന്ന് രാഘവ് ചദ്ദ . കെജ്‌രിവാളിന്റെ ഭരണത്തിന് പഞ്ചാബ് പിന്തുണ നൽകുകയാണ്. വലിയ വിജയവുമായി ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. ഞങ്ങൾക്ക് പഞ്ചാബ് ജനങ്ങൾക്കായി ധരാളം കാര്യങ്ങൾ ചെയ്യാനുണ്ട്. അദ്ദേഹം പറഞ്ഞു.
വോട്ടെണ്ണൽ രണ്ട് റൗണ്ട് പൂർത്തിയാകുമ്പോൾ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 10,888 വോട്ടുകൾക്ക് മുന്നിലാണ്. ആസാദ് സമാജ് പാർട്ടിയുടെ ചന്ദ്രശേഖർ ആസാദ് ആണ് രണ്ടാം സ്ഥാനത്ത്
ഉത്തരാഖണ്ഡിൽ ബിജെപി 39 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ലാൽകുവാൻ മണ്ഡലത്തിൽ പിന്നിലാണ്. ബിജെപിയുടെ മോഹൻ സിങ് ഭിഷ്ട 7,000 വോട്ടുകൾക്ക് മുന്നിൽ. ഹരിദ്വാർ മണ്ഡലത്തിൽ ഹരീഷ് റാവത്തിന്റെ മകൾ അനുപമ റാവത്ത് 3000 വോട്ടുകൾക്ക് ബിജെപി സ്ഥാനാർഥി സ്വാമി യതീശ്വരനന്ദിന് പിന്നിലാണ്.