ന്യൂഡൽഹി: തിരഞ്ഞെടുപ്പ് തിരച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ ലക്ഷ്യമിട്ടുള്ള തിരഞ്ഞെടുപ്പ് നിയമ (ഭേദഗതി) ബിൽ 2021 ലോക്സഭയിൽ പാസാക്കി. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയിലാണ് ബിൽ പാസാക്കിയത്.
പുതിയ നിയമനിർമാണം രാജ്യത്തെ കള്ളവോട്ട് അവസാനിപ്പിക്കുമെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയെ കൂടുതൽ വിശ്വസനീയമാക്കുമെന്നും ബിൽ അവതരിപ്പിച്ചുകൊണ്ട് നിയമ മന്ത്രി കിരൺ റിജിജു പറഞ്ഞു.
കോൺഗ്രസ്, ഡിഎംകെ, ടിഎംസി എംപിമാർ സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കവെയാണ് റിജിജു ബിൽ അവതരിപ്പിച്ചത്.
പൗരന്മാരുടെ മൗലികാവകാശങ്ങൾ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ എതിർപ്പ്. ആധാർ സംബന്ധിച്ച സുപ്രീം കോടതി വിധി ലംഘിക്കുന്ന ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്നും അവർ ആവശ്യപ്പെട്ടു.
Also Read: ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട; പാക് മത്സ്യബന്ധന ബോട്ടിൽ നിന്ന് 400 കോടിയുടെ ഹെറോയിൻ പിടികൂടി
രാവിലെയാണ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. ബില്ലിന്റെ അവതരണ വേളയിൽ പ്രതിപക്ഷ അംഗങ്ങൾ ബില്ലിനെതിരെ സംസാരിച്ചു.
“തിരഞ്ഞെടുപ്പ് നിയമ (ഭേദഗതി) ബിൽ, 2021 പ്രകാരം ബിൽ അവതരിപ്പിക്കുന്നതിനെ ഞാൻ എതിർക്കുന്നു, ഒപ്പം നിയമനിർമാണ രേഖ ബന്ധപ്പെട്ട സ്റ്റാൻഡിങ് കമ്മിറ്റിക്ക് കൈമാറണമെന്ന് ആവശ്യപ്പെടുന്നു,” ബിൽ അവതരണത്തെ എതിർത്ത് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
“സുപ്രിംകോടതി വ്യക്തമാക്കിയ സ്വകാര്യതയുടെ മൗലികാവകാശത്തിന്മേലുള്ള ലംഘനമാണിതെന്ന വസ്തുതയാണ് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്നത്. അത് വൻതോതിലുള്ള അവകാശ ലംഘനത്തിലേക്കു നയിക്കും. അതുകൊണ്ടാണ് ഈ ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്കു വിടണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നത്,” അദ്ദേഹം പറഞ്ഞു.
ബിൽ സർക്കാരിന്റെ നിയമനിർമാണ പരിധിക്ക് അതീതമാണെന്ന് മറ്റൊരു കോൺഗ്രസ് അംഗം മനീഷ് തിവാരി പറഞ്ഞു. ഇത് ഇന്ത്യയുടെ ജനാധിപത്യത്തിനു വലിയ ദോഷം ചെയ്യും. വോട്ടർപട്ടികയുമായി ആധാർ ബന്ധിപ്പിക്കാൻ ആധാർ നിയമം അനുവദിക്കുന്നില്ല. ആധാർ നിയമം വളരെ വ്യക്തമാണ്. സാമ്പത്തികവും മറ്റ് സബ്സിഡി ആനുകൂല്യങ്ങളും സേവനങ്ങളും ലക്ഷ്യമിടുന്ന ഒരു നിയമമാണിതെന്നും അദ്ദേഹം പറഞ്ഞു.
“വോട്ട് ചെയ്യുന്നത് നിയമപരമായ അവകാശമാണ്… അതിനാൽ, ആധാർ നിയമം ഈ ബില്ലിന്റെ നിയമനിർമ്മാണ ശേഷിക്ക് അപ്പുറമാണ്. അതിനാൽ, ഈ ബിൽ അവതരിപ്പിക്കുന്നതിനെ ഞങ്ങൾ എതിർക്കുന്നു,” തിവാരി പറഞ്ഞു.
Also Read: പാനമ കേസ്: ഐശ്വര്യ റായിയെ ഇഡി ചോദ്യം ചെയ്തു
എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസിയും ബിൽ അവതരിപ്പിക്കുന്നതിനെ എതിർത്തു.
“ഈ ബിൽ ഈ സഭയുടെ നിയമനിർമാണ ശേഷിക്കു പുറത്തുള്ളതും പുട്ടസ്വാമി കേസിൽ സുപ്രീം കോടതി നിശ്ചയിച്ചിട്ടുള്ള നിയമനിർമ്മാണത്തിന്റെ പരിധി ലംഘിക്കുന്നതുമാണ്. വോട്ടർ ഐഡിയെ ആധാറുമായി ബന്ധിപ്പിക്കുന്നത് പുട്ടസ്വാമി കേസിൽ നിർവചിച്ചിരിക്കുന്ന സ്വകാര്യതയുടെ മൗലികാവകാശത്തെ ലംഘിക്കുന്നു,” ഒവൈസി പറഞ്ഞു.
വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നത് തീർച്ചയായും സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഭരണഘടനയുടെ അനുച്ഛേദം 21 ന്റെ ലംഘനമാണെന്നും ആർ എസ് പി അംഗം എൻകെ പ്രേമചന്ദ്രൻ പറഞ്ഞു.
ആധാർ എന്നത് താമസത്തിനുള്ള തെളിവ് മാത്രമാണെന്ന് കോൺഗ്രസ് അംഗം ശശി തരൂർ പറഞ്ഞു. “അത് പൗരത്വത്തിന്റെ തെളിവല്ല. നമ്മുടെ രാജ്യത്ത് പൗരന്മാർക്ക് മാത്രമേ വോട്ടുചെയ്യാൻ അനുവാദമുള്ളൂ,” തരൂർ പറഞ്ഞു.
ടിഎംസി അംഗം സൗഗത റോയി, ബിഎസ്പി അംഗം റിതേഷ് പാണ്ഡെ എന്നിവരും ബിൽ അവതരണത്തെ എതിർത്തു.
എന്നാൽ, പ്രതിപക്ഷ അംഗങ്ങളുടെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർ സുപ്രീം കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ചുവെന്നും നിയമമന്ത്രി കിരൺ റിജിജു പറഞ്ഞു.
“അവർ ബില്ലിന്റെ ലക്ഷ്യം ശരിയായി മനസ്സിലാക്കിയിട്ടില്ല, അല്ലെങ്കിൽ അവരുടെ വാദം ശരിയല്ല,” ബിൽ അവതരിപ്പിച്ചുകൊണ്ട് റിജിജു പറഞ്ഞു.